പാപ്പിനിശ്ശേരി: ദേശീയപാതയിൽ വാഹനക്കുരുക്കൊഴിഞ്ഞനേരമില്ല. ഞായറാഴ്ച ഉച്ചക്ക് പിക്അപ് വാൻ തകരാറിലായതിനെ തുടർന്ന് വാഹനക്കുരുക്ക് രൂക്ഷമായി. വളപട്ടണം പാലത്തിനും പഴയങ്ങാടി കവലക്കും ഇടക്കാണ് പിക്അപ് വാൻ ആക്സിൽ ഒടിഞ്ഞ് വഴിമുടക്കിയത്. വളപട്ടണം പൊലീസ് സ്ഥലത്തെത്തി ഖലാസിമാരുടെ സഹായത്തോടെ പിക്അപ് വലിച്ചുനീക്കിയതിനുശേഷമാണ് വാഹനക്കുരുക്കിന് ശമനമായത്. കണ്ണൂർ ഭാഗത്ത് പുതിയതെരുവരെയും തളിപ്പറമ്പ് ഭാഗത്ത് കീച്ചേരിവരെയും കടുത്ത വാഹനക്കുരുക്ക് അനുഭവപ്പെട്ടു.
കീച്ചേരിയിൽ ദേശീയപാത അടിപ്പാതയുടെ പ്രവൃത്തി നടക്കുന്നതിനാൽ ഒറ്റവരിയായി മാത്രമേ വാഹനങ്ങൾ കടന്നുപോകാൻ സൗകര്യമൊരുക്കിയിട്ടുള്ളൂ. അതും ദേശീയ പാതയിലെ പതിവ് കുരുക്കിന് കാരണമാണ്. ഉച്ചമുതലുണ്ടായ വാഹനക്കുരുക്ക് രാത്രിവരെ തുടർന്നു. പുതിയതെരുവിനും പാപ്പിനിശ്ശേരിക്കും ഇടയിൽ ശനിയാഴ്ചയും രൂക്ഷമായ വാഹനക്കുരുക്കിൽ യാത്രക്കാർ വീർപ്പുമുട്ടി.
ശനിയാഴ്ച രാവിലെ മുതൽ ഏറിയും കുറഞ്ഞും തുടർന്ന ഗതാഗതക്കുരുക്ക് വൈകീട്ടോടെ കൂടി. രാത്രിയും വാഹനങ്ങളുടെ നീണ്ടനിരയാണ് ദേശീയപാതയിൽ. വാഹനങ്ങളുടെ നീണ്ടനിര ഒരുഘട്ടത്തിൽ പള്ളിക്കുളംവരെ നീണ്ടു. മിക്ക ബസുകളും സമയത്തിന് ഓടിയെത്താൻ കഴിയാതെ ബുദ്ധിമുട്ടി. ജോലികഴിഞ്ഞ് വീടുകളിലെത്തേണ്ട സ്ത്രീകൾ അടക്കമുള്ളവരാണ് യാത്രാക്കുരുക്കിൽ ഏറ്റവുമധികം വലഞ്ഞത്. ആംബുലൻസുകൾ അടക്കമുള്ളവയും മുന്നോട്ടുപോകാൻ കഴിയാതെ ദീർഘസമയം കുരുക്കിൽ കുടുങ്ങുന്ന സ്ഥിതിയുണ്ടായി. പതിവായുണ്ടാകുന്ന വാഹനക്കുരുക്കിന് ശാശ്വതപരിഹാരം കാണണമെന്നാണ് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെടുന്നത്. എന്നാൽ, അധികാരികൾ മുഖംതിരിഞ്ഞുനിൽക്കുന്ന അവസ്ഥയാണെന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.