വള്ളംകളി കാണാം, ഓണവും കൂടാം; കെ.എസ്.ആർ.ടി.സി റെഡി

കണ്ണൂർ: ഇത്തവണ നെഹ്റു ട്രോഫി വള്ളംകളിയുടെ ആവേശമറിയാൻ കണ്ണൂർ കെ.എസ്.ആർ.ടി.സി അവസരമൊരുക്കുന്നു. കണ്ണൂർ, കാസർകോട് ജില്ലയിലെ വള്ളംകളി പ്രേമികൾക്ക് വള്ളംകളി കാണാനും കായൽ ജലോത്സവത്തിന് പങ്കെടുക്കാനുമാവും. സെപ്റ്റംബർ നാലിനാണ് പുന്നമടക്കായലിൽ നെഹ്റു ട്രോഫി വള്ളംകളി. യാത്രക്കാർക്ക് കെ.എസ്.ആർ.ടി.സി വഴി ടിക്കറ്റ് സഹിതം സീറ്റ് ബുക്ക് ചെയ്യാനും ആവശ്യാനുസരണം ചാർട്ടേഡ് ബസ് ഏർപ്പെടുത്താനും സൗകര്യമുണ്ട്.

റോഡ് കോർണർ, വിക്ടറിലൈൻ എന്നീ ടിക്കറ്റുകളാണ് കെ.എസ്.ആർ.ടി.സി വഴി ലഭ്യമാക്കുക. പ്രതിസന്ധിയിലായ കെ.എസ്.ആർ.ടി.സിയുടെ ടിക്കറ്റിതര വരുമാനം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബജറ്റഡ് ടൂറിസം സെല്ലിന്‍റെ ആഭിമുഖ്യത്തിൽ ഉല്ലാസയാത്രകൾ സംഘടിപ്പിക്കുന്നത്. ഇതുവരെ 50 ലക്ഷത്തോളം രൂപയാണ് ഈയിനത്തിൽ ജില്ലയിൽ വരുമാനമായി ലഭിച്ചത്. സംസ്ഥാനത്ത് 10 മാസംകൊണ്ട് ആറരക്കോടിയും ലഭിച്ചു. ചെറുസംഘമായി യാത്രചെയ്യുന്നവർക്ക് കുറഞ്ഞ ചെലവിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാമെന്നതിനാൽ ഇത്തരം യാത്രകൾക്ക് വലിയ സ്വീകാര്യതയാണ്.

തിരുവോണനാളിൽ കണ്ണൂർ ഡിപ്പോയിൽ നിന്നും തിരുവനന്തപുരത്തേക്ക് ഉല്ലാസയാത്രയും സംഘടിപ്പിക്കുന്നുണ്ട്. ഡബ്ൾ ഡെക്കർ ബസിൽ തലസ്ഥാന നഗരിയിൽ ഒരുദിവസം നഗരക്കാഴ്ചകൾ കാണാനും ചരിത്രപ്രാധാന്യ സ്ഥലങ്ങൾ കാണാനും സാധിക്കും. സെപ്റ്റംബർ ഒമ്പതിന് കുമരകത്ത് ബോട്ടുയാത്രയും ഒരുക്കും.

അതേസമയം ജില്ലയില്‍ കെ.എസ്.ആര്‍.ടി.സിയുടെ രാത്രികാല സർവിസുകള്‍ പുനഃസ്ഥാപിക്കാൻ ജില്ല വികസനസമിതി യോഗത്തിലുണ്ടായ നിർദേശം മലയോരത്ത് അടക്കമുള്ള യാത്രക്കാർക്ക് ആശ്വാസമായി. രാത്രിയില്‍ കണ്ണൂര്‍, തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഇരിട്ടി ഭാഗത്തേക്ക് കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ ആരംഭിക്കാൻ യോഗം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.ഉല്ലാസയാത്ര വിവരങ്ങൾക്കും ബുക്കിങ്ങിനും ഫോൺ: 8089463675, 8589995296.

Tags:    
News Summary - We can see the boat race and celebrate Onam too; KSRTC Ready

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.