representational image

ജില്ല ആശുപത്രിയിലെ ഓക്സിജൻ ടാങ്ക് തകരാറിൽ

കണ്ണൂർ: ജില്ല ആശുപത്രിയിൽ കഴിഞ്ഞവർഷം ഉദ്ഘാടനം ചെയ്ത ഓക്സിജൻ പ്ലാന്‍റ് തകരാറിൽ. ലിക്വിഡ് മെഡിക്കൽ ഓക്സിജൻ (എൽ.എം.ഒ) ടാങ്കിന്റെ വാൽവിനാണ് തകരാർ സംഭവിച്ചത്. കോയമ്പത്തൂരിൽനിന്ന് വിദഗ്ധരെത്തിയാൽ മാത്രമെ ടാങ്കിന്റെ തകരാർ പരിഹരിക്കാനാവൂ.

ഓക്സിജൻ പ്ലാന്റ് പണിമുടക്കിയിട്ട് ദിവസങ്ങളായെങ്കിലും പരിഹരിക്കാൻ വിദഗ്ധരെത്തിയിട്ടില്ല. കഴിഞ്ഞ വർഷം ജൂലൈയിലാണ് 6000 ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്ക് ജില്ല ആശുപത്രിയിൽ സ്ഥാപിച്ചത്. കോവിഡ് വ്യാപനത്തെ തുടർന്ന് നിരവധി സിലിണ്ടർ ഓക്സിജനുകൾ ദിനേന ആവശ്യമായി വന്ന സാഹചര്യത്തിലാണ് ജില്ല പഞ്ചായത്തും സന്നദ്ധ സംഘടനയായ കെയര്‍ ഇന്ത്യയും ചേര്‍ന്ന് ഓക്‌സിജന്‍ ടാങ്ക് സ്ഥാപിച്ചത്.

കോവിഡ് രണ്ടാം തരംഗത്തോടെ ഓക്‌സിജന്‍ ലഭ്യതക്കുറവ് നേരിട്ട സാഹചര്യത്തിൽ പ്ലാന്റിന്റെ പ്രവർത്തനം ജില്ലയിലെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടായിരുന്നു. നിലവിൽ കണ്ണൂർ ജില്ല ആശുപത്രിയിൽ വെന്റിലേറ്റർ രോഗികൾക്ക് അടക്കം 33 ജംബോ ഓക്സിജൻ സിലിണ്ടറുകളാണ് ദിനേന ആവശ്യമായിട്ടുള്ളത്.

6,000 ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്ക് തകരാറിലായത് ആശുപത്രി പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, കോവിഡ് പോലെയുള്ള അത്യാവശ്യഘട്ടങ്ങൾ നേരിടാൻ ഓക്സിജൻ ടാങ്ക് കൂടിയേതീരൂ. ജില്ലയിൽ കോവിഡ് കേസുകൾ ഉയർന്ന സാഹചര്യത്തിൽ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ഓക്സിജന്റെ കുറവ് നേരിട്ടിരുന്നു.

ഇതേതുടർന്നാണ് ജില്ല ആശുപത്രിയില്‍ അന്നത്തെ കലക്ടര്‍ ടി.വി. സുഭാഷ് മുന്‍കൈ എടുത്ത് ഓക്‌സിജന്‍ ടാങ്ക് സ്ഥാപിച്ചത്. അന്നത്തെ മന്ത്രി എം.വി. ഗോവിന്ദനാണ് ഉദ്ഘാടനം ചെയ്തത്. പൈപ്പ് വഴിയായിരുന്നു കോവിഡ് വാര്‍ഡുകളിലേക്ക് ഓക്സിജൻ എത്തിച്ചിരുന്നത്. പി.എം കെയര്‍ ഫണ്ടില്‍നിന്ന് അനുവദിച്ച ഓക്സിജൻ പ്ലാന്റ് ജില്ല ആശുപത്രിയില്‍ പ്രവർത്തിക്കുന്നുണ്ട്.

അന്തരീക്ഷ വായുവില്‍നിന്ന് ഓക്‌സിജന്‍ സംസ്‌കരിച്ചാണ് ആധുനിക സംവിധാനങ്ങളോടെ പൈപ്പ് വഴി ഓപറേഷന്‍ തിയറ്ററുകളിലും ഐ.സി.യുകളിലും വാര്‍ഡുകളിലും എത്തിക്കുന്നത്. അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ എൽ.എം.ഒ ടാങ്കിന്റെ തകരാർ പരിഹരിക്കണമെന്നാണ് ആവശ്യം. ദിനേന 2000നും 3000നും ഇടയില്‍ രോഗികള്‍ ആശുപത്രിയിലെ എക്‌സ് റേ വിഭാഗത്തിലെ സൗകര്യക്കുറവും പരിഹരിക്കണമെന്ന് രോഗികളുടെ ആവശ്യത്തിന് നടപടിയായില്ല.

എക്‌സ്‌ റേയും സ്‌കാനിങ്ങും ആവശ്യമായ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ യൂനിറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ച് സൗകര്യമൊരുക്കണമെന്നത് ഏറെ നാളായി ഉയരുന്ന ആവശ്യമാണ്.

Tags:    
News Summary - The oxygen tank in the district hospital was damaged

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.