കണ്ണൂർ താളിക്കാവിലുള്ള ശോഭനം മ്യൂസിക് അക്കാദമിയിൽ പാട്ട് പരിശീലിക്കുന്നവർ
കണ്ണൂർ: സംഗീതവും പാട്ടും ഇഷ്ടപ്പെടുന്ന, പാടാനുള്ള ആഗ്രഹം കൊണ്ടുനടക്കുന്ന ഏതു പ്രായക്കാർക്കും കടന്നുവരാം. പാട്ടിലലിഞ്ഞ് ആടിപ്പാടാനൊരിടം ഇവിടെയുണ്ട്. വരൂ രാഗമഴ നനഞ്ഞ് മടങ്ങാം. കണ്ണൂർ താളിക്കാവിലുള്ള ശോഭനം മ്യൂസിക് അക്കാദമിയാണ് പാട്ടു പ്രേമികളെ സംഗീത ലോകത്തേക്ക് തിരികെയെത്തിക്കുന്നത്.
എല്ലാ ദിവസവും രാവിലെ 11 മുതൽ വൈകീട്ട് ആറുവരെയുള്ള സമയത്ത് പാട്ടിൽ കൂടെച്ചേരാൻ ഇഷ്ടമുള്ള ആർക്കും ഇവിടെ വരാം, പാട്ട് പാടാം, പരിശീലിക്കാം. ഉപാധികളില്ലാതെ ഏകാന്തതയനുഭവിക്കുന്നവരും വിവാഹശേഷം പാട്ട് നിർത്തിയവരും അവസരങ്ങൾ കിട്ടാതെ ഒതുങ്ങിപ്പോയവരുമെല്ലാം ഇന്ന് ശോഭനത്തിലെത്തുന്നുണ്ട്. മാനസികനില മെച്ചപ്പെടുത്താനെത്തുന്നവരും ഏറെയുണ്ട്. പതിവായി കേൾക്കാനെത്തി പാടിത്തുടങ്ങിയവരുമുണ്ട്. ഔപചാരികതകളൊന്നുമില്ല. ഇഷ്ടമുള്ള സമയത്തുവരാം. പാട്ടുപാടാം.
2017ൽ കണ്ണൂരിലെ വി.കെ. ശോഭനയാണ് സ്ഥാപനം തുടങ്ങിയത്. താൻ അനുഭവിച്ച ഏകാന്തതയിൽനിന്നാണ് ചെറുപ്പത്തിൽ പാതിക്ക് നിർത്തിയ പാട്ട് സമൂഹ നന്മയുടെ ഭാഗമാക്കി മുന്നോട്ട് കൊണ്ടുപോകാൻ മ്യൂസിക് അക്കാദമി തുടങ്ങിയതെന്ന് ശോഭന മാധ്യമത്തോട് പറഞ്ഞു.
ആഗ്രഹമുണ്ടെങ്കിൽ പാടുമെന്ന് ബോധ്യപ്പെടുത്തുന്നതാണ് വീടിന്റെ അന്തരീക്ഷമുള്ള മ്യൂസിക് അക്കാദമിയിലെ അംഗങ്ങളുടെ കലാപ്രകടനം. പാട്ടിനായി കുടുംബസമേതമെത്തിയവരുമുണ്ട് കൂട്ടത്തിൽ. ഓണമുൾപ്പെടെയുള്ള ആഘോഷങ്ങളിൽ ഒത്തുചേരാനും സദ്യയൊരുക്കാനും നൃത്ത, സംഗീത വിരുന്നൊരുക്കാനും കൂട്ടായ്മ ശ്രമിക്കാറുണ്ട്. നിരവധി കാരുണ്യ പ്രവർത്തനങ്ങളും ഇതിനകം ഈ പാട്ട് കൂട്ടായ്മ നടത്തിയിട്ടുണ്ട്. അലവിൽ സ്വദേശി ഷൈജുവാണ് പരിശീലനത്തിന് കൂടെയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.