ചെമ്പിരിക്ക ഖാദിയുടെ മരണം: ജനകീയ അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ട് 13ന്

കാസര്‍കോട്: ചെമ്പിരിക്ക-മംഗളൂരു ഖാദി സി.എം. അബ്​ദുല്ല മൗലവിയുടെ മരണം സംബന്ധിച്ച് ജനകീയ ആക്​ഷന്‍ കമ്മിറ്റിയും ഖാദി കുടുംബവും നിയമിച്ച അഡ്വ. പി.എ. പൗര​‍ൻെറ നേതൃത്വത്തിലുള്ള ജനകീയ അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ട്​ ജനുവരി 13ന് കോഴിക്കോട്ട്​ പുറത്തിറക്കുമെന്ന്​ ഭാരവാഹികൾ അറിയിച്ചു. 2019 മാര്‍ച്ച് 12ന് തുടക്കം കുറിച്ച അന്വേഷണത്തി‍ൻെറ ഭാഗമായി 18 സിറ്റിങ്ങുകള്‍ നടത്തി. 56 പേരില്‍നിന്ന് മൊഴിയെടുത്തു. കൂടാതെ ഫോറന്‍സിക് വിദഗ്ധരായ ഡോ. ഷേര്‍ലി വാസു (കോഴിക്കോട്), ഡോ. എം.ആര്‍. ചന്ദ്രന്‍ (തൃശൂര്‍) തുടങ്ങിയവരുമായും കൂടിക്കാഴ്ച നടത്തി. സമസ്തയടക്കമുള്ള വിവിധ സംഘടന നേതാക്കള്‍, സ്ഥാപന ഭാരവാഹികള്‍, നാട്ടുകാര്‍, ബന്ധുക്കള്‍, മുന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ നേരില്‍ക്കണ്ട്​ ചര്‍ച്ച ചെയ്തു. 2010 ഫെബ്രുവരി 15ന് രാവിലെയാണ് ഖാദിയുടെ മൃതദേഹം മേൽപറമ്പ്​ ചെമ്പിരിക്ക കടുക്കകല്ലിന് സമീപം കടലില്‍ പൊങ്ങിയ നിലയില്‍ കണ്ടെത്തിയത്. പല അന്വേഷണ ഏജന്‍സികളും മാറി മാറി അന്വേഷിച്ച കേസില്‍ ഒടുവില്‍ സി.ബി.ഐയുടെ റിപ്പോര്‍ട്ട് എറണാകുളം സി.ജെ.എം കോടതിയുടെ പരിഗണനയിലാണ്. അപകട മരണമാകാമെന്ന നിഗമനം പരിഗണിച്ച് കേസ് അവസാനിപ്പിക്കണമെന്ന സി.ബി.ഐ വാദത്തിനെതിരെ ഖാദിയുടെ മകന്‍ ഷാഫിയും നാട്ടുകാരന്‍ അബ്​ദുല്‍ മജീദും നല്‍കിയ ഹരജികള്‍ കോടതി 22ന് വാദം കേള്‍ക്കും. അഡ്വ. പി.എ. പൗരന് പുറമെ അഡ്വ. രാജേന്ദ്രന്‍, അഡ്വ. എല്‍സി ജോര്‍ജ് എന്നിവരാണ് ജനകീയ അന്വേഷണ കമീഷനിലെ അംഗങ്ങള്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.