വെള്ളൂർ ദേശീയപാതയിലെ ദുരിതയാത്ര
പയ്യന്നൂർ: മൺസൂൺകാലം മുന്നിൽ കാണാതെ നടത്തിയ നിർമാണ പ്രവൃത്തി മൂലം ജില്ലയിൽ ദേശീയ പാതയിലെ ഗതാഗതം ദുരിതമയം. കല്യാശ്ശേരി മുതൽ കാലിക്കടവു വരെയുള്ള അമ്പത് കിലോമീറ്ററിൽ അര ഡസനിലധികം പ്രദേശങ്ങളിൽ ഗതാഗതം ഇപ്പോൾ തന്നെ ബുദ്ധിമുട്ടിലാണ്. മഴ തുടങ്ങിയ ദിവസം തന്നെ പലയിടത്തും പാത ചളിക്കുളമായി മാറുകയായിരുന്നു.
കെൽട്രോൺ നഗർ മുതൽ ബക്കളം വരെയുള്ള ഭാഗം, പരിയാരം കോരൻപീടിക, പഞ്ചായത്ത്, കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ അലക്യം പാലം, വിളയാങ്കോട് സ്കൂൾ പരിസരം, ചെറുതാഴം ഗ്രാമപഞ്ചായത്തിലെ പിലാത്തറ, ഏഴിലോട്, എടാട്ട്, പയ്യന്നൂർ നഗരസഭയിൽ വെള്ളൂർ, കരിവെള്ളൂർ ഗ്രാമപഞ്ചായത്തിൽ ഓണക്കുന്ന്, കരിവെള്ളൂർ ഭാഗങ്ങളിലാണ് ഗതാഗതം ഒറ്റ ദിവസം കൊണ്ട് ദുഷ്കരമായത്. അടിയന്തര പരിഹാരമില്ലെങ്കിൽ മഴ കനക്കുന്നപക്ഷം ഈ ഭാഗങ്ങളിൽ വാഹനമോടിക്കാനാവില്ലെന്ന് ഡ്രൈവർമാരും നാട്ടുകാരും പറയുന്നു.
അലക്യം തോട്ടിൽ മണ്ണിട്ടതാണ് ആയുർവേദ കോളജ്, മെഡിക്കൽ കോളജ് ഭാഗങ്ങളിലെ പ്രതിസന്ധി. തോട്ടിലൂടെയുള്ള ഒഴുക്ക് തടഞ്ഞതോടെ പാതയിൽ വെള്ളം കയറുന്ന സ്ഥിതിയുണ്ടാവും. വെള്ളൂർ പുഴയിലും സമാന രീതിയാൽ മണ്ണിട്ടു. ഇവിടെ പാലം പണി പൂർത്തിയായില്ല. അതു കൊണ്ട് ഇട്ട മണ്ണ് മാറ്റിയിട്ടില്ല. സമാന സ്ഥിതിയാണ് കുപ്പം പുഴയിലും.
മാസങ്ങൾക്കു മുമ്പ് പുഴയുടെ സ്വാഭാവിക ഒഴുക്ക് തടഞ്ഞ് മണ്ണിട്ട് തൂണു നിർമാണം തുടങ്ങി. എന്നാൽ പൂർത്തിയാക്കാനായില്ല. തൂണുകളുടെ പണി പൂർത്തിയാക്കി മണ്ണ് മാറ്റിയിരുന്നുവെങ്കിൽ ഒരു പരിധി വരെ ദുരിതം കുറക്കാമായിരുന്നു. അശാസ്ത്രീയമായ കുഴിയെടുക്കലും മണ്ണിടലുമാണ് മറ്റ് പ്രദേശങ്ങളിലെ ദുരിതത്തിന് കാരണം. ജില്ലയിൽ ഏറ്റവും കൂടുതൽ ദുരിതം പെയ്യുന്നത് പയ്യന്നൂർ കോത്തായി മുക്കിനും കരിവെള്ളൂരിനടുത്ത പാലത്തരക്കുമിടയിലാണ്.
ഇവിടെ ഇരുചക്ര വാഹനങ്ങളുടെ യാത്ര മഴ തുടങ്ങിയ ശനിയാഴ്ച മുതൽ തന്നെ നിലച്ചു. ബസ് ഉൾപ്പെടെയുള്ള മറ്റ് വാഹനങ്ങൾ ചളിവെള്ളത്തിൽ നീന്തിയാണ് സഞ്ചരിക്കുന്നത്. കാൽനടയാത്ര പൂർണമായും അസാധ്യമായതായി നാട്ടുകാർ പറയുന്നു.
പാത കുളമായതോടെ പാതയോരത്തെ വ്യാപാര സ്ഥാപനങ്ങളും സർക്കാർ ഓഫിസ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളും ദുരിതത്തിലായി. ചെളിക്കുളത്തിൽ മുങ്ങി വേണം സ്ഥാപനത്തിലെത്താൻ. മഴ കനക്കുന്ന പക്ഷം പാത വാഹനാപകടങ്ങൾ കൊണ്ട് കുരുതികളാകാനുള്ള സാധ്യതയുമുണ്ട്.
പ്രാഥമികമായ മുൻകരുതൽ പോലുമില്ലാതെയുള്ള പ്രവൃത്തിയാണ് അപകടം ക്ഷണിച്ചു വരുത്തുന്നത്.
കേരളത്തിന്റെ മൺസൂൺ കാലവർഷത്തെക്കുറിച്ച് ഒരു മുൻധാരണയുമില്ലാത്ത കമ്പനികളും തൊഴിലാളികളുമാണ് നിർമാണം നടത്തുന്നത്. ഇതാണ് ഒറ്റമഴയിൽ തന്നെ ദുരിതപാതയാകാൻ കാരണമായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.