മരട്: കാട് വെട്ടിത്തെളിക്കുന്ന ജോലികള്‍ ചെയ്യുന്നതിനിടെ വില്ലേജ് ഓഫിസ് ജീവനക്കാരെന്നും പാര്‍ട്ടി പ്രവര്ത്തകരെന്നുമുള്ള വ്യാജേന സ്ഥലത്തെത്തി ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുന്ന സംഘം സജീവമാകുന്നു. ഇത്തരത്തില്‍ കാടുവെട്ടിത്തെളിച്ച് പറമ്പ് ശുചീകരിക്കുന്നതിനിടെ വില്ലേജ് ഓഫിസ് ജീവനക്കാരെന്ന വ്യാജേന സ്ഥലത്തെത്തി പണം ആവശ്യപ്പെട്ടതായി മരട് പൊലീസില്‍ പരാതി നല്കി. കഴിഞ്ഞ നാലിന് ഉച്ചക്ക് 2.30 ഓടെ കണ്ണാടിക്കാട് സ്വകാര്യ സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മണ്ണുമാന്തി ഉപയോഗിച്ച് കാട് വൃത്തിയാക്കുന്നതിനിടെ ജംഷാദ്, അനസ് എന്നു പേരുള്ള രണ്ടുപേര്‍ വരുകയും തങ്ങള്‍ വില്ലേജ് ഓഫിസില്‍നിന്ന് വരുന്നതാണെന്നും പരിസ്ഥിതിലോല പ്രദേശമായതിനാല്‍ ജോലി നിര്‍ത്തിവെക്കണമെന്നും ജോലി തുടരണമെങ്കില്‍ 50,000 രൂപ തരണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, പണം നല്കാന് കഴിയില്ലെന്ന് പറഞ്ഞതോടെ വാക്തര്‍ക്കമായി.
പിന്നീട് വില്ലേജ് ഓഫിസില്‍ വിളിച്ചറിയിക്കുകയും അധികൃതര്‍ സ്ഥലത്തെത്തി പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ പരിസ്ഥിതിലോലമല്ലെന്നും പുരയിടമാണെന്നും വന്നയാളുകള്‍ വില്ലേജ് ഓഫിസ് ജീവനക്കാരല്ലെന്നും വ്യക്തമായി. സിയാക്ക് ഉടൻ സഹോദരന് അന്‍സാറിനെ വിളിച്ചുവരുത്തി. എന്നാല്‍, ഇവരെ കണ്ടതോടെ ഇതേ പ്രശ്നം പറഞ്ഞ് കഴിഞ്ഞ ഒന്നാം തീയതി അന്‍സാറിന്റെ പക്കല്‍നിന്ന് 35,000 രൂപ ഇവര്‍ തന്നെ ഭീഷണിപ്പെടുത്തി വാങ്ങിയതായും മനസ്സിലായി.
ഇവരുമായി വാക്തര്ക്കമുണ്ടായതോടെ ഇരുവരും പരാതിക്കാരെ മര്‍ദിക്കുകയും തുടര്‍ന്ന് അന്‍സാറിനെയും സിയാക്കിനെയും മരടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മരട് പൊലീസ് സ്ഥലത്തെത്തിയിരുന്നു. നെട്ടൂര്‍ സ്വദേശിയായ സനീഷാണ് ഇരുവരെയും സ്ഥലത്തേക്ക് പറഞ്ഞുവിട്ടതെന്ന് സിയാക്കും അന്‍സാറും ആരോപിക്കുന്നു. സംഭവശേഷം ജെംഷാദ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറഞ്ഞു.
ഇത്തരത്തില്‍ പണം നല്കി വഞ്ചിതരായവരും നിരവധിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.