കുളത്തൂപ്പുഴയിൽ ലഹരി വസ്തുക്കളുടെ വില്‍പന വ്യാപകം

*പരിശോധന ശക്തമാക്കണമെന്നാവശ്യം കുളത്തൂപ്പുഴ: പഞ്ചായത്ത് പ്രദേശത്ത് ഒരിടവേളക്കുശേഷം വീണ്ടും ലഹരി വസ്തുക്കളുടെ വില്‍പന വ്യാപകം. അനധികൃത വിദേശ മദ്യവില്‍പനക്ക് പുറമെ കഞ്ചാവും മയക്കുമരുന്നും വിൽക്കുന്നുണ്ട്​. ആളൊഴിഞ്ഞ വനപാതകളിലടക്കം കൂട്ടം ചേരുന്ന യുവാക്കളും മധ്യവയസ്കരുമാണ് ലഹരി ഉപയോഗിക്കുന്നവരിലേറെയും. മറ്റുള്ളവര്‍ക്ക് തിരിച്ചറിയുന്ന തരത്തിലുള്ള മണമോ മറ്റോ ഇല്ലാത്തതിനാലും ഏറെ നേരം ലഹരി നിലനില്‍ക്കുമെന്നതിനാലും മദ്യപാനത്തേക്കാള്‍ യുവജനങ്ങള്‍ മയക്കുമരുന്നിനെ വലിയതോതിൽ ആശ്രയിക്കുന്നുണ്ട്​. ആവശ്യപ്പെടുന്നവര്‍ക്ക് മദ്യവും മറ്റ്​ ലഹരി വസ്​തുക്കളും എത്തിച്ചുനല്‍കുന്ന സംഘങ്ങളും പ്രദേശത്ത് സജീവമായി പ്രവര്‍ത്തിക്കുന്നുവെന്ന്​ നാട്ടുകാർ പറയുന്നു. സംഘം ചേര്‍ന്ന് ലഹരി ഉപയോഗിച്ച ശേഷം തമ്മില്‍തല്ലും പതിവാവുന്നു. വഴിയാത്രക്കാരെ ആക്രമിക്കുന്ന സംഭവങ്ങളും നിരവധിയാണ്​. പരാതി പറയുന്നവര്‍ക്കെതിരെ അസഭ്യവര്‍ഷവും കൈയേറ്റ ശ്രമവുമുണ്ടായിട്ടുള്ളതിനാല്‍ അധികൃതര്‍ക്ക് വിവരം നല്‍കാനും നാട്ടുകാര്‍ മടിക്കുന്നു. ലഹരി വിൽപനതടയാൻ പൊലീസ്​, എക്​സൈസ്​ പരിശോധനകളും ബോധവത്​കരണ പ്രവർത്തനങ്ങളും ശക്​തമാക്കണമെന്ന ആവശ്യം വ്യാപകമാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.