ജില്ല കളരിപ്പയറ്റ് അസോസിയേഷൻ അനധികൃത മത്സരം നടത്തി കളരി വിദ്യാർഥികളെ വഞ്ചിക്കുന്നു

കാസർകോട്​: അനധികൃത മത്സരം നടത്തി വിദ്യാർഥികളെ ജില്ല കളരിപ്പയറ്റ് അസോസിയേഷൻ വഞ്ചിക്കുകയാണെന്ന്​ കളരി ഗുരുക്കന്മാർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ജില്ല സ്പോർട്​സ്​ കൗൺസിൽ പിരിച്ചുവിടാൻ നിർദേശിച്ച ജില്ല കളരിപ്പയറ്റ് അസോസിയേഷൻ മത്സരത്തിന് സ്പോർട്​സ്​ കൗൺസിലി​ൻെറ അംഗീകാരമുണ്ടെന്ന് കളരി വിദ്യാർഥികളെ തെറ്റിദ്ധരിപ്പിച്ച്​ ജനുവരി 24ന് പരപ്പ എടത്തോട് സബ് ജൂനിയർ വിഭാഗത്തിൽ മത്സരം നടത്തി. ജനുവരി 31ന് ജൂനിയർ, സീനിയർ വിഭാഗത്തിൽ ചെറുവത്തൂർ കണ്ണാടിപ്പാറയിൽ മത്സരം സംഘടിപ്പിക്കാനും തയാറെടുക്കുന്നുണ്ട്​. ജില്ല സ്പോർട്​സ്​ ചാമ്പ്യൻഷിപ്പുകൾ ഒബ്സർവറുടെ കർശന നീരിക്ഷണത്തിലാണ് നടത്തേണ്ടത്. എന്നാൽ, പരപ്പയിൽ നടന്ന മത്സരത്തിന് ഒബ്സർവർ ഇല്ലായിരുന്നു. അനധികൃത മത്സരമാണെന്ന് ജില്ല സ്പോർട്​സ്​ കൗൺസിലും കണ്ടെത്തിയിരുന്നു. ജില്ല സ്പോർട്​സ്​ കൗൺസിലി​ൻെറ അന്വേഷണ കമ്മിറ്റി അംഗങ്ങൾ, ആകെ മൂന്നു കളരികൾ മാത്രമേ പ്രവർത്തിക്കുന്നുള്ളൂവെന്ന് കണ്ടെത്തിയതിനാൽ കളരിപ്പയറ്റ് അസോസിയേഷൻ പിരിച്ചുവിട്ട് പുനഃസംഘടിപ്പിക്കാൻ നിർദേശിച്ചിരുന്നു. ജില്ലയിൽ 26 സജീവ കളരികളും 750ൽപരം കളരി വിദ്യാർഥികളും നിലനിൽക്കുമ്പോളാണ് 60ൽ താഴെ കുട്ടികളെവെച്ച് ജില്ല മത്സരം എന്ന പേരിൽ സംഘടിപ്പിക്കുന്നത്. സ്പോർട്സ്​ കൗൺസിലി​ൻെറ നിരീക്ഷകൻ ഇല്ലാത്തതിനാൽ ജില്ല മത്സരത്തിൽ പങ്കെടുത്ത കുട്ടികൾക്ക് സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കാനുള്ള യോഗ്യതയില്ല. കുട്ടികളെയും രക്ഷിതാക്കളെയും ജനപ്രതിനിധികളെയും തെറ്റിദ്ധരിപ്പിച്ച്​ ജില്ല കളരിപ്പയറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന മത്സരങ്ങൾ തീർത്തും അനധികൃതമാണെന്ന് ജില്ല സ്പോർട്സ്​ കൗൺസിൽ റിപ്പോർട്ടും ചൂണ്ടിക്കാണിക്കുന്നു. വ്യാജരേഖ ചമച്ച് ഫണ്ട് തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് കളരിപ്പയറ്റ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ വിജിലൻസിൽ പരാതി നിലനിൽക്കുമ്പോഴാണ് വീണ്ടും അനധികൃത മത്സരം നടത്താൻ തയാറെടുക്കുന്നതെന്ന്​ ഗുരുക്കന്മാർ ആരോപിച്ചു. പരപ്പയിൽ നടന്ന ജില്ലതല മത്സരത്തിൽ അർഹരായ കളരി വിദ്യാർഥികളെ ഉൾപ്പെടുത്താത്തതിനാൽ അസോസിയേഷൻ ഭാരവാഹികൾക്കെതിരെ സംസ്ഥാന ബാലാവകാശ കമീഷന് പരാതി നൽകിയിരിക്കുകയാണ് കളരി ഗുരുക്കന്മാർ. കളരി ഗുരുക്കന്മാരായ ഡോ. വി.വി. ക്രിസ്​റ്റോ, ടി.വി. സുരേഷ്, കെ.എസ്. ജെയ്സൻ, ജ്യോതിഷ് സെബാസ്​റ്റ്യൻ, കെ. രാജേഷ് എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.