കൊച്ചി: മുളവുകാട്ട് ഒരു കുടുംബത്തിലെ വയോദമ്പതികൾ ഉൾെപ്പടെ മൂന്നുപേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടും ആശുപത്രിയിലെത്തിക്കാൻ വൈകിയെന്ന് ആരോപണം. ശനിയാഴ്ച രോഗം സ്ഥിരീകരിക്കുകയും ഞായറാഴ്ച ഔദ്യോഗിക പ്രഖ്യാപനം നടത്തുകയും ചെയ്ത 87 വയസ്സുള്ള വയോധികനെയും 85 വയസ്സുള്ള ഭാര്യയെയും 12 വയസ്സുള്ള കുട്ടിയെയും ആശുപത്രിയിലെത്തിച്ചത് തിങ്കളാഴ്ചയാണ്. മുളവുകാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിനു മുന്നിൽ തങ്ങൾ നടത്തിയ പ്രതിഷേധത്തിനൊടുവിലാണ് ഇവരെ തിങ്കളാഴ്ച രാവിലെ 11നുശേഷം ആശുപത്രിയിലെത്തിച്ചതെന്ന് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. രോഗികളെ എത്തിക്കാനായി മതിയായ ആരോഗ്യപ്രവർത്തകരില്ലാത്തതിനെ തുടർന്ന് പ്രദേശവാസികൾക്ക് പി.പി.ഇ കിറ്റണിഞ്ഞ് കൂടെ ചെല്ലേണ്ടിയും വന്നു.
നിലവിൽ പ്രായമായവരും കുട്ടികളുമുൾെപ്പടെ ഈ കുടുംബത്തിലുള്ള ആറുപേരും കോവിഡ് രോഗികളാണ്. ആദ്യം രോഗം സ്ഥിരീകരിച്ചത് ദിവസങ്ങൾക്കു മുമ്പ് കോവിഡ് ബാധിച്ച് മരിച്ച തോപ്പുംപടി സ്വദേശിയും എറണാകുളം ടി.ഡി റോഡിലെ വ്യാപാരിയുമായ യൂസഫ് സൈഫുദ്ദീെൻറ സ്ഥാപനത്തിൽ ജോലിചെയ്യുന്ന 45കാരിയാണ്. ജൂലൈ ആറിനാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചത്. പിന്നാലെ എട്ടിന് ഇവരുടെ ഭർത്താവായ 49കാരനും രോഗം സ്ഥിരീകരിച്ചു. പിന്നീട് കുടുംബത്തിൽ വയോദമ്പതികളും 12, 14 വയസ്സുള്ള കുട്ടികളും മാത്രമാണുണ്ടായിരുന്നത്. ഇവരെ കൃത്യമായി ക്വാറൻറീൻ ചെയ്യാനോ വേണ്ട പരിചരണം നൽകാനോ ആരോഗ്യവകുപ്പ് തയാറായില്ലെന്ന് സമരക്കാർ ചൂണ്ടിക്കാട്ടി. ഭാര്യക്കും ഭർത്താവിനും രോഗം സ്ഥിരീകരിച്ചതോടെ കുടുംബത്തിലെ മറ്റുള്ളവരെയും കോവിഡ് പരിശോധനക്ക് വിധേയരാക്കി. തുടർന്നാണ് ശനിയാഴ്ച മൂന്നുപേരുടെ ഫലം പോസിറ്റിവായി വന്നത്. തിങ്കളാഴ്ച രാത്രി 14കാരനും കോവിഡ് സ്ഥിരീകരിച്ചു. ഈ കുട്ടിയെ രാത്രി തന്നെ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്.
എന്നാൽ, രണ്ടാമത് രോഗിയായ ഗൃഹനാഥെൻറ ആവശ്യപ്രകാരമാണ് മറ്റുള്ളവരെ ആശുപത്രിയിലെത്തിക്കാൻ ഒരു ദിവസം കാത്തിരുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. ശനിയാഴ്ച പോസിറ്റിവ് ഫലം വന്നെങ്കിലും തങ്ങൾക്ക് കിട്ടിയത് ഞായറാഴ്ചയാണ്. ശനിയാഴ്ച തന്നെ ഇവരെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ആദ്യഫലത്തിൽ കോവിഡ് നെഗറ്റീവായ 14കാരൻ ഒറ്റക്കാവുമെന്ന് ചൂണ്ടിക്കാട്ടി ഗൃഹനാഥൻ അഭ്യർഥിക്കുകയായിരുന്നു. എന്നാൽ, ഇതിനിടയിൽ നാട്ടുകാർ ആശങ്കയും പ്രതിഷേധവുമായി രംഗത്തെത്തി. ഇതേതുടർന്ന് ഞായറാഴ്ച ഔദ്യോഗിക ഫലം വന്നയുടൻ എത്തിക്കാൻ നടപടി സ്വീകരിച്ചു. ഇത് പരാജയപ്പെട്ടു. തുടർന്ന് തിങ്കളാഴ്ച രാവിലെ കോവിഡ് ടീമിനൊപ്പം ഹെൽത്ത് ഇൻസ്പെക്ടർ, ജെ.എച്ച്.ഐ തുടങ്ങിയവരും ഇവരെ ആശുപത്രിയിലെത്തിക്കാനായി പ്രദേശത്തെത്തി. എന്നാൽ, യുവാക്കളായ സന്നദ്ധ പ്രവർത്തകർ കൂടെ ചെല്ലാമെന്നുപറഞ്ഞ് മുന്നോട്ടുവരികയായിരുന്നുവെന്നും മുളവുകാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ അധികൃതർ വ്യക്തമാക്കി. പ്രതിഷേധത്തിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡൻറ് ആൻറണി ജോസഫ് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.