അഴീക്കോട് ചാലിൽനിന്ന് കൈക്ക് കടിയേറ്റ സിബിയും താലൂക്ക് ഓഫിസ് പരിസരത്തുനിന്ന് കടിയേറ്റ രാജുവും ആറളത്ത് വീട്ടിലെ നായ് കടിച്ച ജോബിയും ജനറൽ ആശുപത്രിയിൽ ചികിത്സക്കായി ക്യൂ നിൽക്കുന്നു
കണ്ണൂർ: നഗരത്തിൽ തെരുവുനായ്ക്കളുടെ പരാക്രമം തുടരുന്നു. ചൊവ്വാഴ്ച 15ഓളം പേർക്ക് കടിയേറ്റു. കണ്ണൂർ സബ് ജയിൽ, കാൾടെക്സ്, തെക്കിബസാർ, അത്താഴക്കുന്ന് ഭാഗങ്ങളിലാണ് ആളുകൾക്ക് കടിയേറ്റത്. ബിഹാർ സ്വദേശി അൻസാർ, വേങ്ങാട് സ്വദേശി മോഹനൻ തുടങ്ങിയവർക്കാണ് കടിയേറ്റത്. അത്താഴക്കുന്നിൽ രാവിലെ 11ഓടെയാണ് ജോലിക്ക് പോവുകയായിരുന്ന അൻസാറിനെ നായ് കടിച്ചത്.
ഉച്ചക്ക് ഒന്നിന് കണ്ണൂർ ഗാന്ധി മന്ദിരത്തിന് സമീപത്തുനിന്ന് മോഹനനും കടിയേറ്റു. രാവിലെ 11ന് സബ് ജയിലിന് സമീപം 20കാരിക്കും കടിയേറ്റിരുന്നു. കണ്ണിൽ പരിക്കേറ്റ നായാണ് സബ് ജയിൽ ഭാഗത്ത് ഭീതി പരത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. ആക്രമണകാരിയായ നായെ കണ്ണൂർ കോർപറേഷന്റെ നേതൃത്വത്തിൽ നായ് പിടിത്തക്കാർ വല ഉപയോഗിച്ച് പിടികൂടി. കണ്ണൂർ നഗരത്തിൽ പുറത്തിറങ്ങിയാൽ തെരുവുനായ് കടിക്കുമെന്ന അവസ്ഥയാണെന്ന് യാത്രക്കാരും വ്യാപാരികളും പറയുന്നു.
തെരുവുനായ്ക്കൾ കൂട്ടമായി വിഹരിക്കുന്നതിനാൽ ആളുകൾ പേടിച്ചാണ് പുറത്തിറങ്ങുന്നത്. ദിവസേന ആളുകൾക്ക് കടിയേൽക്കുന്നുമുണ്ട്. കണ്ണൂർസിറ്റി, പയ്യാമ്പലം, ബർണശ്ശേരി, കാൾടെക്സ്, താണ, റെയിൽവേ സ്റ്റേഷൻ പരിസരം തുടങ്ങിയ ഇടങ്ങളെല്ലാം തെരുവുനായ്ക്കൾ കൈയടക്കിയ സ്ഥിതിയാണ്.
വാഹനങ്ങൾക്കു പിന്നാലെ ഓടുന്നതും ഇരുചക്രവാഹനങ്ങൾക്ക് കുറുകെ ചാടുന്നതും നിത്യസംഭവമായി. കഴിഞ്ഞദിവസം റെയിൽവേ സ്റ്റേഷൻ പരിസരത്ത് രണ്ടുപേരെ നായ് കടിച്ചിരുന്നു. രണ്ടുമാസംമുമ്പ് റെയിൽവേ സ്റ്റേഷനിൽനിന്നടക്കം ഒരുദിവസംതന്നെ 70ഓളം പേരെ നായ് കടിച്ച സംഭവവും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.