കൃഷിഭവൻ അധികൃതരുടെ അനാസ്ഥ; ഇൻഷുറൻസ് ചെയ്യാത്ത കർഷകർക്ക് നഷ്​ടപരിഹാരമില്ല

പരവൂർ: പൂതക്കുളത്ത് മഴയെത്തുടർന്ന് നെൽകൃഷി നശിച്ച കർഷകർ നഷ്​ടപരിഹാരം കിട്ടാതെ വലയുന്നു. കൃഷി ഇൻഷുർ ചെയ്തില്ലെന്ന കാരണം പറഞ്ഞാണ് ഇവരെ ഒഴിവാക്കുന്നത്. പൂതക്കുളം കൂനംകുളം ഏലായിൽ പഞ്ചായത്തും കൃഷിഭവനും ചേർന്ന് തരിശുനിലങ്ങളിൽ കൃഷിയിറക്കുന്നതിനുള്ള പദ്ധതി നേരത്തെ തയാറാക്കിയിരുന്നു. നെൽകൃഷിയിറക്കുന്ന കർഷകർക്ക് മുൻവർഷം ഹെക്ടറൊന്നിന് 45,000 രൂപയാണ് നൽകിയിരുന്നത്. ഏറ്റെടുത്ത തരിശുനിലത്തിൽ കൃഷി തുടരുന്നതിനായി തുടർച്ചയായി മൂന്നുവർഷവും ഇപ്രകാരം തുക നൽകുമെന്നായിരുന്നു വ്യവസ്​ഥ. കനത്തമഴയിൽ കൃഷിയേറെയും നശിച്ചു. കൃഷി ഇൻഷുർ ചെയ്തില്ലെന്നതാണ് ആനുകൂല്യം നിഷേധിക്കാൻ കാരണമായി പറയുന്നത്. സാധാരണനിലയിൽ ലഭ്യമാകുന്ന സഹായമായ 20,000 രൂപയിൽ താഴെ മാത്രമേ ഹെക്ടറിന് നൽകാൻ കഴിയൂ എന്ന നിലപാടിലാണ് അധികൃതർ. ഇത് കൂലി​െച്ചലവിന്​ തികയില്ലെന്നാണ് കൃഷിക്കാർ പറയുന്നത്. അതേസമയം കഷി ഇൻഷുർ ചെയ്യാൻ പലതവണ തങ്ങൾ കൃഷിഭവനിൽ ചെന്നിരുന്നതായി കൃഷിക്കാർ പറയുന്നു. അപ്പോഴെല്ലാം സാങ്കേതിക കാരണങ്ങൾ പറഞ്ഞ് മടക്കി അയച്ചെന്നാണ് പരാതി. കർഷകർക്ക് സ്വന്തം നിലയിൽ ഇൻഷുർ ചെയ്യാൻ കഴിയില്ലെന്നും ഏല മൊത്തത്തിൽ ഇൻഷുർ ചെയ്യാനേ കഴിയൂ എന്നായിരുന്നെത്ര മറുപടി. അതിനുള്ള നടപടിക്രമങ്ങൾ ചെയ്യാമെന്ന് അറിയിച്ച കൃഷിഭവൻ അധികൃതർ ഇക്കാര്യത്തിൽ അലംഭാവം കാട്ടുകയും കാലതാമസം വരുത്തുകയും ചെയ്തു. ഇൻഷുർ ചെയ്യേണ്ടതിൻെറ തലേദിവസമാണ് പണമടക്കുന്നതിനുള്ള അറിയിപ്പ് തങ്ങൾക്ക് നൽകിയതെന്ന്​ കർഷകർ പറഞ്ഞു. പെട്ടെന്നുള്ള അറിയിപ്പായതിനാൽ പണമടക്കുന്നതിൽ വീഴ്ച വന്നു. കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ഒട്ടേറെ കർഷകർ ജീവിതം തന്നെ വഴിമുട്ടിയ അവസ്​ഥയിലാണ്. ഇക്കാര്യത്തിൽ കൃഷിവകുപ്പും സർക്കാറും അടിയന്തരമായി ഇടപെടണമെന്ന് കൂനംകുളം ഏല വികസനസമിതി അവശ്യപ്പെട്ടു. ലഹരിസംഘങ്ങളെക്കൊണ്ട് പൊറുതിമുട്ടി നാട്ടുകാർ ഇരവിപുരം: പഴയാറ്റിൻകുഴി-ചകിരിക്കട റോഡിൽ താവളമാക്കിയ മയക്കുമരുന്ന് സംഘങ്ങൾ പ്രദേശവാസികൾക്ക് ഭീഷണിയാകുന്നു. ചകിരിക്കട റോഡരികിലുള്ള ഓഡിറ്റോറിയത്തിന് സമീപത്തായി അടച്ചിട്ട കടകൾ കേന്ദ്രമാക്കിയാണ് ഇവരുടെ ഒത്തുചേരൽ. സന്ധ്യ കഴിഞ്ഞാൽ ഇവിടെ ഒത്തുകൂടുന്ന സംഘങ്ങൾ പരിസരവാസികളെ ഭീഷണിപ്പെടുത്തുന്നതും പതിവാണ്. പുറത്തുനിന്നുമെത്തുന്ന സംഘങ്ങളാണ് ഇവിടെ തമ്പടിക്കുന്നത്. പരിസരവാസികളോട് ഇവർ തട്ടിക്കയറുകയും പരാതി നൽകിയാൽ കൊന്നുകളയുമെന്ന ഭീഷണിയും മുഴക്കും. പൊലീസ് എത്തുന്നുണ്ടോ എന്നറിയിക്കാനായി ഇവരുടെ ഏജൻറുമാർ റോഡിൽ പലയിടത്തായി നിലയുറപ്പിച്ചിട്ടുണ്ട്. പൊലീസ് വരുന്നതുകാണുമ്പോൾ ഓടി രക്ഷപ്പെടുകയും പതിവാണ്. പൊലീസിൻെറയും എക്സൈസിൻെറയും അടിയന്തര ശ്രദ്ധ ഇക്കാര്യത്തിലുണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.