തലശ്ശേരി: വീട്ടിൽ അതിക്രമിച്ചു കയറി യുവതിയോടും നാലരവയസ്സുള്ള കൊച്ചുമകളോടും ലൈംഗികാതിക്രമം നടത്തിയതിന് മൂന്ന് പ്രതികളെ കോടതി ശിക്ഷിച്ചു. ഒന്ന് മുതൽ മൂന്ന് വരെ പ്രതികളായ മാഹി പാറക്കൽ പൂഴിയിൽ ഹൗസിൽ പി. ഷഫീർ (35), മാഹി പാറക്കൽ പൂഴിയിൽ ഹൗസിൽ പി. പ്രദീഷ് (38), തലശ്ശേരി പിലാക്കൂൽ പാലോളി വളപ്പ് തോട്ടത്തിൽ പുതിയ പുരയിൽ ഹൗസിൽ ഫുഹാദ് സെനിൻ (28) എന്നിവരെയാണ് തലശ്ശേരി അതിവേഗ കോടതി (പോക്സോ) ജഡ്ജ് വി. ശ്രീജ ശിക്ഷിച്ചത്.
ഒന്നാംപ്രതി പി. ഷഫീറിന് 11 വർഷം കഠിന തടവും 90,000 രൂപ പിഴയുമാണ് ശിക്ഷ. രണ്ടും മൂന്നും പ്രതികളായ പി. പ്രദീഷ്, ഫുഹാദ് സെനിൻ എന്നിവരെ 50,000 രൂപ ബോണ്ടിൽ ഒരു വർഷത്തേക്ക് നല്ല നടപ്പിനും ശിക്ഷിച്ചു. ഈ കാലയളവിൽ സമാനമായ കുറ്റകൃത്യങ്ങളിലോ, മറ്റേതെങ്കിലും കുറ്റകൃത്യത്തിലോ ഉൾപ്പെടാതിരിക്കാനും, മാസത്തിലെ അവസാന തിങ്കളാഴ്ച ജില്ല പ്രൊബേഷൻ ഓഫിസർ മുമ്പാകെ ഹാജരാകാനും മാസത്തിൽ ഒരാഴ്ച സാമൂഹിക സേവനം നടത്തുന്നതിനും ഈ വ്യവസ്ഥകളിൽ ഏതെങ്കിലും ലംഘിച്ചാൽ ജാമ്യം റദ്ദാക്കുന്നതാണെന്നും കോടതി വിധിന്യായത്തിൽ വ്യക്തമാക്കി.
2020 ജനുവരി 26ന് മൂന്നരക്ക് ചൊക്ലി ഒളവിലത്ത് പരാതിക്കാരിയും കുടുംബവും താമസിക്കുന്ന വീട്ടിൽ പ്രതികൾ അതിക്രമിച്ചു കടന്ന് പരാതിക്കാരിയോടും നാലരവയസ്സുള്ള കൊച്ചുമകളോടും ലൈംഗിക അതിക്രമം നടത്തിയെന്നാണ് ചൊക്ലി പൊലീസ് രജിസ്റ്റർ ചെയ്ത കേസ്. ചൊക്ലി പൊലീസ് സബ് ഇൻസ്പെക്ടർ കെ. സുഭാഷ് ബാബുവാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി.എം. ഭാസുരി ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.