'കോവിഡ്​ രണ്ടാം തരംഗം: രാത്രി ഒമ്പതിനു ശേഷം ഹോട്ടലുകള്‍ തുറക്കരുത്'

കാസർകോട്​: ജില്ലയില്‍ ഒരിടത്തും രാത്രി ഒമ്പതിനുശേഷം ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള കടകളും വൈകീട്ട് ആറിനു ശേഷം തട്ടുകടകളും തുറന്ന് പ്രവര്‍ത്തിക്കരുതെന്ന്​ ജില്ല കലക്​ടര്‍ ഡോ. ഡി. സജിത് ബാബു പറഞ്ഞു. തുറന്നാല്‍ ഉടന്‍ കട പൂട്ടിക്കാനും കര്‍ശന നിയമ നടപടി സ്വീകരിക്കാനും കാഞ്ഞങ്ങാട്, കാസര്‍കോട് ഡിവൈ.എസ്.പിമാരെ യോഗം ചുമതലപ്പെടുത്തി. വിഡിയോ കോണ്‍ഫറന്‍സിങ് വഴി ചേര്‍ന്ന ജില്ലതല കൊറോണ കോർ കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു കലക്​ടര്‍. സംസ്ഥാനത്ത് ഡിസംബര്‍ രണ്ടാം വാരത്തിനുശേഷം കോവിഡ് രണ്ടാം തരംഗത്തിന് സാധ്യതയുണ്ടെന്ന് സംസ്ഥാന സര്‍ക്കാറി​ൻെറ മുന്നറിയിപ്പുണ്ട്. രണ്ടാം തരംഗത്തില്‍ രോഗവ്യാപനത്തി​ൻെറ പ്രധാന ഉറവിടം ഹോട്ടലുകള്‍ ആയിരിക്കുമെന്നാണ് വിദഗ്​ധരുടെ വിലയിരുത്തൽ. ജില്ലയില്‍ കോവിഡ് രോഗപ്രതിരോധത്തില്‍ ജില്ല മെച്ചപ്പെട്ട നിലയിലാണ്. ഇത് തകരാതിരിക്കാന്‍ ജാഗ്രത തുടരേണ്ടത് അനിവാര്യമാണ്. അതിനാല്‍ കോവിഡ് ചട്ടം ലംഘിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ഇന്‍സിഡൻറ്​ കമാൻഡര്‍മാരായ തഹസില്‍ദാര്‍മാര്‍ മുന്നിട്ടിറങ്ങണമെന്ന് കലക്​ടര്‍ അറിയിച്ചു. പൊതു ഇടങ്ങളിലെ കോവിഡ് ചട്ടലംഘനത്തിനെതിരെ യൂനിഫോം തസ്​തികയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് നടപടിയെടുക്കാം. മാഷ് പദ്ധതിയിലെ അധ്യാപകര്‍ക്കും പരിശോധന നടത്തി നടപടി സ്വീകരിക്കാം. ബസില്‍ മാസ്‌ക് ധരിക്കാതെ യാത്ര പാടില്ല കെ.എസ്.ആര്‍.ടി.സി ബസ് ഉള്‍പ്പെടെയുള്ള പൊതു ഗതാഗത സംവിധാനങ്ങളില്‍ മാസ്‌ക് ധരിക്കാതെ യാത്ര ചെയ്യാന്‍ പാടില്ല. മാസ്‌ക് ധരിക്കാതെ യാത്രക്കാരെ കയറ്റിയാല്‍ സ്വകാര്യ വാഹന ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. പൊതുയിടങ്ങളില്‍ കോവിഡ് ചട്ടം ലംഘിച്ചാല്‍, സര്‍ക്കാര്‍ നിശ്ചയിച്ച പുതുക്കിയ പിഴ ഈടാക്കാനും തീരുമാനമായി. പൊതുയിടങ്ങളിലും വാഹനയാത്രക്കിടയിലും വ്യാപകമായി കോവിഡ് ചട്ടങ്ങള്‍ ലംഘിക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. വിവാഹത്തിനും ചടങ്ങുകള്‍ക്കും മുന്‍കൂര്‍ അനുമതി നിര്‍ബന്ധം വിവാഹത്തിനും മറ്റു ചടങ്ങുകള്‍ക്കും അതത് തദ്ദേശഭരണ സ്ഥാപനത്തില്‍ നിന്നുള്ള മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണെന്ന് കലക്​ടര്‍ പറഞ്ഞു. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. വിവാഹം ഉള്‍െപ്പടെയുള്ള ചടങ്ങുകള്‍ക്ക് പരമാവധി 50 പേരെ പങ്കെടുപ്പിക്കാന്‍ മാത്രമേ അനുമതിയുള്ളൂ. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ കോവിഡ് ചട്ടം ഉറപ്പുവരുത്തണം വീടുകയറിയിറങ്ങിയുള്ള തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കിടയിലും പൊതു ഇടങ്ങളിലെ പ്രചാരണങ്ങള്‍ക്കിടയിലും കോവിഡ് ചട്ടങ്ങള്‍ ഉറപ്പുവരുത്തണമെന്ന് കലക്​ടര്‍ പറഞ്ഞു. ഇതില്‍ വീഴ്​ച വരുത്തുന്നവര്‍ക്കെതിരെ കേരള പകര്‍ച്ചവ്യാധി പ്രതിരോധ നിയന്ത്രണ നിയമപ്രകാരം നടപടി സ്വീകരിക്കും. ജില്ലയില്‍ സി.ആര്‍.പി.സി 144 പ്രകാരമുള്ള നിരോധനാജ്ഞ പിന്‍വലിച്ചതിനാലും സെക്​ടറല്‍ മജിസ്‌ട്രേറ്റുമാരെ പിന്‍വലിച്ചതിനാലും അന്തര്‍ സംസ്ഥാന ബസ് സർവീസ് പുനരാംരംഭിച്ചതിനാലും കോവിഡ് രോഗവ്യാപന സാധ്യതയുള്ളതിനാല്‍ നടപടികള്‍ ശക്തമാക്കാന്‍ യോഗം തീരുമാനിച്ചു. ഭക്ഷ്യക്കിറ്റ് കൈപ്പറ്റണം കാസർകോട്​: ഒക്ടോബറിലെ ഭക്ഷ്യക്കിറ്റുകള്‍ ഇനിയും കൈപ്പറ്റാത്ത റേഷന്‍ കാര്‍ഡുടമകള്‍ക്ക് ഈ മാസം അഞ്ചു വരെ കിറ്റ് ലഭ്യമാകും. നവംബറിലെ കിറ്റുകള്‍ മഞ്ഞ (എ.എ.വൈ), പിങ്ക് (പി.എച്ച്.എച്ച്) കാര്‍ഡ് ഉടമകളില്‍ കൈപ്പറ്റാന്‍ ശേഷിക്കുന്നവര്‍ക്കും നീല (എന്‍.പി.എസ്), വെള്ള (എന്‍.പി.എന്‍.എസ്) കാര്‍ഡുടമകള്‍ക്കുമുള്ള ഭക്ഷ്യകിറ്റുകള്‍ റേഷന്‍ കടകളില്‍ വിതരണം നടന്നുവരുന്നതായി കലക്​ടര്‍ പറഞ്ഞു. ഡിസംബറിലെ വിതരണത്തിനുള്ള സൗജന്യ ക്രിസ്​മസ് കിറ്റുകള്‍ റേഷന്‍ കടകളിൽ ലഭ്യമാകുന്ന മുറക്ക്​ ഇ-പോസില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തി വിതരണം അടിയന്തരമായി ആരംഭിക്കുന്നതിന് താലൂക്ക് സപ്ലൈ ഓഫിസര്‍മാര്‍ക്ക് നിർദേശം നല്‍കി. വിഡിയോ കോണ്‍ഫറന്‍സിങ് വഴി ചേര്‍ന്ന യോഗത്തില്‍ കലക്​ടര്‍ അധ്യക്ഷത വഹിച്ചു. ജില്ല പൊലീസ് മേധാവി ഡി. ശില്‍പ, സബ്​കലക്​ടര്‍ ഡി.ആര്‍. മേഘശ്രീ, ഡി.എം.ഒ ഡോ. എ.വി. രാംദാസ്, ജില്ല സപ്ലൈ ഓഫിസര്‍ വി.കെ. ശശിധരന്‍, മറ്റ് കൊറോണ കോര്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.