മോദി സർക്കാർ ഭരണഘടന റദ്ദാക്കുന്നു- റസാക്ക് പാലേരി

(ചിത്രം) കൊല്ലം: മീഡിയവണിന്‍റെ സംപ്രേഷണ വിലക്കിലൂടെ ഭരണഘടന നൽകിയ അഭിപ്രായ സ്വാതന്ത്ര്യത്തെയാണ് മോദി സർക്കാർ റദ്ദാക്കിയിരിക്കുന്നതെന്ന് വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി റസാക്ക് പാലേരി. മാധ്യമങ്ങളുടെ നാവരിയുന്ന സംഘ് ഭരണകൂട ഭീകരതക്കെതിരെ വെൽഫെയർ പാർട്ടി കൊല്ലം ചിന്നക്കടയിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യപൂർവകാലത്തിനും അടിയന്തരാവസ്ഥക്കും ശേഷം പൗരാവകാശങ്ങളും മീഡിയ സ്വാതന്ത്ര്യവും ഇത്രമേൽ അടിച്ചമർത്തപ്പെട്ട ചരിത്രം ഉണ്ടായിട്ടില്ല. സ്വതന്ത്ര പത്രപ്രവർത്തനത്തിനെതിരായ വെല്ലുവിളിയാണ് മീഡിയവൺ നിരോധനത്തിലൂടെ ഉണ്ടായത്. കോടതികൾ പോലും ഇതിന് കൂട്ടുനിൽക്കുകയാണ്. ഇന്ത്യൻ സ്വാതന്ത്ര്യസമര പോരാട്ടങ്ങൾക്ക് കരുത്തുപകർന്ന പത്രമാധ്യമങ്ങളുടെ നാവരിയുകയെന്നത് ബ്രിട്ടീഷുകാരന്‍റെ രീതിയായിരുന്നു. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ നാവരിഞ്ഞ ബ്രിട്ടീഷുകാരന്‍റെ പാതയാണ് മോദി സർക്കാർ പിന്തുടരുന്നത്. പുറത്താക്കപ്പെട്ട ജനവിഭാഗത്തിന് വേണ്ടിയാണ് മീഡിയവൺ പ്രവർത്തിച്ചുവന്നത്. അത് ആർ.എസ്.എസിനും സംഘ്പരിവാറിനും സഹിക്കാൻ കഴിയില്ല. ബ്രിട്ടീഷുകാരന്റെ ചെരിപ്പ്​ നക്കിയ പാരമ്പര്യമല്ല രാജ്യത്തെ മാധ്യമപ്രവർത്തകർക്കുള്ളതെന്നും അതുകൊണ്ട് നിലപാടുകൾ മാറ്റാൻ അവർക്കാകില്ലെന്നും ഭരണകൂടത്തിന്‍റെ മെഗാ ഫോണുകളായി മാറാൻ കഴിയുന്നവരെ മാത്രമാണ് മോദി സർക്കാറിന് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്‍റ്​ അഡ്വ.സജീബ് അധ്യക്ഷത വഹിച്ചു. അഡ്വ. ബിന്ദുകൃഷ്ണ, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, ഡോ. അശോക് ശങ്കർ, അൻസാറുദീൻ, അഡ്വ.കെ.പി.മുഹമ്മദ്, മൈലക്കാട് ഷാ, കടയ്ക്കൽ ജുനൈദ്, ഷൈലാ കെ. ജോൺ, ജോൺസൺ കണ്ടച്ചിറ, അനീഷ് യൂസുഫ്, ഫാ. എബ്രഹാം ജോസഫ്, തൻസീർ ലത്തീഫ്, സബീന നാസർ, ഷാൻ സംബ്രമം, ഓയൂർ യൂസുഫ്, കബീർ പോരുവഴി, ഇസ്മായിൽ ഖനി, നാസറുദ്ദീൻ കിളികൊല്ലൂർ, കെ. സജീദ്, സലിം മൂലയിൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.