കണ്ണൂർ: കണ്ണൂരിൽ മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ നിർമാണത്തിനായി കീറിയ റോഡുകളുടെ അറ്റകുറ്റ പ്രവൃത്തി ആരംഭിച്ചു. പോസ്റ്റ് ഓഫീസ്-പാറക്കണ്ടി റോഡ് ടാറിങ് പ്രവൃത്തി പൂർത്തിയാക്കി. കുഴിക്കുന്ന് - താളിക്കാവ് റോഡിന്‍റെ ടാറിങ് പ്രവൃത്തി ആരംഭിച്ചു. വെള്ളിയാഴ്ച കവിത തിയറ്റര്‍-മുനീശ്വരന്‍ കോവില്‍ റോഡ് പ്രവൃത്തി ആരംഭിക്കും.
പോസ്റ്റ് ഓഫിസ് റോഡ്, ഗേള്‍സ് സ്കൂള്‍-എസ്.എന്‍ പാര്‍ക്ക് റോഡ് ടാറിങ്, ഗോഖലെ റോഡ് ഇന്‍റര്‍ലോക്ക് എന്നീ പ്രവൃത്തികള്‍ നേരത്തേതന്നെ പൂര്‍ത്തിയാക്കിയിരുന്നു. ഏറെ പ്രതിഷേധങ്ങൾക്കൊടുവിലാണ് കോർപറേഷൻ റോഡുകളുടെ അറ്റകുറ്റ പ്രവൃത്തി ആരംഭിച്ചത്. സംഭവത്തിൽ വ്യാഴാഴ്ച സി.പി.എമ്മിന്റെ നേതൃത്വത്തിൽ കോർപറേഷൻ ഓഫിസിലേക്ക് മാർച്ചടക്കം നടത്തിയിരുന്നു. നഗരത്തിലെ മലിനജലം ശുദ്ധീകരിക്കാൻ കോർപറേഷൻ നിർമിക്കുന്ന മലിനജല ശുദ്ധീകരണ പദ്ധതിയുടെ പ്ലാന്റ് നിർമാണത്തിന്റെ ഭാഗമായായിരുന്നു റോഡുകൾ കീറിയത്.
ജർമൻ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിക്കുന്ന പ്ലാന്റിന്റെ പ്രവൃത്തികൾ ഭൂരിഭാഗവും പൂർത്തിയായി. പ്ലാന്റിലേക്ക് കണക്ഷൻ പൈപ്പിടൽ പ്രവൃത്തി വൈകിയിരുന്നു. 13.5 കിലോമീറ്റർ നീളത്തിൽ മൂന്ന് ഘട്ടങ്ങളിലായാണ് പൈപ്പിടൽ പ്രവൃത്തി നടക്കുന്നത്. എം.എം റോഡ്, മാർക്കറ്റ് എന്നിവിടങ്ങളിൽ പൈപ്പിട്ടു. പ്രവൃത്തി പൂർത്തീകരിച്ച് മാർച്ച് അവസാനം പദ്ധതി കമീഷൻ ചെയ്യാനാണ് കോർപറേഷന്റെ ശ്രമം. ഒരു വർഷം മുമ്പാണ് പൈപ്പിടൽ തുടങ്ങിയത്. അന്നുമുതൽ റോഡുകളിലൂടെ ദുരിതയാത്രയാണ്.
കാനത്തൂർ, താളിക്കാവ് ഡിവിഷനിൽ പൈപ്പിടാൻ കിളച്ചിട്ട റോഡിൽ റീ ടാറിങ് പ്രവൃത്തി നടത്താനുണ്ട്. കുഴിയും പൊടിയും നിമിത്തം മിക്ക റോഡുകളിലൂടെയും യാത്ര ദുഷ്‍കരമാണ്. വ്യാപാരികൾ വെള്ളം തളിച്ചും മാസ്ക് ധരിച്ചുമാണ് കടകളിൽ ഇരിന്നിരുന്നത്. റോഡുകളുടെ ദുരവസ്ഥക്കെതിരെ വ്യാപാരികളും പ്രതിഷേധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.