കശുവണ്ടി വ്യവസായത്തിൽ യന്ത്രവത്​കരണം അനിവാര്യം -മന്ത്രി പി. രാജീവ്

കാഷ്യു കോർപറേഷനിൽ 535 തൊഴിലാളികൾക്ക് നിയമന ഉത്തരവ് നൽകി കൊല്ലം: കശുവണ്ടി വ്യവസായം തിരിച്ചുപിടിക്കാൻ ഭാഗിക യന്ത്രവത്​കരണം അനിവാര്യമാണെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. കാഷ്യു കോർപറേഷനിലെ അയത്തിൽ ഫാക്ടറിയിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാഗിക യന്ത്രവത്​കരണം വഴി തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടുകയില്ല. പരിപ്പിന്‍റെ ഗുണനിലവാരം നിലനിർത്തി ഉൽപാദന ചെലവ് കുറയ്ക്കുകയാണ് ലക്ഷ്യം. വിദേശത്തും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും ഉൽപാദന ചെലവ് വളരെ കുറവാണ്. അവർ വില കുറച്ച് പരിപ്പ് മാർക്കറ്റിൽ വിൽക്കുന്നു. ഉൽപാദന ചെലവ് കുറഞ്ഞതുമൂലം കേരളത്തിൽനിന്ന് വ്യവസായം മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റാൻ വ്യവസായികൾ തയാറായതും കേരളത്തിൽ കശുവണ്ടി വ്യവസായം പ്രതിസന്ധിയിലാകാൻ കാരണമായെന്നും അദ്ദേഹം പറഞ്ഞു. കാഷ്യു കോർപറേഷനിൽ പുതിയതായി 535 തൊഴിലാളികൾക്കുള്ള നിയമന ഉത്തരവ് മന്ത്രി നൽകി. കശുവണ്ടി പരിപ്പിന്‍റെ ഗുണനിലവാരമനുസരിച്ച് തരംതിരിച്ച് പാക്ക് ചെയ്യാൻ ഫാക്ടറിയിൽ സജ്ജമാക്കിയ പാക്കിങ് മെഷീന്‍റെ സ്വിച്ച് ഓൺ കർമവും നിർവഹിച്ചു. പൊതുമേഖല സ്ഥാപനത്തിൽ ആദ്യമായിട്ടാണ് ഇത്തരം മെഷീൻ സ്ഥാപിക്കുന്നത്. 18 ലക്ഷം രൂപയാണ് മെഷീനായി കോർപറേഷൻ ചെലവഴിച്ചത്. മഹാത്മ ഗാന്ധി യൂനിവേഴ്സിറ്റിയിൽനിന്ന് എം.എസ്​സി കമ്പ്യൂട്ടർ സയൻസിൽ ഒന്നാം റാങ്ക് നേടിയ കോർപറേഷൻ പരുത്തുംപാറ ഫാക്ടറിയിലെ പീലിങ് തൊഴിലാളിയായ ചിന്നമ്മയുടെ മകൾ എയ്ഞ്ചൽ ഫിലിപ്പോസിനുള്ള അനുമോദനവും കാഷ് അവാർഡും മന്ത്രി നൽകി. കോർപറേഷന്‍റെ പരിഷ്കരിച്ച ലോഗോ പ്രകാശനവും നിർവഹിച്ചു. കോർപറേഷൻ ചെയർമാൻ എസ്. ജയമോഹൻ അധ്യക്ഷതവഹിച്ചു. കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ്, കാപെക്സ്​ ചെയർമാൻ എം. ശിവശങ്കരപ്പിള്ള, സി.ഐ.ടി.യു ജില്ല പ്രസിഡന്‍റ് ബി. തുളസീധരക്കുറുപ്പ്, എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി ജി. ബാബു, ഐ.എൻ.ടി.യു.സി സൗത്ത് ഇന്ത്യൻ കാഷ്യു നട്ട് വർക്കേഴ്സ്​ കോൺഗ്രസ്​ പ്രസിഡന്‍റ് ശൂരനാട് എസ്​. ശ്രീകുമാർ, യു.ടി.യു.സി ഓൾ കേരള കാഷ്യുനട്ട് ഫാക്ടറി വർക്കേഴ്സ്​ ഫെഡറേഷൻ ജനറൽ സെക്രട്ടറി സജി ഡി. ആനന്ദ്, അയത്തിൽ ഡിവിഷൻ കൗൺസിലർ ജി. ഉദയകുമാർ, മാനേജിങ് ഡയറക്ടർ ഡോ. രാജേഷ് രാമകൃഷ്ണൻ, പേഴ്സണൽ മാനേജർ എസ്. അജിത് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.