കണ്ണൂർ: മറുനാടൻ പാൽ പരിശോധിക്കാൻ ക്ഷീരവികസന വകുപ്പിനെ അധികാരപ്പെടുത്താൻ മുഖ്യമന്ത്രിയുടെ നിർദേശമുണ്ടായിട്ടും നിയമവകുപ്പിന്റെ ഉടക്കിൽ ഗുണമേന്മയുള്ള പാൽ കുടിക്കാനാവാതെ മലയാളികൾ. വേണ്ടത്ര പരിശോധനയില്ലാതെയാണ് ഇപ്പോഴും ഇതര സംസ്ഥാനങ്ങളിൽനിന്ന് പാലും പാൽ ഉൽപന്നങ്ങളും എത്തുന്നത്. കടുത്ത വേനലും പ്രകൃതിക്ഷോഭവും കാരണം സംസ്ഥാനത്തെ പാൽ ഉൽപാദനത്തില് ഗണ്യമായ കുറവാണ് ഉണ്ടാകുന്നത്. അതിനാൽ ദിനംപ്രതി 10 ലക്ഷം ലിറ്ററിന് മുകളില് മറുനാടൻ പാലാണ് കേരളത്തിലെത്തുന്നത്.
പരിശോധിക്കാനുള്ള അധികാരം ഉദ്യോഗസ്ഥർക്ക് കൊടുക്കാമെന്ന് കേന്ദ്ര ഭക്ഷ്യസുരക്ഷ നിയമത്തിൽ പറയുന്നുണ്ടെങ്കിലും നടപ്പാകുന്നില്ല. പരിശോധനക്ക് ക്ഷീര വകുപ്പിലെ ജീവനക്കാരെ ഉപയോഗിക്കുമ്പോഴും ഇതിനുള്ള അധികാരം നൽകാത്തത് പ്രഹസനമാവുകയാണ്. നിലവിൽ പാൽ പരിശോധന ക്ഷീരവകുപ്പ് മുഖേന നടത്തുന്നുണ്ടെങ്കിലും അതിനുള്ള അധികാരം സർക്കാർ വകുപ്പിന് നൽകിയിട്ടില്ല. പാൽ, പാലുൽപന്നങ്ങൾ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെ പരിശോധന നടത്തിവരുന്നത് ഭക്ഷ്യസുരക്ഷ വകുപ്പായിരുന്നു. എന്നാൽ, ഈ വകുപ്പിൽ ജീവനക്കാർ കുറവാണ്. ഈ സാഹചര്യത്തിലാണ് പരിശോധനക്ക് ക്ഷീരവകുപ്പിന് അധികാരം നൽകണമെന്ന ആവശ്യം സജീവമായത്. ഇതിന് യോഗ്യരായ ഉദ്യോഗസ്ഥർ കൂടുതലുള്ളത് ക്ഷീരവികസന വകുപ്പിലാണെന്നതാണ് കാരണം. ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥർ എല്ലാ ബ്ലോക്കുകളിലും ഉണ്ട്. ചില ബ്ലോക്കുകളിൽ രണ്ട് ഉദ്യോഗസ്ഥരുണ്ട്.
എന്നാൽ, ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥർ നിയോജക മണ്ഡലം അടിസ്ഥാനത്തിലാണുള്ളത്. ഭക്ഷ്യസുരക്ഷ നിയമം അനുസരിച്ച് ക്ഷീര വികസന വകുപ്പിലെ ക്വാളിറ്റി കൺേട്രാൾ ഓഫിസർമാർ, ജില്ല ഡെപ്യൂട്ടി ഡയറക്ടർമാർ, ചെക്ക്പോസ്റ്റുകളിലെ ക്ഷീരവികസന ഓഫിസർമാർ എന്നിവർക്ക് പാൽ, പാലുൽപന്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട അധികാരങ്ങൾ നൽകുന്നത് സംബന്ധിച്ച് ഉമ്മൻ ചാണ്ടി സർക്കാർ തീരുമാനമെടുത്തിരുന്നെങ്കിലും ഉത്തരവിറങ്ങുന്നതിനു മുമ്പ് സർക്കാർ മാറി.
പാൽ പരിശോധനക്ക് ക്ഷീരവികസന വകുപ്പിനെ അധികാരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ജൂലൈയിലാണ് നിയമ വകുപ്പിന് നിർദേശം നൽകിയത്. ക്ഷീര വികസന വകുപ്പിൽ യോഗ്യരായ ഉദ്യോഗസ്ഥർക്ക് പരിശോധന അധികാരം നൽകാൻ കഴിയുമോയെന്ന് പരിശോധിച്ച് തീരുമാനമെടുക്കാനുമായിരുന്നു നിർദേശം. എന്നാൽ, ആറുമാസമായിട്ടും നിയമവകുപ്പ് ഇക്കാര്യത്തിൽ തീരുമാനമെടുത്തില്ല.
1992ലെ മിൽക്ക് ആൻഡ് മിൽക്ക് ഓർഡർ പ്രകാരം പാലിന്റെയും പാലുൽപന്നങ്ങളുടെയും ഗുണനിയന്ത്രണാധികാരം ക്ഷീരവികസന വകുപ്പിലെ സാങ്കേതിക ഉദ്യോഗസ്ഥരാണ് കൈകാര്യം ചെയ്തിരുന്നത്. 2006 ഭക്ഷ്യ സുരക്ഷ നിയമം വന്നതോടെ പാൽ പരിശോധിക്കുന്നതിനുള്ള അധികാരം വകുപ്പിന് നഷ്ടമായി.
ക്ഷീരവികസന വകുപ്പിന്റെ പ്ലാൻ പദ്ധതിയിൽ ഉൾപ്പെടുത്തി ഓണക്കാലത്ത് പ്രധാന ചെക്ക്പോസ്റ്റുകളിൽ താൽക്കാലിക പരിശോധന എല്ലാ വർഷവും ഏർപ്പെടുത്താറുണ്ട്. ഇതിലൂടെ കണ്ടെത്തുന്ന ഗുണനിലവാരം കുറഞ്ഞ പാലും പാലുൽപന്നങ്ങളും സംബന്ധിച്ച തുടർനടപടികൾ ഭക്ഷ്യസുരക്ഷ വകുപ്പ് മുഖേനയാണ് സ്വീകരിക്കുന്നത്.
ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ അടുത്തകാലത്ത് ക്ഷീരവികസന വകുപ്പ് നടത്തിയ പരിശോധനയിൽ പാലിൽ ഹൈഡ്രജൻ പെറോക്സൈഡ് സാന്നിധ്യം കണ്ടെത്തിയിരുന്നു. അതേ സാമ്പിളിൽ ആരോഗ്യവകുപ്പിന്റെ പരിശോധനയിൽ ഈ കെമിക്കൽ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞില്ല. രണ്ടാമത്തെ പരിശോധനയിൽ വന്ന കാലതാമസമാണ് കാരണം. കാലതാമസം വന്നാൽ ഹൈഡ്രജൻ പെറോക്സൈഡ് ബാഷ്പീകരിച്ച് നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്.
ചെക്ക് പോസ്റ്റുകളിൽ ക്ഷീരവികസന വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കുകൂടി പാൽ പരിശോധിക്കാനുള്ള അധികാരം നൽകണമെന്ന ആവശ്യം ശക്തമാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.