കൊച്ചി: കണ്ണൂരിൽ മാധ്യമപ്രവർത്തകനെയും ഭാര്യയെയും വീട്ടിൽ കെട്ടിയിട്ട് കവർച്ച നടത്തിയ കേസിലെ പ്രതികളുടെ ശിക്ഷ ഹൈകോടതി ശരിവെച്ചു.
മാതൃഭൂമി ന്യൂസ് എഡിറ്ററായിരുന്ന കെ. വിനോദ് ചന്ദ്രൻ, ഭാര്യ സരിത എന്നിവരുടെ വാടകവീട്ടിൽ 2018 സെപ്റ്റംബർ ആറിന് രാത്രി 1.30ന് അതിക്രമിച്ചുകയറി ഇരുവരെയും കെട്ടിയിട്ട് സ്വർണവും പണവും കവർച്ച ചെയ്ത കേസിലെ ഒന്നുമുതൽ മൂന്നുവരെ പ്രതികളും ബംഗ്ലാദേശ് സ്വദേശികളുമായ ഇലാഷ് സിക്കാരി, ആലംഗീർ, മോട്ടും (മാണിക്ക്) എന്നിവർക്ക് തലശ്ശേരി സെഷൻസ് കോടതി വിധിച്ച ഒമ്പതുവർഷം കഠിനതടവാണ് ജസ്റ്റിസ് സി.എസ്. സുധ ശരിവെച്ചത്. വിചാരണ കോടതി ഉത്തരവിനെതിരെ പ്രതികൾ നൽകിയ അപ്പീൽ ഹരജി കോടതി തള്ളി.
60 പവൻ സ്വർണം, വജ്രം, മൂന്ന് മൊബൈൽ ഫോണുകൾ, പണം, എ.ടി.എം കാർഡുകൾ എന്നിവയെല്ലാം മോഷണംപോയിരുന്നു. കേസിൽ ആകെ ആറ് പ്രതികളാണുണ്ടായിരുന്നത്. ഇതിൽ ആദ്യം അറസ്റ്റിലായ മൂന്നുപേരാണ് ഹരജിക്കാർ. നാലുവർഷമായി ജയിലിലാണെന്നതടക്കമുള്ള വാദങ്ങളാണ് അപ്പീലിൽ ഉന്നയിച്ചത്. കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ വിജയിച്ചെന്ന് വിലയിരുത്തിയ കോടതി ശിക്ഷ ശരിവെക്കുകയായിരുന്നു. ഇത്തരം കേസുകൾ ഇപ്പോൾ വർധിക്കുകയാണെന്നും പ്രതികൾക്ക് ശിക്ഷയിൽ ഇളവ് നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാകും നൽകുകയെന്നും കോടതി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.