യുവാവിനെ ആക്രമിച്ചയാൾ പിടിയിൽ

കരുനാഗപ്പള്ളി: മകന്‍റെ ആക്രമണത്തിൽനിന്ന്​ പിതാവിനെ രക്ഷിച്ചയാളെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ കരുനാഗപ്പള്ളി പൊലീസ്​ അറസ്റ്റ്​ ചെയ്തു. കരുനാഗപ്പള്ളി പാവുമ്പ വടക്ക് മണപ്പള്ളി ഉടയച്ചം വിളയിൽ നാസിഫ് (21) ആണ് പിടിയിലായത്. നാലുവിള ജങ്​ഷനിൽ ചായക്കട നടത്തിവരുന്ന തന്‍റെ പിതാവ്​ നിസാമുദ്ദീനെ പ്രകോപനം ഒന്നുമില്ലാതെ നാസിഫ്​ ആക്രമിക്കുകയായിരുന്നു. ഇത് കണ്ട് സമീപമുണ്ടായിരുന്ന തഴവ സ്വദേശി നവാസ്​ തടസ്സം പിടിക്കുകയും പിതാവിനെ രക്ഷിക്കുകയും ചെയ്തു. തുടർന്ന്​ സുഹൃത്തിന്‍റെ ബൈക്കിൽ കയറി സ്ഥലത്തുനിന്ന്​ പോകാൻ ശ്രമിച്ച നവാസിനെ ഇയാൾ ആക്രമിക്കുകയായിരുന്നു. ചായക്കടയിൽനിന്ന്​ എടുത്ത സ്റ്റീൽ ജഗ് കൊണ്ട് തലക്കടിച്ചു. തലക്ക്​ പരിക്കേറ്റ നവാസ്​ കരുനാഗപ്പള്ളി ഗവ. താലൂക്ക് ആസ്ഥാന ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. സംഭവത്തിനുശേഷം സ്ഥലത്തുനിന്ന്​ രക്ഷപ്പെട്ട നാസിഫിനെ മണപ്പള്ളി ജങ്​ഷനിൽനിന്ന്​ പൊലീസ്​ പിടികൂടുകയായിരുന്നു. ഇയാളെ റിമാൻഡ്​ ചെയ്തു. കരുനാഗപ്പള്ളി ഇൻസ്​പെക്ടർ ജി. ഗോപകുമാറിന്‍റെ നേതൃത്വത്തിൽ എസ്​.ഐമാരായ അലോഷ്യസ്​ അലക്സാണ്ടർ, കെ.എസ്​. ധന്യ, എ.എസ്​.ഐമാരായ ഷാജിമോൻ, നന്ദകുമാർ, നിസാമുദ്ദീൻ എന്നിവരടങ്ങിയ സംഘമാണ് യുവാവിനെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.