വെള്ളച്ചാൽ മോഡൽ റസിഡൻഷ്യൽ സ്കൂളിന് ഹോസ്​റ്റൽ കെട്ടിടമായി

ചെറുവത്തൂർ: പട്ടികജാതി വികസന വകുപ്പിനുകീഴിൽ വെള്ളച്ചാലിൽ പ്രവർത്തിക്കുന്ന ആൺകുട്ടികളുടെ മോഡൽ റസിഡൻഷ്യൽ സ്കൂളിന് ഹോസ്​റ്റൽ കെട്ടിടമായി. കെട്ടിടം ഉദ്ഘാടനം 11ന് ഉച്ചക്ക് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വകുപ്പ് മന്ത്രി എ.കെ. ബാലൻ അധ്യക്ഷത വഹിക്കും. ധനമന്ത്രി തോമസ് ഐസക് മുഖ്യാതിഥിയാകും. വിഡിയോ കോൺഫറൻസ് വഴിയാണ് ഉദ്ഘാടനം നടക്കുന്നത്. തുടർന്ന് ഹോസ്​റ്റലിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് തൃക്കരിപ്പൂർ എം.എൽ.എ എം. രാജഗോപാലൻ ശിലാഫലകം അനാച്ഛാദനം ചെയ്യും. ജനപ്രതിനിധികൾ സംബന്ധിക്കും. 2002ൽ തുടങ്ങിയ വെള്ളച്ചാൽ എം.ആർ.എസിൽ നിലവിൽ 160 വിദ്യാർഥികളുണ്ട്. പത്താം തരം വരെയുള്ള 210 വിദ്യാർഥികൾക്ക് താമസിച്ച് പഠിക്കുന്നതിനുള്ള വിശാലമായ ഹോസ്​റ്റൽ നിലവിലുണ്ട്. 2008 മുതൽ തുടർച്ചയായ 13 വർഷവും പത്താം ക്ലാസിൽ 100 ശതമാനം വിജയം നേടിയെടുത്ത സ്കൂളിൽ അടുത്തവർഷം മുതൽ ഹയർസെക്കൻഡറി തുടങ്ങും. ഹയർ സെക്കൻഡറി വിഭാഗത്തിനുള്ള പ്രത്യേക ഹോസ്​റ്റൽ ബ്ലോക്കാണ് 3.92 കോടി രൂപ ചെലവിൽ 20,505 സ്ക്വയർ ഫീറ്റ് വിശാലതയിൽ മൂന്നുനിലകളോടുകൂടി പട്ടികജാതി വികസന വകുപ്പ് നിർമിച്ചത്. കിഫ്ബി വഴി കേരള കൺസ്ട്രക്​ഷൻ കോർപറേഷൻ 2019ൽ ആരംഭിച്ച പ്രവൃത്തിയാണ് ഇപ്പോൾ പൂർത്തിയായത്. 100 പേർക്ക് ഇവിടെ താമസസൗകര്യമുണ്ട്. ഡൈനിങ് ഹാൾ, പഠന മുറി, റീഡിങ്​ റൂം, സിക്ക്​ റൂം തുടങ്ങി വിപുലമായ സൗകര്യങ്ങളാണ് പുതിയ ഹോസ്​റ്റലിൽ ഒരുക്കിയിട്ടുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.