വിവാഹം കഴിഞ്ഞ ഉടൻ വോട്ട് തേടി ഇർഷാദിറങ്ങി

ചെറുവത്തൂർ: വിവാഹവേദിയിൽനിന്ന്​ ഇർഷാദ് നേരെ പോയത് വോട്ടു തേടി ജനങ്ങൾക്കിടയിലേക്ക്. ചെറുവത്തൂർ പഞ്ചായത്ത് പതിനൊന്നാം വാർഡിലെ മുസ്​ലിം ലീഗ് സ്ഥാനാർഥിയായ എ.സി. ഇർഷാദിന് പത്രികസമർപ്പണത്തിനും വോട്ടഭ്യർഥനക്കും ഇടക്കുള്ള അൽപനേരത്തിലായിരുന്നു ജീവിതത്തിലെ സുപ്രധാന മുഹൂർത്തമായ വിവാഹവും നടന്നത്. ഈ പഞ്ചായത്ത് തെരഞ്ഞടുപ്പ് ജീവിതത്തിൽ എന്നെന്നും ഓർമിക്കാനൊരു അവസരമായിരിക്കുകയാണ് ഈ പയ്യങ്കി സ്വദേശിക്ക്. വ്യാഴാഴ്ച രാവിലെ പത്രിക സമർപ്പണം കഴിഞ്ഞ ഉടനെ ഇർഷാദ് പോയത് കല്യാണമണ്ഡപത്തിലേക്കാണ്. മാവിലക്കടപ്പുറത്തെ മുബീനയുമായുള്ള വിവാഹ ദിവസമായിരുന്നു ഇന്നലെ. നേരത്തെ തീരുമാനിച്ചതാണ് കല്യാണത്തീയതി. ദാമ്പത്യ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന ദിനത്തിൽ വളരെ യാദൃച്ഛികമായിട്ടാണ് പത്രിക സമർപ്പണം എത്തിച്ചേർന്നത്. അതുകൊണ്ടുതന്നെ ജീവിതത്തിൽ എന്നും ഓർമിക്കാനൊരു സന്ദർഭമൊരുങ്ങിയിരിക്കയാണ് പി.എം. പരീക്കുട്ടി-മറിയുമ്മ ദമ്പതികളുടെ മകനും ചാരിറ്റി പ്രവർത്തകനുമായ ഈ യുവാവിന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.