കിടപ്പുമുറിയിൽ ടേപ്പ് റെക്കോ ഡിന് തീപിടിച്ച് അലമാര കത്തിനശിച്ച നിലയിൽ
കണ്ണപുരം: റേഡിയോ ടേപ്പ് റെക്കോഡ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. കണ്ണപുരം യോഗശാലക്ക് സമീപം ചുണ്ടിൽ ചാലിൽ എലിയൻ രാജേഷിന്റെ വീട്ടിലെ കിടപ്പുമുറിയിലെ അലമാറയിൽ സൂക്ഷിച്ചിരുന്ന റേഡിയോ ടേപ്പ് റിക്കാർഡറാണ് പൊട്ടിത്തെറിച്ചത്. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. ചെവ്വാഴ്ച പാർട്ടിപരിപാടിയിൽ പങ്കെടുക്കാൻ കുടുംബവുമായി പോവുകയും ഏഴോടെ തിരിച്ചെത്തി വീട് തുറക്കുമ്പോൾ വീട് നിറയെ കറുത്ത പുകയും തീയുമായിരുന്നു. നാട്ടുകാരെത്തി തീയണക്കുകയായിരുന്നു. കിടപ്പുമുറിയിലെ അലമാരയിലുള്ള വൈദ്യുതിയിൽ പ്രവർത്തിക്കുന്ന റേഡിയോയും മറ്റെല്ലാ രേഖകളും കത്തിച്ചാമ്പലായ നിലയിലാണ്. 14 വർഷമായി പാപ്പിനിശ്ശേരി റൂറൽ സർവിസ് സഹകരണ ബാങ്കിലെ കമീഷൻ ഏജന്റാണ് രാജേഷ്. അലമാരയില്‍ സൂക്ഷിച്ച കലക്ഷൻ തുകയായ 18500 രൂപയും കത്തിനശിച്ചു. തുക ബുധനാഴ്ച ബാങ്കിൽ അടക്കേണ്ടതായിരുന്നു.
സമീപത്തെ വൈദ്യുതി ലൈൻ പൊട്ടിയിരുന്നെന്ന് സമീപവാസികൾ പറഞ്ഞു. അമിത വൈദ്യുത പ്രവാഹമാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമികനിഗമനം. വൈദ്യുതി ലൈൻ പൊട്ടിയതിനെ തുടർന്ന് സമീപത്തെ ഇ.ടി. പ്രശാന്ത്, ഇ.ടി. ശ്രീകാന്ത്, പൊങ്കാരൻ രമേശൻ എന്നിവരുടെ വീട്ടിലെ കമ്പ്യൂട്ടറും മറ്റ് ഇലക്ട്രിക് ഉപകരണങ്ങൾക്കും കേടുപാടുണ്ടായി.
രമേശന്റെ വീടിനും മറ്റുമായി ഒരുലക്ഷം രൂപയുടെ നഷ്ടമുള്ളതായി അദ്ദേഹം പറഞ്ഞു. കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. ഷാജിർ, പഞ്ചായത്ത് പ്രസിഡന്റ് ടി.ടി. ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് സി. നിഷ, കല്യാശേരി വില്ലേജ് ഒാഫിസർ, കല്യാശ്ശേരി പഞ്ചായത്ത് ഓവർസിയർ എന്നിവർ വസതിയിലെത്തി നഷ്ടങ്ങളുടെ കണക്കും മറ്റും പരിശോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.