കോലിഞ്ചിമലയിലെ പാറഖനനം: എല്‍.ഡി.എഫ് നേതൃയോഗം ചേര്‍ന്നു

* വിളക്കുടി പഞ്ചായത്ത്​ മുൻ എൽ.ഡി.എഫ് ഭരണസമിതിയാണ് ഖനനാനുമതി നൽകിയത് കുന്നിക്കോട്: വിളക്കുടി ഗ്രാമപഞ്ചായത്തിലെ കോലിഞ്ചിമല പാറഖനനത്തിന് അനുമതി നല്‍കിയ വിഷയത്തില്‍ കുന്നിക്കോട് എൽ.ഡി.എഫ് നേതൃയോഗം ചേര്‍ന്നു. ജില്ല കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തിലാണ് യോഗം ചേർന്നത്​. കഴിഞ്ഞദിവസം കൂടിയ സി.പി.എം ഏരിയ കമ്മിറ്റി വിഷയം അന്വേഷിക്കാനും റിപ്പോർട്ട് തയാറാക്കാനുമായി മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ എസ്. ജയമോഹന്‍, ജോർജ് മാത്യു, കുന്നിക്കോട് ഏരിയ സെക്രട്ടറി മുഹമ്മദ് അസ്ലം എന്നിവരെ ഉൾപ്പെടുത്തിയാണ് കമ്മിറ്റിയെ നിയോഗിച്ചത്. ഇതിനുപുറമെ സി.പി.ഐയുമായി വിഷയം ചർച്ച ചെയ്യുന്നതിനും ധാരണയുണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് എൽ.ഡി.എഫ് നേതൃയോഗം നടന്നത്​. വിളക്കുടി പഞ്ചായത്ത്​ മുൻ എൽ.ഡി.എഫ് ഭരണസമിതിയാണ് ഖനനാനുമതി നൽകിയത്. വിഷയത്തിൽ മുതിർന്ന നേതാക്കളുടെ ഇടപെടൽ ഉണ്ടോയെന്നും സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ എന്നും അനുമതിക്ക്​ നിയമങ്ങള്‍ പാലിച്ചോയെന്നുമുള്ള കാര്യങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകുന്നതിന് വേണ്ടിയാണ് സമിതി രൂപവത്​​കരിച്ചത്. സമിതിയെ നിയോഗിച്ച കാര്യത്തിലും എല്‍.ഡി.എഫില്‍ ചര്‍ച്ചകള്‍ നടന്നതായാണ് സൂചന. കഴിഞ്ഞദിവസം കൂടിയ വിളക്കുടി പഞ്ചായത്ത് യോഗത്തില്‍ നിലവിൽ പാറഖനനവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സ്റ്റോപ്പ് മെമ്മോ നൽകുവാൻ തീരുമാനിച്ചിരുന്നു. ഇതിനുപുറമെ പഞ്ചായത്ത് ഭരണ-പ്രതിപക്ഷ അംഗങ്ങളെ ഉൾപ്പെടുത്തി മൂന്നംഗ അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സി.പി.എം ജില്ല സെക്രട്ടറി സുദേവന്‍, ജില്ല സെക്രട്ടറിയേറ്റ് അംഗങ്ങളായ എസ്. ജയമോഹൻ, ജോർജ്​ മാത്യു, കെ. രാജഗോപാല്‍, സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗം ജി.ആര്‍. രാജീവന്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.