തലശ്ശേരി: നഗരത്തിൽ ജൂബിലി റോഡിലെ പണിതീരാത്ത കെട്ടിടത്തിന്റെ ലിഫ്റ്റ് കുഴിയിൽ കണ്ടെത്തിയ അസ്ഥികൂടം കാണാതായ തമിഴ്നാട് സേലം സ്വദേശിനി ധനകോടി (73)യുടേതാണെന്ന് സൂചന. സംഭവവുമായി ബന്ധപ്പെട്ട് ധനകോടിയുടെ ഭർത്താവ് അമ്പായിരം (77) പൊലീസ് കസ്റ്റഡിയിൽ.
വെള്ളിയാഴ്ച വൈകീട്ടാണ് പഴയ കെട്ടിടത്തിന്റെ ലിഫ്റ്റ് കുഴിയിൽ തലയോട്ടി കണ്ടെത്തിയത്. ശനിയാഴ്ച ഉന്നത ഉദ്യോഗസ്ഥരും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ അസ്ഥികൂടത്തിന്റെ മുഴുവൻ ഭാഗങ്ങളും കണ്ടെടുത്തു. ആറ് മാസത്തോളം പഴക്കമുള്ളതാണ് അസ്ഥികൂടമെന്നാണ് പ്രാഥമിക നിഗമനം.
വർഷങ്ങളായി ആക്രി പെറുക്കി വിൽപന നടത്തുന്നവരാണ് അമ്പായിരവും ധനകോടിയും. ആറ് മാസമായി ധനകോടിയെ കാണാതായിട്ട്. അമ്മയെക്കുറിച്ച് മക്കൾ അന്വേഷിക്കുമ്പോഴെല്ലാം സേലത്തേക്ക് ട്രെയിൻ കയറ്റിവിട്ടു, നാട്ടിൽപോയി എന്നൊക്കെയാണ് പിതാവിന്റെ മറുപടി. വെള്ളിയാഴ്ച മക്കൾ ചോദ്യം ചെയ്തപ്പോഴാണ് ധനകോടി തലശ്ശേരിയിലെ കെട്ടിടത്തിലുണ്ടെന്ന നിർണായക വിവരം ഇയാൾ വെളിപ്പെടുത്തിയത്. ഉടൻ മക്കൾ അമ്പായിരത്തെയും കൂട്ടി സ്ഥലത്തെത്തുകയും ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പിടികൂടി പൊലീസിൽ അറിയിക്കുകയുമായിരുന്നു.
സിറ്റി പൊലീസ് കമീഷണർ പി. നിധിൻ രാജ്, തലശ്ശേരി എ.എസ്.പി പി.ബി. കിരൺ, സി.ഐ ഇ.കെ. ബിജു പ്രകാശ്, എസ്.ഐമാരായ പി.പി. ഷമിൽ, കെ. അശ്വതി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. ധനകോടി ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും മറ്റും ഇവിടെനിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇത് അമ്മയുടെതാണെന്ന് മക്കൾ തിരിച്ചറിഞ്ഞു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്. മൃതദേഹം തിരിച്ചറിയുന്നതിനും മരണകാരണം ഉറപ്പിക്കുന്നതിനുമായി കൂടുതൽ ശാസ്ത്രീയ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.