പട്ടും വളയും പണിക്കർ സ്ഥാനവും
സ്വീകരിച്ച ശേഷം കോലധാരികളായ
ചിറക്കൽ അഭിരാം പണിക്കരും പുഴാതി സന്തോഷ് പണിക്കരും കോലത്തിരി വലിയ
രാജ ചിറക്കൽ ഉത്രട്ടാതി തിരുനാൾ സി.കെ. രാമവർമക്കൊപ്പം മന്ത്രശാല വണക്കത്തിന്
പുറപ്പെടുന്നു
ചിറക്കൽ: 45 വർഷത്തിനു ശേഷം കഴിഞ്ഞ ഏപ്രിലിൽ നടന്ന ചിറക്കൽ കോവിലകം ചാമുണ്ഡി കോട്ടം പെരുംകളിയാട്ടത്തിൽ അഗ്നി തെയ്യങ്ങൾ കെട്ടിയാടിയ കോലധാരികൾക്ക് പട്ടും വളയും പണിക്കർ സ്ഥാനവും നൽകി ചിറക്കൽ കോലത്തിരി വലിയ രാജ ആദരിച്ചു.
വിഷ്ണുമൂർത്തിയുടെ അഗ്നിക്കോലമായ തീച്ചാമുണ്ഡി കെട്ടിയാടിയ കോലപ്പെരുമലയ സ്ഥാനി കുടുംബത്തിലെ ചിറക്കൽ തട്ടകംജന്മാരി മുരളി പണിക്കർ മകൻ ചിറക്കൽ രാജാസ് ഹൈസ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥി അഭിരാമിനും അഗ്നി ഘണ്ടാകർണൻ കോലധാരി പുഴാതി തട്ടകം സ്ഥാനിയായിരുന്ന കൃഷ്ണൻ പെരുമലയൻ മകൻ സന്തോഷിനുമാണ് പട്ടും വളയും പണിക്കർ സ്ഥാനവും നൽകി ഞായറാഴ്ച രാവിലെ കോലത്തിരി വലിയ രാജ ചിറക്കൽ ഉത്രട്ടാതി തിരുനാൾ സി.കെ. രാമവർമ ആചാരപ്പെടുത്തിയത്. പട്ടും വളയും സമ്മാനിച്ച ശേഷം മൂന്നുതവണ കോലധാരിയുടെ പേരിനൊപ്പം ‘പണിക്കർ’ എന്ന ആചാര നാമം വലിയരാജ വിളിച്ചപ്പോൾ ഭക്ത ജനക്കൂട്ടം അത് ഏറ്റുചൊല്ലി.
പുഴാതിപ്പെരുമലയ സ്ഥാനികൻ എ.വി. കുഞ്ഞിരാമപെരുമലയൻ, നൂഞ്ഞേരി സ്ഥാനികൻ നൂഞ്ഞേരി രഞ്ജിത് മുതൂടൻ, നാറാത്ത് ബാലകൃഷ്ണ പെരുമലയൻ, കൊളച്ചേരി രാമൻ പണിക്കർ, അഴീക്കോട് സന്തോഷ് പണിക്കർ, കൊറ്റാളി എ.വി. ശ്രീകുമാർ പണിക്കർ തുടങ്ങി വിവിധ തട്ടകങ്ങളിലെ തെയ്യ സ്ഥാനികരും കോലധാരികളും കർമികളും തെയ്യ ആചാരപ്രകാരം ഇരുവരേയും അനുഗ്രഹിച്ചു. അനുമോദന സമ്മേളനം കെ.വി. സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചിറക്കൽ കോലത്തിരി വലിയ രാജ ഉത്രട്ടാതി തിരുനാൾ സി.കെ. രാമവർമ അധ്യക്ഷത വഹിച്ചു. സ്വാമി ഹനുമദ് സ്വരൂപാനന്ദ അനുഗ്രഹ ഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.