തലശ്ശേരി-മാഹി ബൈപാസിലെ തകർന്ന പാലം പ്രതിപക്ഷ നേതാവ് രാമേശ് ചെന്നിത്തല സന്ദർശിക്കുന്നു

തലശ്ശേരി -മാഹി ബൈപാസ് പാലം തകർന്നത് ഹൈകോടതി അന്വേഷിക്കണം –രമേശ് ചെന്നിത്തല

തലശ്ശേരി: തലശ്ശേരി-മാഹി ബൈപാസിനായി നിട്ടൂർ ബാലത്തിൽ നിർമിക്കുന്ന പാലത്തി‍െൻറ നാല് ബീമുകൾ പുഴയിൽ തകർന്നുവീണ സംഭവം ഹൈകോടതി നേരിട്ട് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മറ്റ് അന്വേഷണങ്ങളിൽ തങ്ങൾക്ക് വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു. തകർന്ന പാലം സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര വിജിലൻസ് കമീഷന് ഉടൻ പരാതി നൽകും. പാലം തകർന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് തുല്യ ഉത്തരവാദിത്വത്തമുണ്ട്. നിർമാണത്തിൽ ക്രമക്കേടും അഴിമതിയും നടന്നിട്ടുണ്ട്. കഴിഞ്ഞദിവസം നിയമസഭയിൽ തലശ്ശേരി-മാഹി ബൈപാസ് ഡിസംബറിൽ തുറന്നുകൊടുക്കുമെന്നും സർക്കാറി‍െൻറ സ്വപ്ന പദ്ധതിയാണെന്നും പറഞ്ഞ മുഖ്യമന്ത്രി, പാലം തകർന്നപ്പോൾ കേന്ദ്രത്തിനുമേൽ പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കുകയാണ്.

പാലത്തിന് ആവശ്യമായ സ്ഥലം മാത്രമാണ് സംസ്ഥാന സർക്കാർ ഏറ്റെടുത്ത് കൊടുത്തതെന്നും നിർമാണം കേന്ദ്ര സർക്കാറാണെന്നുമാണ് മുഖ്യമന്ത്രി ഇപ്പോൾ പറയുന്നത്. നേട്ടം വരുമ്പോൾ സംസ്ഥാനവും കോട്ടം വരുമ്പോൾ കേന്ദ്രത്തിനെയും പഴിചാരുന്നത് ശരിയല്ല. നിർമാണപ്രവൃത്തിയുടെ ചുമതല സംസ്ഥാന സർക്കാറിനാണ്.

അതിനായി ഐ.എ.എസ് ഉദ്യോഗസ്ഥൻ നോഡൽ ഓഫിസറായ കമ്മിറ്റിയും ഉണ്ട്. ഇവരാണ് പ്രവൃത്തികൾക്ക് നേതൃത്വം നൽകുന്നതെന്നും ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീർ, എം.പിമാരായ കെ. മുരളീധരൻ, കെ. സുധാകരൻ, എം.കെ. രാഘവൻ, എം.എൽ.എമാരായ കെ.എം. ഷാജി, അഡ്വ. സണ്ണി ജോസഫ്, ഡി.സി.സി പ്രസിഡൻറുമാരായ സതീശൻ പാച്ചേനി, ടി. സിദ്ദീഖ്, മുസ്​ലിംലീഗ് നേതാക്കളായ അബ്​ദുൽ കരീം ചേലേരി, അഡ്വ. പി.വി. സൈനുദ്ദീൻ, അഡ്വ. കെ.എ. ലത്തീഫ്, എം.പി. താഹിർ, കെ.പി. താഹിർ, എ.കെ. ആബൂട്ടി ഹാജി, ഷാനിദ് മേക്കുന്ന് എന്നിവരും ചെന്നിത്തലക്കൊപ്പമുണ്ടായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.