കാൾടെക്സ് ജങ്ഷനിൽ മാഞ്ഞ സീബ്രലൈനിലൂടെ റോഡ് മുറിച്ചുകടക്കുന്നവർ
കണ്ണൂർ: നഗരത്തിലെ പ്രധാന റോഡുകളിൽ സീബ്ര ലൈൻ മാഞ്ഞിട്ട് വർഷം പിന്നിട്ടു. കുതിക്കുന്ന വാഹനങ്ങൾക്കു മുന്നിൽ റോഡ് മുറിച്ചുകടക്കാൻ പാടുപെടുകയാണ് കാൽനട യാത്രക്കാർ. സീബ്രലൈൻ മാഞ്ഞതിനാൽ ഇരുവശത്തും ജീവൻ പണയപ്പെടുത്തിയാണ് വിദ്യാർഥികളുൾപ്പെടെ നൂറുകണക്കിന് പേർ റോഡ് മുറിച്ചു കടക്കുന്നത്. കോർപറേഷൻ പരിധിയിലെ റോഡുകളിൽ സീബ്രലൈനുകൾ അടയാളപ്പെടുത്താൻ 4.66 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയിട്ട് വർഷം പിന്നിട്ടിട്ടും ഒരനക്കവുമില്ല. കോർപറേഷൻ അധികൃതരുമായി ഇക്കാര്യം ചോദിക്കുമ്പോൾ നടപടി ക്രമങ്ങൾ പുരോഗമിക്കുന്നുവെന്ന പതിവ് മറുപടിയാണ് ലഭിക്കുന്നത്.
നഗരത്തിൽ മിക്കയിടത്തും സീബ്രലൈനുകൾ മാഞ്ഞിട്ടുണ്ട്. കാൾടെക്സ് ജങ്ഷൻ, മുനിസിപ്പൽ സ്കൂൾ, കലക്ടറേറ്റ് തുടങ്ങി നഗരത്തിൽ ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന മുഴുവൻ റോഡുകളിലും സീബ്ര ലൈൻ ഇല്ല. ചില റോഡുകളിൽ പേരിനെങ്കിലും പഴയ അടയാളങ്ങൾ ബാക്കിയുണ്ട്. ചിലയിടത്ത് സീബ്ര ലൈൻ ഉണ്ടായിരുന്നതിന് തെളിവൊന്നുമില്ല. റോഡ് മുറിച്ചുകടക്കുന്നതിനെ ചൊല്ലി വാക്കേറ്റവും നടക്കുന്നതായി നഗരത്തിലെ കടയുടമകൾ പറഞ്ഞു.
നിലവാരം കുറഞ്ഞ പെയിന്റ് ഉപയോഗിക്കുന്നതാണ് പെട്ടെന്ന് മായാൻ കാരണം. കാൽനട യാത്രക്കാരുടെ സുരക്ഷക്ക് തിരക്കേറിയ റോഡുകളിൽ സീബ്ര ലൈനുകൾ നിർബന്ധമാണ്. ഇക്കാര്യം ഓർമപ്പെടുത്തി ഗതാഗത വകുപ്പ് ഇടക്കിടെ ഉത്തരവിറക്കാറുണ്ട്. സീബ്രലൈനിൽ കാൽനട യാത്രക്കാർ ഉണ്ടെങ്കിൽ നിർത്താത്ത വാഹനങ്ങൾക്ക് പിഴയിടാനും നിർദേശമുണ്ട്. സീബ്രലൈൻ അടയാളപ്പെടുത്തുന്ന കാര്യത്തിൽ നഗരസഭകൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് മാസങ്ങൾക്കു മുമ്പ് സംസ്ഥാന മനുഷ്യാവകാശ കമീഷൻ കണ്ണൂർ കോർപറേഷൻ സെക്രട്ടറിയോട് നിർദേശിച്ചിരുന്നു.
എസ്റ്റിമേറ്റ് തയാറാക്കി അംഗീകാരത്തിന് സമർപ്പിച്ച വിവരമാണ് ഒരുവർഷം മുമ്പ് കോർപറേഷൻ സെക്രട്ടറി കമീഷന് നൽകിയ മറുപടി. തളിപ്പറമ്പ്-ആലക്കോട് റോഡിലെ പൂവ്വത്ത് കഴിഞ്ഞവർഷം ജനുവരി 24ന് മദർ സുപ്പീരിയർ ബസിടിച്ച് മരിച്ച സംഭവത്തിൽ സ്കൂളിന് മുൻവശത്തുള്ള റോഡിൽ സീബ്ര ക്രോസിങ് ഏർപ്പെടുത്താത്തത് പൊതുമരാമത്ത് വകുപ്പിന്റെ അലംഭാവമാണെന്ന് മനുഷ്യാവകാശ കമീഷൻ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരക്കാർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കണമെന്നും കമീഷൻ ജില്ല പൊലീസ് മേധാവിക്കും ആർ.ടി.ഒക്കും നിർദേശം നൽകി. ഉത്തരവുകളും നിർദേശങ്ങളുമെല്ലാം പലപ്പോഴായി വരുന്നുണ്ടെങ്കിലും ആരുമത് നടപ്പാക്കുന്നില്ലെന്നതാണ് നഗര റോഡുകളുടെ ശാപം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.