കണ്ണൂർ: വളപട്ടണത്തിനും കണ്ണൂരിനും ഇടയിൽ പന്നേൻപാറക്കടുത്ത് റെയിൽവേ പാളത്തിൽ കരിങ്കൽ ചീളുകൾ കയറ്റിവെച്ച സംഭവത്തിൽ അഞ്ച് സ്കൂൾ വിദ്യാർഥികൾക്കെതിരെ ആർ.പി.എഫ് കേസെടുത്തു. വളപട്ടണം സ്വദേശികളായ ഒമ്പത്, പത്ത്, പ്ലസ് വൺ ക്ലാസുകളിലെ വിദ്യാർഥികൾക്കെതിരെയാണ് റെയിൽവേ ആക്ട് 154 പ്രകാരം ട്രെയിൻ യാത്രക്കാർക്ക് അപകടമുണ്ടാക്കുംവിധം പ്രവർത്തിച്ചതിന് കേസെടുത്തത്.
ജുവനൈൽ ജസ്റ്റിസ് ബോർഡുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കും. അടുത്തദിവസം കുട്ടികളെ തലശ്ശേരിയിലെ ജുവനൈൽ കോടതിയിൽ ഹാജരാക്കും. വിദ്യാർഥികൾക്ക് കൗൺസിലിങ് ഉൾപ്പെടെ നടത്താനുള്ള നടപടികൾ സ്വീകരിക്കും. പ്രായപൂർത്തിയാകാത്തവർ ഇത്തരം കുറ്റകൃത്യങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് കർശന നടപടിയെടുക്കാൻ ആർ.പി.എഫിന്റെ തീരുമാനം. നേരത്തെയും റെയിൽപാളത്തിൽ കല്ല് കയറ്റിവെച്ചതിനും കല്ലെറിഞ്ഞതിനും പിന്നിൽ പ്രായപൂർത്തിയാകാത്തവരാണെന്ന് കണ്ടെത്തിയിരുന്നു.
ശനിയാഴ്ച ഉച്ചക്ക് 12.20നാണ് പന്നേൻപാറക്കടുത്ത് തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് എക്സ്പ്രസ് കടന്നുപോകുന്നതിനിടെ പാളത്തിൽ ചെറിയ കരിങ്കൽ ചീളുകൾ കയറ്റിവെച്ചത് ലോക്കോ പൈലറ്റിന്റെ ശ്രദ്ധയിൽപെട്ടത്. സംഭവം കണ്ണൂർ സ്റ്റേഷൻ മാസ്റ്ററെ അറിയിച്ചതിനെ തുടർന്ന് ഇൻസ്പെക്ടർ കേശവദാസിന്റെ നിർദേശപ്രകാരം എ.എസ്.ഐ ഷിൽന ശ്രീരഞ്ജിന്റെ നേതൃത്വത്തിൽ ആർ.പി.എഫ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് വിദ്യാർഥികൾ പിടിയിലായത്.
പാളത്തിൽ പരിശോധന നടത്തുന്നതിനിടെ അൽപം മാറിനിൽക്കുന്ന വിദ്യാർഥികളെ കണ്ടതോടെ സംശയം തോന്നിയ ഉദ്യോഗസ്ഥർ കുട്ടികളെ അടുത്തേക്ക് വിളിക്കുകയായിരുന്നു. ഇതോടെ ഇവർ ഇവിടെനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. പന്തികേട് തോന്നിയ ഉദ്യോഗസ്ഥർ കുട്ടികളെ കസ്റ്റഡിയിലെടുത്ത് ചോദിച്ച് മനസ്സിലാക്കിയപ്പോഴാണ് പാളത്തിൽ കല്ലുവെച്ച കാര്യം സമ്മതിച്ചത്.
സമീപത്തെ മൈതാനത്തിൽ കളി കഴിഞ്ഞ്, കുളത്തിൽ കുളിയും കഴിഞ്ഞ് മടങ്ങുമ്പോഴാണ് കൗതുകത്തിന്റെ പേരിൽ കല്ല് വെച്ചത്. ട്രെയിൻ കടന്നുപോകുമ്പോൾ എന്ത് സംഭവിക്കുമെന്ന് അറിയാനുള്ള ആകാംക്ഷയെ തുടർന്ന് ചെയ്തതാണെന്നും വിദ്യാർഥികൾ പറഞ്ഞു. ഇരുമ്പുചക്രങ്ങൾ കയറിയിറങ്ങുമ്പോൾ കല്ല് പൊട്ടിത്തെറിക്കുന്നതും തീപ്പൊരിയും കാണാനായി പാളത്തിൽ കല്ല് വെച്ച് കുട്ടികൾ മാറിനിൽക്കുകയായിരുന്നു. രക്ഷിതാക്കളെ വിളിച്ചുവരുത്തി സംഭവത്തിന്റെ ഗൗരവത്തെ കുറിച്ച് ശനിയാഴ്ച ബോധ്യപ്പെടുത്തി കുട്ടികളെ ഇവർക്കൊപ്പം വിട്ടയച്ചിരുന്നു. കഴിഞ്ഞ മാസവും കണ്ണപുരത്ത് ട്രാക്കിൽ കോൺക്രീറ്റ് സ്ലാബ് കയറ്റിവെച്ച സംഭവത്തിൽ രണ്ടു വിദ്യാർഥികൾ പിടിയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.