കണ്ണൂർ സബ് ജയിലിനുപുറത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുന്ന കോൺഗ്രസ് നേതാക്കൾ
കണ്ണൂർ: കോടതി റിമാൻഡ് ചെയ്ത കോൺഗ്രസ് നേതാക്കളെയുമായി പൊലീസ് ജയിലിലെത്തിയപ്പോൾ ജയിൽ ഹൗസ് ഫുൾ. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ കോൺഗ്രസ് നടത്തിയ മാർച്ചിലെ സംഘർഷത്തിൽ റിമാൻഡിലായ നേതാക്കളാണ് ചൊവ്വാഴ്ച പുലർച്ചവരെ റോഡിൽപെട്ടത്. തിങ്കളാഴ്ച 24 പേരെയാണ് സംഘർഷത്തിനിടെ പൊലീസ് അറസ്റ്റു ചെയ്തത്. രാത്രി 10ഓടെ കോടതി റിമാൻഡ് ചെയ്തു.
വനിത പ്രവർത്തകരെ വനിത ജയിലിലേക്കും പുരുഷന്മാരെ സബ് ജയിലിലേക്കും മാറ്റാനാണ് കോടതി ഉത്തരവിട്ടത്. തുടർന്ന് 19 പേരെ കണ്ണൂർ സബ് ജയിലിൽ എത്തിച്ചെങ്കിലും, ജയിൽ അധികൃതർ ആവശ്യത്തിന് സ്ഥലമില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ ജയിലിനു പുറത്ത് പ്രവർത്തകരെയും കൊണ്ട് പൊലീസ് വലഞ്ഞു.
മണിക്കൂറുകളോളം റോഡിൽ കുടുങ്ങിയ പ്രവർത്തകർ പിന്നീട്, റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പിന്നീട് വീണ്ടും പൊലീസ് മജിസ്ട്രേറ്റിനെ സ്ഥലമില്ലാത്തത് അറിയിക്കുകയും സ്പെഷൽ സബ് ജയിലിക്ക് മാറ്റാനുള്ള ഉത്തരവിന് അപേക്ഷിക്കുകയുമായിരുന്നു. ചൊവ്വാഴ്ച പുലർച്ച 4.30ഓടെയാണ് പ്രവർത്തകരെ ജയിലിലേക്ക് മാറ്റിയത്.
യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് സുദീപ് ജയിംസ്, ജില്ല പഞ്ചായത്ത് അംഗം ജൂബിലി ചാക്കോ, കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷൻ പി.കെ. രാഗേഷ് തുടങ്ങിയ 24 പേരെയാണ് റിമാൻഡ് ചെയ്തത്.സംഘർഷത്തിൽ മൂന്നു പൊലീസുകാർക്കാണ് പരിക്കേറ്റത്. ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് അടക്കമുള്ള കോൺഗ്രസ് പ്രവർത്തകർക്കും പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.