നാല് വർഷത്തിനുള്ളിൽ നൂറിലധികം മോഷണം; ഒടുവിൽ തിരുവാർപ്പ്​ അജി പിടിയിൽ

കൊല്ലം: നിരവധി മോഷണ കേസുകളിൽ 20 വർഷത്തോളം ജയിൽ ശിക്ഷ അനുഭവിച്ച് നാല് വർഷം മുമ്പ് തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്ന് മോചിതനായ ആൾ വീണ്ടും മോഷണത്തിന്​ പിടിയിൽ. ഈ നാല് വർഷത്തിനിടെ തെക്കൻ കേരളത്തിലെ വിവിധ ജില്ലകളിലായി നൂറോളം മോഷണം നടത്തിയതായി ഇയാൾ പൊലീസിനോട് സമ്മതിച്ചു. ഇതോടെ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത നൂറോളം കേസുകളിലാണ് തെളിവുണ്ടായത്. കോട്ടയം തിരുവാർപ്പ് കാഞ്ഞിരം പോസ്റ്റ് ഓഫിസ്​ പരിധിയിൽ കിളിരൂർക്കര പത്തിൽ വീട്ടിൽ തിരുവാർപ്പ് അജി എന്ന അജയൻ (49) ആണ് പിടിയിലായത്. 19 വയസ്സുമുതൽ നിരന്തരം മോഷണം നടത്തി വന്ന ഇയാളെ ഒടുവിൽ മാവേലിക്കര പൊലീസ്​ പിടികൂടിയാണ്​ വർഷങ്ങൾക്ക്​ മുമ്പ്​ സെൻട്രൽ ജയിലിലടച്ചത്​. ഓടിന് മുകളിലൂടെ ചിലന്തിയെ പോലെ കാൽവിരലും കൈവിരലുകളും ഊന്നി സഞ്ചരിച്ച് ഓടിളക്കി മോഷണം നടത്തുന്നതാണ് രീതി. സ്​കൂളുകൾ, മെഡിക്കൽ ഷോപ്പുകൾ, സ്റ്റേഷനറി കടകൾ, ബേക്കറി കടകൾ എന്നിവിടങ്ങളിലാണ് മോഷണം നടത്തുന്നത്. മോഷ്​ടിച്ച സ്​ഥലത്ത് നിന്ന് കൂടുതൽ തുക ലഭിച്ചാൽ വീണ്ടും അവിടെ മോഷണം നടത്തുന്നത് ഇയാളുടെ പതിവാണ്. പിടിയിലായാൽ, ബന്ധുക്കൾക്ക് കൂട്ടിരിക്കാൻ സമീപമുള്ള ആശുപത്രിയിൽ പോയി മടങ്ങുകയാണെന്ന് ധരിപ്പിച്ച് രക്ഷപ്പെടുകയാണ് ചെയ്യുന്നത്. അയൽ സംസ്​ഥാനത്തേക്ക് കടന്ന് ധൂർത്തടിച്ചതിന് ശേഷം ആവശ്യം വരുമ്പോൾ തിരികെ എത്തി വീണ്ടും മോഷണം നടത്തും. മോഷണത്തിന് ബുധനാഴ്ചകൾ തെരഞ്ഞെടുക്കുന്ന ഇയാളുടെ പതിവാണ് പിടികൂടാൻ സഹായകമായത്. കൊല്ലം സിറ്റി പൊലീസ്​ പരിധിയിലെ കൊല്ലം വെസ്റ്റ്, ഈസ്റ്റ്, ഇരവിപുരം, ശക്തികുളങ്ങര, കരുനാഗപ്പള്ളി, ഓച്ചിറ ​സ്റ്റേഷൻ പരിധികളിൽ ബുധനാഴ്ച ദിവസങ്ങളിൽ ആവർത്തിച്ച സമാന സ്വഭാവമുള്ള മോഷണങ്ങളെ തുടർന്ന് ഇയാളുടെ രേഖാചിത്രം തയാറാക്കി പൊലീസ്​ തെരച്ചിൽ നടത്തിവരികയായിരുന്നു. ചിന്നക്കടയിൽ നിന്നാണ് കൊല്ലം സിറ്റി പൊലീസ്​ കമീഷണർ ടി. നാരായണന്‍റെ നേരിട്ടുള്ള മേൽനോട്ടത്തിൽ രൂപവത്​കരിച്ച പ്രത്യേക അന്വേഷണസംഘം ഇയാളെ പിടികൂടിയത്. കൊല്ലം അസി. കമീഷണർ ജി.ഡി. വിജയകുമാർ, ഡി.സി.ബി അസി. കമീഷണർ സോണി ഉമ്മൻ കോശി, വെസ്റ്റ് ഇൻസ്​പെക്ടർ ബി. ഷെഫീക്ക്, എസ്​.ഐ ശ്യാംകുമാർ, സ്​പെഷൽ ടീം സബ് ഇൻസ്​പെക്ടർ ആർ. ജയകുമാർ, എ.എസ്​.ഐ ബൈജു ജെറോം, എസ്​.സി.പി.ഒമാരായ മനു, സീനു, സജു, രിപൂ, രതീഷ് എന്നിവരാണ്​ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്​. ഇയാളെ റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.