ഉദ്ഘാടനത്തിന് ഒരുങ്ങിയ അഴീക്കോട് പഞ്ചായത്തിലെ വിപണന കേന്ദ്രം
അഴീക്കോട്: നിർമാണം പൂർത്തീകരിച്ച് ഒരു വ്യാഴവട്ടക്കാലം പിന്നിട്ട അഴീക്കോട് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള വില്ലേജ് ഹട്ട് വിപണന സമുച്ചയം ഒടുവിൽ ഉദ്ഘാടനത്തിനൊരുങ്ങി. സാങ്കേതിക കാരണത്താൽ ചുവപ്പു നാടയിൽ കുടുങ്ങിയ വില്ലേജ് ഹട്ട് വാടകക്ക് കൊടുത്ത് തുറന്നു പ്രവർത്തിപ്പിക്കാൻ നിരവധി തവണ ശ്രമം നടത്തിയെങ്കിലും സാങ്കേതിക കാരണം പറഞ്ഞ് നീട്ടിക്കൊണ്ടുപോവുകയാണുണ്ടായത്.
മൂന്നു മാസത്തിനകം വിപണന കേന്ദ്രം തുറന്നു പ്രവർത്തിപ്പിക്കാൻ സാധിക്കുമെന്ന് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പഞ്ചായത്ത് പ്രസിഡന്റ് കെ. അജീഷ് പറഞ്ഞതായിരുന്നു. പുതുക്കിയ നിയമാവലി പ്രകാരം കെട്ടിടത്തിലെ മുറികളിൽ സ്വയം സഹായ സംഘങ്ങൾക്കും മറ്റ് തൊഴിൽ സംരംഭകർക്കും മുൻഗണന നൽകിയാണ് വാടകക്ക് നൽകുക. അത്തരക്കാരുടെ അഭാവത്തിൽ മറ്റുള്ളവർക്കും നൽകുമെന്നതായിരുന്നു പുതുക്കിയ നിയമാവലി. അപ്രകാരമുള്ളവരുടെ വാടക ടെൻഡർ കഴിഞ്ഞ ദിവസം അവസാനിച്ചതായി പഞ്ചായത്ത് അധികൃതർ പറഞ്ഞു. പുതിയ തീരുമാന പ്രകാരം കെ.വി. സുമേഷ് എം.എൽ.എ തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും. അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ. അജീഷ് അധ്യക്ഷത വഹിക്കും.
അവകാശത്തർക്കം പാരയായി
വർഷങ്ങൾക്ക് മുമ്പേ നിർമാണം പൂർത്തീകരിച്ചിട്ടും അഴീക്കോട് പഞ്ചായത്തും കണ്ണൂർ ബ്ലോക്ക് പഞ്ചായത്തും തമ്മിലുള്ള അവകാശത്തർക്കത്തിൽ ഒരു പതിറ്റാണ്ടുകാലമാണ് വില്ലേജ് ഹട്ട് വിപണന കേന്ദ്ര സമുച്ചയം പൂട്ടിക്കിടന്നത്. 2009ൽ നിർമാണം തുടങ്ങി 2012ൽ പൂർത്തീകരിച്ചു. 2012 ജൂൺ 16ന് അന്നത്തെ ഗ്രാമവികസന മന്ത്രി കെ.സി. ജോസഫ് കെട്ടിടം ഉദ്ഘാടനം ചെയ്തിരുന്നു. 50 ലക്ഷത്തോളം രൂപ ചെലവിലാണ് അഴീക്കോട് പഞ്ചായത്ത് വിട്ടു നൽകിയ 19.5 സെന്റ് സ്ഥലത്ത് കണ്ണൂർ ബ്ലോക്ക് വിപണനകേന്ദ്രം ഒരുക്കിയത്. ഇതിൽ കേന്ദ്രസർക്കാർ 13 ലക്ഷം, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് 26 ലക്ഷം, അഴിക്കോട് പഞ്ചായത്ത് 10 ലക്ഷം എന്നിങ്ങനെ ചെലവഴിച്ചാണ് 18 കടകളുള്ള വില്ലേജ് ഹട്ട് നിർമിച്ചത്.
അഴീക്കോട് ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തും തമ്മിലുള്ള അവകാശ തർക്കം കാരണമാണ് പ്രവർത്തനം നിലച്ചത്. ഇത് പരിഹരിക്കാൻ 2013ൽ ഗ്രാമവികസന വകുപ്പിന്റെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത യോഗത്തിൽ ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകൾക്ക് തുല്യാവകാശം നൽകാമെന്ന നിർദേശം മുന്നോട്ടുവെച്ചെങ്കിലും അത് നടപ്പായില്ല. തുടർന്ന് 2018ൽ കലക്ടറുടെ നേതൃത്വത്തിൽ വീണ്ടും യോഗം ചേർന്നെങ്കിലും അതും പരാജയപ്പെട്ടു. തുടർന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഏകീകരണം സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളെന്ന ഭേദമില്ലാതെ പ്രവർത്തിക്കണമെന്ന സാഹചര്യവും നിലവിൽവന്നു. ഇതോടെ 2022ലെ പഞ്ചായത്ത് ദിനാചരണത്തിന്റെ ഭാഗമായി ചേർന്ന കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് യോഗത്തിൽ വർഷങ്ങളായി പൂട്ടിക്കിടന്ന വിപണന കേന്ദ്രം തർക്കം മാറ്റി നിർത്തി അഴിക്കോട് പഞ്ചായത്തിന് വിട്ടുകൊടുക്കാൻ ഭരണസമിതി തീരുമാനമെടുത്തിരുന്നുവെന്നാണ് അന്ന് കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജിഷ പറഞ്ഞത്. ഇപ്പോൾ അഴിക്കോട് പഞ്ചായത്ത് കെട്ടിടം നവീകരിക്കാനും വൈദ്യുതി കണക്ഷൻ നേടാനുമായി 15 ലക്ഷത്തോളം രൂപ ചെലവഴിച്ചു. പുതിയ ബൈലോയും ഉണ്ടാക്കിയ ശേഷമാണ് കെട്ടിടം വാടകക്ക് നൽകാൻ ധാരണയായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.