തളിപ്പറമ്പ്: ആന്തൂർ നഗരസഭയിൽ അഞ്ചാംപീടിക(26) വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥിയെ സി.പി.എമ്മുകാർ ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി കോൺഗ്രസ്. പട്ടികജാതി സംവരണ വാർഡായ ഇവിടെ യു.ഡി.എഫ് സ്ഥാനാർഥിയായി പത്രിക നൽകിയ വെള്ളിക്കിൽ മുതുവാനിയിലെ ദിവ്യയെ ഭീഷണിപ്പെടുത്തി സ്ഥാനാർഥിത്വം പിൻവലിക്കാൻ ശ്രമിക്കുന്നുവെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. ഇവരുടെ സ്ഥാനാർഥിത്വം പിൻവലിക്കുന്നതായി എഴുതി വാങ്ങിക്കുകയും ഇവരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായും കോൺഗ്രസ് നേതൃത്വം പറഞ്ഞു. ശനിയാഴ്ച രാവിലെ പത്രിക സൂക്ഷ്മ പരിശോധന വേളയിൽ ഈ സ്ഥാനാർഥിയുമായി സി.പി.എമ്മുകാരാണ് എത്തിയതെന്നും കോൺഗ്രസുകാർ പറഞ്ഞു.
അതേസമയം, സംഭവമറിഞ്ഞ് ദിവ്യയുടെ വീട്ടിലെത്തിയ തളിപ്പറമ്പ് എസ്.ഐയോട് തന്നെ ആരും ഭീഷണിപ്പെടുത്തുകയോ ആരുടേയും കസ്റ്റഡിയിലല്ലെന്നും ദിവ്യ പറഞ്ഞിരുന്നു. സൂക്ഷ്മ പരിശോധന വേളയിൽ നാല് വാർഡുകളിലെ യു.ഡി.എഫ് പത്രികകൾ തള്ളിക്കാൻ സി.പി.എം ശ്രമിച്ചെങ്കിലും വിദഗ്ധ പരിശോധനക്കായി തിങ്കളാഴ്ചത്തേക്ക് മാറ്റി. കോൾമൊട്ട, കോടലൂർ, തളിവയൽ, തളിയിൽ എന്നിവിടങ്ങളിലെ പത്രികകളാണ് തള്ളാൻ ആക്ഷേപമുന്നയിച്ചത്. ഇവിടത്തെ സ്ഥാനാർഥികളെ പിന്താങ്ങിയവരുടെ ഒപ്പുകൾ വ്യാജമാണെന്നാണ് സി.പി.എം ആരോപണം. മുസ്‌ലിം ലീഗിന്റെയും കോൺഗ്രസിന്റെയും രണ്ട് വീതം സ്ഥാനാർഥികളാണ് ഈ വാർഡുകളിൽ മത്സരിക്കുന്നത്.
ഇരിട്ടി: എസ്.ഐ.ആർ ഡ്യൂട്ടിക്കിടെ ബി.എൽ.ഒയെയും സഹായിയെയും വഴിയിൽ തടഞ്ഞു മർദിച്ചതായി പരാതി. ബി.എൽ.ഒ ആറളം കീച്ചേരി സ്വദേശി പി.എ. അജയ് (26), സഹായി പി.സി. സുബിൻ (25) എന്നിവരെയാണ് മർദിച്ചത്. ഇവർ ഇതുസംബന്ധിച്ച് ആറളം പൊലീസിൽ പരാതി നൽകി. വെള്ളിയാഴ്ച ഉച്ചക്ക് 1.30ന് ആറളം കല്ലറയിൽ വെച്ചായിരുന്നു സംഭവം. ഉച്ചക്ക് രണ്ടിന് പന്നിമൂലയിൽ നടക്കുന്ന എസ്.ഐ.ആറുമായി ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെയായിരുന്നു ആക്രമം.
ബി.എൽ.ഒ ആണെന്നും ഡ്യൂട്ടിയുടെ ഭാഗമായി പോവുകയാണെന്നും പറഞ്ഞെങ്കിലും അസഭ്യം പറയുകയും മുഖത്തടിക്കുകയും ചെയ്തു. കൃത്യനിർവഹണം തടസ്സപ്പെടുത്തിയത് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ആറളം പൊലീസ് കേസെടുത്തു. കളരിക്കാട് സ്വദേശിയായ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരുവരും ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.