കമലേഷ്
കണ്ണൂർ: ഓണ്‍ലൈന്‍ തട്ടിപ്പ് കേസിലെ പ്രധാന കണ്ണിയായ രാജസ്ഥാന് സ്വദേശിയെ റൂറൽ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാന് അജ്മീര്‍ കാഞ്ചഗട്ട് സ്വദേശി കമലേഷിനെ (19)യാണ് സൈബര്‍ എസ്.ഐ സൈബുകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. രാജസ്ഥാനിലെ പല സ്ഥലങ്ങളിലായി പത്തുദിവസം നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. കൈതപ്രം സ്വദേശി കുഞ്ഞിരാമന്റെ 32 ലക്ഷം രൂപ തട്ടിയെടുത്തതാണ് കേസ്. ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ വന്‍ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
ആദ്യം 1000 രൂപ നിക്ഷേപിച്ചപ്പോൾ അതിന്റെ ലാഭവിഹിതം കൃത്യമായി നല്കി. പിന്നീട് കൂടുതൽ തുക ഇടപാടുകാരന് നിക്ഷേപിച്ചതോടെ അത് തട്ടിയെടുക്കുകയായിരുന്നു. കുഞ്ഞിരാമന്റെ പരാതിയില്‍ കേസെടുത്ത സൈബര്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞ ഡിസംബര്‍ ആറിന് അക്കൗണ്ടില്‍നിന്ന് അഞ്ച് ലക്ഷം രൂപ പിൻവലിച്ചതായി വിവരം ലഭിച്ചു.
ഈ അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കമലേഷിനെപ്പറ്റി വിവരം ലഭിച്ചത്. പരിയാരം പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ ചുമതല വഹിക്കുന്ന പഴയങ്ങാടി ഇൻസ്പെക്ടർ എന്‍.കെ. സത്യനാഥന്റെ നേതൃത്വത്തില്‍ വിശദമായി ചോദ്യംചെയ്തു. പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എ.എസ്.ഐ മുഹമ്മദ് റഷീദ്, സീനിയര്‍ സി.പി.ഒ പി.പി. സിയാദ്, സി.പി.ഒ ദില്‍ജിത്ത് എന്നിവരും രാജസ്ഥാനില്‍നിന്ന് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.