കൊല്ലം: കോവിഡാനന്തര രോഗങ്ങള്‍ കണ്ടെത്തുന്നതിനും തുടര്‍ചികിത്സ ലഭ്യമാക്കുന്നതിനുമായി ജില്ല മെഡിക്കല്‍ ഓഫിസിന്‍റെയും ഹയര്‍സെക്കൻഡറി നാഷനല്‍ സര്‍വിസ് സ്‌കീമിന്‍റെയും നേതൃത്വത്തില്‍ ശലഭങ്ങള്‍ 2.0 എന്ന പേരില്‍ ഗവേഷണ സര്‍വേ നടത്തുമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ബിന്ദു മോഹന്‍. രണ്ടാം തരംഗത്തില്‍ രോഗബാധിതരായവരില്‍ നിന്നാണ് ഗൂഗ്ള്‍ ഫോം വഴി വിവരങ്ങള്‍ ശേഖരിക്കുക. സിംപിള്‍ റാന്‍ഡം സാപ്ലിങ് വഴി 3,000 രോഗികളുടെ ഡേറ്റ വിശകലനം ചെയ്ത് 15 ദിവസത്തിനുള്ളില്‍ പഠനം പൂര്‍ത്തിയാക്കും. എല്ലാ തദ്ദേശസ്ഥാപന പരിധിക്കുള്ളിലും നടത്തുന്ന സാമ്പിള്‍ സര്‍വേ കൂടാതെ ജില്ല സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്, ജില്ല ആശുപത്രി, പുനലൂര്‍ താലൂക്ക് ആശുപത്രി, അഴീക്കല്‍ പി.എച്ച്.സി, നെടുമ്പന സി.എച്ച്.സി എന്നിവിടങ്ങളിലെ പോസ്റ്റ് കോവിഡ് ക്ലിനിക്കിലെ രോഗികളുടെയും വിവരങ്ങളും പഠനത്തിനായി വിനിയോഗിക്കുമെന്നും പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ചികിത്സയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. സ്വരാജ് പുരസ്‌കാരം: ജില്ല പഞ്ചായത്തിന് രണ്ടാം സ്ഥാനം കൊല്ലം: സംസ്ഥാനത്തെ മികച്ച ജില്ല പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി പുരസ്‌കാര നിറവില്‍ ജില്ല പഞ്ചായത്ത്. സ്വരാജ് പുരസ്‌കാരത്തില്‍ രണ്ടാം സ്ഥാനമാണ് ജില്ല പഞ്ചായത്ത് കരസ്ഥമാക്കിയത്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പാക്കിയ പദ്ധതികളാണ് അവാര്‍ഡിനര്‍ഹമാക്കിയത്. 2013-14, 2015-16, 2017-18, 2018-19, 2019-20 ലും മികച്ച ജില്ല പഞ്ചായത്തിനുള്ള സ്വരാജ് േട്രാഫി ലഭിച്ചിരുന്നു. ലോക്ഡൗണ്‍ കാലയളവില്‍ ബൈപാസ് സര്‍ജറി, കീമോ തെറപ്പി, ഡയാലിസിസ് എന്നിവ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് സാമ്പത്തികസഹായം നല്‍കുന്നതിനായി നടപ്പാക്കിയ സാന്ത്വന സ്പര്‍ശം, കര്‍ഷകര്‍ക്ക് വിത്തുകള്‍ സൗജന്യമായി വിതരണം ചെയ്ത ഫാം മിത്ര, ഗ്രൂപ്പുകള്‍ക്ക് സബ്‌സിഡി നിരക്കില്‍ ആടുകളെ വിതരണം ചെയ്ത അജഗ്രാമം, ഓപണ്‍ ജിംനേഷ്യങ്ങള്‍, ചെറുകിട പരമ്പരാഗത വ്യവസായ യൂനിറ്റുകള്‍ക്ക് വിപണന സൗകര്യമൊരുക്കല്‍, മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്, ജില്ലയിലെ ആത്മഹത്യാ നിരക്ക് കുറക്കുന്നതിനായി ഏറ്റെടുത്ത അമൃതംഗമയ തുടങ്ങിയ ജില്ല പഞ്ചായത്ത് പദ്ധതികള്‍ ഏറെ ശ്രദ്ധനേടിയിരുന്നു. പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കിയ സെക്രട്ടറി, നിര്‍വഹണ ഉദ്യോഗസ്ഥര്‍, ജില്ല പഞ്ചായത്ത് ജീവനക്കാര്‍ എന്നിവരെ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സാം കെ. ഡാനിയേല്‍ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.