കണ്ണൂർ: വളപട്ടണത്ത് റെയിൽവേ ട്രാക്കിൽ കല്ല് കണ്ടെത്തിയ സംഭവത്തിനു പിന്നിൽ പ്രായപൂർത്തിയാവാത്ത വിദ്യാർഥികൾ. ശനിയാഴ്ച വൈകിട്ട് വന്ദേ ഭാരത് പോകുന്ന സമയത്താണ് വളപട്ടണം പാലത്തിനു സമീപത്തെ റെയിൽ പാളത്തിൽ കല്ല് കണ്ടത്. ട്രെയിൻ അട്ടിമറി ശ്രമത്തിന്റെ ഭാഗമായാണ് കല്ല് വച്ചതെന്ന സംശയമുയർന്നതോടെ വളപട്ടണം എസ്.ഐ ടി.എം. വിപിന്റെ നേതൃത്വത്തിൽ പൊലീസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും നടത്തിയ അന്വേഷണത്തിലാണ് 12 വയസ്സുള്ള രണ്ട് വിദ്യാർഥികളാണ് കല്ല് വെച്ചതെന്ന് കണ്ടെത്തിയത്. അന്വേഷണ സംഘം കുട്ടികളെയും രക്ഷിതാക്കളെയും വിളിച്ച് വരുത്തി കാര്യഗൗരവം ധരിപ്പിച്ച ശേഷം വിട്ടയക്കുകയായിരുന്നു.
രണ്ടുവസം മുമ്പ് വളപട്ടണം സ്റ്റേഷനടുത്ത് റെയിൽവേ ട്രാക്കിൽ കോൺക്രീറ്റ് സ്ലാബ് കണ്ടെത്തിയ സംഭവത്തിൽ പ്രത്യേക സംഘം അന്വേഷണം നടത്തുന്നതിനിടെയാണ് കല്ല് വെച്ചത്. കണ്ണൂർ എ.സി.പി പ്രദീപൻ കണ്ണിപ്പൊയിലിന്റെ മേൽനോട്ടത്തിൽ വളപട്ടണം പ്രിൻസിപ്പൽ എസ്.ഐ ടി.എൻ വിപിൻ, എ.എസ്.ഐ ദിലീഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം തുടങ്ങിയത്. കോൺക്രീറ്റ് സ്ലാബ് കണ്ടെത്തിയ റെയിൽ പാളത്തിന്റെ ഭാഗങ്ങളിൽ ഒരിടത്തും കാമറകളില്ല.
ഇത് അന്വേഷണ സംഘത്തിന് വെല്ലുവിളിയാവുന്നുണ്ട്. എങ്കിലും സമീപത്തെ ഇടവഴികളിൽ സ്ഥിരമായി ലഹരി സംഘങ്ങളും അന്യസംസ്ഥാനക്കാരായവരും തമ്പടിക്കാറുണ്ടെന്ന് വിവരം ലഭിച്ചതിനാൽ അതുവഴി എത്തുന്ന ഭാഗത്തെ സി.സി.ടി.വികൾ പരിശോധിക്കുന്നുണ്ട്.
വെളളിയാഴ്ച പുലർച്ചെ രണ്ടിന് കൊച്ചുവേളി ഭാവ്നഗർ എക്സ്പ്രസ് കടന്നുപോകുമ്പോഴാണ് വളപട്ടണം സ്റ്റേഷനടുത്ത് ട്രാക്കിൽ കോൺക്രീറ്റ് സ്ലാബ് കണ്ടത്. ലോക്കോ പൈലറ്റ് അറിയിച്ചതിനെ തുടർന്നാണ് സ്ലാബ് മാറ്റിയത്. പിന്നാലെ പൊലീസും ആർ.പി.എഫും സ്ഥലത്ത് പരിശോധന നടത്തി. എർത്ത് ലൈനുകൾ മാർക്ക് ചെയ്ത് കുഴിച്ചിട്ട കോൺക്രീറ്റ് സ്ലാബാണ് പാളത്തിൽ ഉണ്ടായിരുന്നത്. വർഷങ്ങൾക്ക് മുമ്പും സമീപ പ്രദേശമായ പാപ്പിനിശേരിയിലടക്കം പാളത്തിൽ ഇരുമ്പും കല്ലുകളും നിരത്തി വച്ചിരുന്നു. അന്ന് അന്യ സംസ്ഥാനക്കാരായ ചിലർ പിടിയിലായിരുന്നു. അതിനാൽ പഴുതടച്ച അന്വേഷണമാണ് നടത്തുന്നത്.
കൗതുകത്തിന്റെ പേരിൽ കൗമാരക്കാർ ട്രെയിനുകൾക്ക് നേരെ കല്ലെറിയുന്നതും കല്ല് വെക്കുന്നതുമായ സംഭവങ്ങൾ നേരത്തെയും ഉണ്ടായിരുന്നു. സ്കൂൾവിട്ടും കളി കഴിഞ്ഞും മടങ്ങുന്ന സംഘങ്ങൾ ട്രെയിനിന് നേരെ കല്ലെറിയുന്നതായി പരാതിയുണ്ടായിരുന്നു. ട്രാക്കിനോട് ചേർന്ന കളിസ്ഥലങ്ങിൽനിന്നും കല്ലേറുണ്ടാകാറുണ്ടെന്ന് യാത്രക്കാർ പറയുന്നു. കുട്ടികൾ കൗതുകത്തിനാണ് കല്ലെറിയുന്നതെങ്കിലും അതുണ്ടാക്കുന്ന അപകടത്തെകുറിച്ച് ചിന്തിക്കാറില്ല. അധ്യാപകരും രക്ഷിതാക്കളും ഇതു സംബന്ധിച്ച് കൃത്യമായ ബോധവത്കരണം നൽകണം.
പല സംഭവങ്ങളിലും രക്ഷിതാക്കളെ വിളിച്ചുവരുത്തി താക്കീത് നൽകി വിട്ടയക്കുകയാണ് പതിവ്. 2022 ൽ തൃക്കരിപ്പൂർ-പയ്യന്നൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ എളമ്പച്ചിയിൽ പാളത്തിന് മുകളിൽ കല്ലുകൾ കയറ്റിവെച്ച സംഭവത്തിൽ ആറ് കുട്ടികളെ പൊലീസ് പിടികൂടിയിരുന്നു. പാപ്പിനിശ്ശേരി മേൽപാലത്തിനും പാപ്പിനിശ്ശേരി പാലത്തിനും ഇടയിലുള്ള സ്ഥലത്തെ ട്രാക്കിൽ കല്ലുകൾ നിരത്തി ട്രെയിൻ അട്ടിമറിക്കാനുള്ള ശ്രമം മലബാർ എക്സ്പ്രസിലെ ലോക്കോ പൈലറ്റിന്റെ അവസരോചിതമായ ഇടപെടലിലൂടെയാണ് അന്ന് ഒഴിവായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.