കണ്ണൂർ: ദേശീയപാതയിൽ പുതിയതെരു മേഖലയിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് അഴിക്കുന്നതിന് 31 മുതൽ ഫെബ്രുവരി നാലു വരെ അഞ്ചു ദിവസം പരീക്ഷണാടിസ്ഥാനത്തിൽ ഗതാഗത പരിഷ്കാരം നടപ്പാക്കുമെന്ന് ജില്ല കലക്ടർ അരുൺ കെ. വിജയൻ അറിയിച്ചു. കലക്ടറുടെ അധ്യക്ഷതയിൽ കെ.വി. സുമേഷ് എം.എൽ.എയുടെ സാന്നിധ്യത്തിൽ ആർ.ടി.ഒയും പൊലീസും ജനപ്രതിനിധികളും ചേർന്ന യോഗം ചർച്ച ചെയ്താണ് തീരുമാനമെടുത്തത്. ജില്ലയിലെ തന്നെ ഏറ്റവും വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന മേഖലയായ പുതിയതെരുവിലെ പ്രശ്നം പഠിക്കുന്നതിനു വേണ്ടി ജില്ല ഭരണകൂടം ആർ.ടി.ഒയെ നേരത്തെ തന്നെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി എം.എൽ.എയുടെ നേതൃത്വത്തിൽ പുതിയതെരു ടൗണിൽ ആർ.ടി.ഒ, പൊലീസ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ പരിശോധന നടത്തിയിരുന്നു.
വളപട്ടണം പാലം, പാപ്പിനിശ്ശേരി വഴി നടപ്പിലാക്കിയ ഗതാഗത പരിഷ്കാരം വിജയം കണ്ട സാഹചര്യത്തിൽ, പുതിയതെരുവിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് കൂടി ഒഴിവാക്കിയാൽ മാത്രമേ ദേശീയപാതയിലെക്കുരുക്ക് പൂർണമായി അഴിക്കാനാവൂ എന്നതിനാൽ ഈ ഗതാഗത പരിഷ്കാരവുമായി ജനങ്ങൾ പരമാവധി സഹകരിക്കണമെന്ന് കെ.വി. സുമേഷ് എം.എൽ.എയും ജില്ല കലക്ടറും അഭ്യർഥിച്ചു.
പരീക്ഷണാടിസ്ഥാനത്തിൽ നടത്തുന്ന ഗതാഗത പരിഷ്കാരം വിലയിരുത്തി ഇത് തുടരുന്ന കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളും. സൂക്ഷ്മമായ പരിശോധനകൾക്കും പഠനങ്ങൾക്കും ശേഷം ജനങ്ങളിൽനിന്ന് ഉയർന്ന നിർദേശങ്ങൾ കൂടി പരിഗണിച്ചാണ് പരിഷ്കാരത്തിന്റെ രൂപരേഖ തയാറാക്കിയത്. താൽക്കാലിക പരിഷ്കാരം നടപ്പിലാക്കിയ ശേഷം പൊതുജനങ്ങൾക്ക് ആർ.ടി.ഒ, പൊലീസ് എന്നിവർക്ക് അഭിപ്രായങ്ങളും നിർദേശങ്ങളും നൽകാൻ അവസരമുണ്ടാകും. ചിറക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രുതി, വൈസ് പ്രസിഡന്റ് പി. അനിൽകുമാർ, കണ്ണൂർ ആർ.ടി.ഒ ഇ.എസ്. ഉണ്ണികൃഷ്ണൻ, വളപട്ടണം എസ്.എച്ച്.ഒ ടി.പി. സുമേഷ്, എം.വി.ഐ റിജിൻ എന്നിവർ പങ്കെടുത്തു.
കണ്ണൂർ ഭാഗത്തുനിന്ന് മയ്യിൽ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ നേരെ വളപട്ടണം ഹൈവേ ജങ്ഷനിൽ പോയി യു ടേൺ എടുത്ത്, മയ്യിൽ ഭാഗത്തേക്ക് തിരിഞ്ഞുപോകണം.
നിലവിൽ വില്ലേജ് ഓഫിസിന് എതിർവശത്തുള്ള, തളിപ്പറമ്പ്-പഴയങ്ങാടി-അഴീക്കൽ ഭാഗത്തേക്ക് പോകുന്ന ബസ് സ്റ്റോപ്പ് ഹൈവേയിലെ ടെമ്പോ സ്റ്റാൻഡിന്റെ ഭാഗത്തേക്ക് മാറ്റും.
പുതിയതെരുവിൽ നിന്നും മയ്യിൽ ഭാഗത്തേക്ക് നിലവിൽ ഇറക്കത്തിലുള്ള ബസ് സ്റ്റോപ്പ് 50 മീറ്റർ താഴെ, ഡെയ്ലി ഫ്രഷ് സൂപ്പർമാർക്കറ്റ് മുന്നിലേക്ക് മാറ്റും. ഇവിടെ ബസ് സ്റ്റോപ്പ് ബോർഡ് സ്ഥാപിക്കും.
കണ്ണൂരിൽ നിന്നും വരുന്ന ചെറിയ വാഹനങ്ങൾ പുതിയതെരു ജങ്ഷൻ ഒഴിവാക്കി പള്ളിക്കുളം, രാജാസ് ഹൈസ്കൂൾ, കടലായി അമ്പലം വഴി ഹൈവേയിൽ കയറണം.
മയ്യിൽ ഭാഗത്തുനിന്ന് തളിപ്പറമ്പ് ഭാഗത്തേക്ക് പോകുന്ന ബസുകൾ പുതിയതെരു ജങ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ‘യു’ ടേൺ എടുക്കുവാൻ പറ്റുന്ന ഭാഗത്തുനിന്ന് ‘യു’ ടേൺ എടുത്ത് പോകണം.
മയ്യിൽ ഭാഗത്തുനിന്ന് വരുന്ന സ്വകാര്യ വാഹനങ്ങൾ കഴിവതും കൊല്ലറത്തിക്കൽ റോഡ് വഴി ടോൾ ബൂത്തിലേക്ക് കയറണം.
പരിസര പ്രദേശത്തുള്ള ചെറുവാഹനങ്ങൾ കഴിവതും സൗകര്യപ്രദമായ ഉപറോഡുകൾ ഉപയോഗിക്കണം.
കക്കാട് നിന്നും പുതിയതെരു ഭാഗത്തേക്ക് വരുന്ന ബസ് ഒഴികെയുള്ള വാഹനങ്ങൾ സ്റ്റൈലോ കോർണർ വഴി വരാതെ കൊറ്റാളി, പൊടിക്കുണ്ട് വഴി ഹൈവേയിലേക്ക് പ്രവേശിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.