അടക്കാത്തോട്ടിലെ കുന്നത്ത് ബേബി വീട്ടുമുറ്റത്തെ റംബൂട്ടാൻ വൃക്ഷത്തിന് സമീപം
റംബൂട്ടാന് കിലോക്ക് 140 മുതൽ 160 രൂപവരെയാണ് ലഭിക്കുന്നത്
അസീസ് കേളകം
കേളകം: റംബൂട്ടാൻ പഴങ്ങളുടെ വില കുത്തനെ ഇടിഞ്ഞതോടെ വിദേശ പഴവർഗകൃഷി നടത്തുന്ന കർഷകർ നിരാശയുടെ പടുകുഴിയിലായി. കിലോക്ക് 400 രൂപവരെ വിലയുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ റംബൂട്ടാൻ പഴത്തിന് കിലോക്ക് 140 മുതൽ 160 രൂപവരെയാണ് വിപണിയിൽ ലഭിക്കുന്നത്. ഉൽപാദനം വർധിച്ചതും വിദേശത്തേക്കുള്ള കയറ്റുമതി നിലച്ചതും പ്രതിസന്ധിക്ക് ആക്കംകൂട്ടുന്നു. റബർ വിലയിടിഞ്ഞപ്പോൾ ഒരുവിഭാഗം കർഷകർ റംബൂട്ടാൻ കൃഷിയിലേക്ക് മാറിയത് വിപണിയിൽ വരവ് കൂട്ടിയിരുന്നു. കൂടാതെ, യുദ്ധസാഹചര്യത്തിൽ വിദേശത്തേക്കുള്ള കയറ്റുമതിയും ഗണ്യമായി കുറഞ്ഞു. തമിഴ്‌നാട്, ബംഗളൂരു, മുംബൈ തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും വിദേശരാജ്യങ്ങളിലേക്കും നടത്തിയിരുന്ന കയറ്റുമതി തടസ്സപ്പെട്ടത് ആഭ്യന്തരവിപണിയിൽ വില താഴാൻ കാരണമായതായി വ്യാപാരികളും കർഷകരും പരിതപിക്കുന്നു. നിലവിൽ മണ്ഡരി രോഗം ബാധിച്ചും ഇടക്കിടെ പെയ്യുന്ന ശക്തമായ മഴ കാരണവും കായ്കൾ കൊഴിയുന്നത് കർഷകർക്ക് കനത്ത നഷ്ടമുണ്ടാക്കുന്നുണ്ട്. എന്നാൽ, ഉയർന്ന വില കാരണം മുമ്പ് റംബൂട്ടാനോട് അകലം പാലിച്ചിരുന്ന സാധാരണക്കാർക്ക് ഇപ്പോൾ കിലോക്ക് 160 മുതൽ 200 രൂപവരെ നിരക്കിൽ വഴിയോരങ്ങളിൽനിന്ന് പഴങ്ങൾ ലഭ്യമാണ്. ശേഖരണക്കൂലി, പക്ഷികളിൽനിന്ന് സംരക്ഷിക്കാനുള്ള വല, ഗതാഗതച്ചെലവ് എന്നിവ കണക്കാക്കുമ്പോൾ കിലോക്ക് 300 രൂപയെങ്കിലും കിട്ടിയാലേ കർഷകർക്ക് മുതൽമുടക്ക് തിരികെ ലഭിക്കൂ എന്നാണ് പറയുന്നത്. എന്നാൽ, ഇടനിലക്കാർ അതിലും കുറഞ്ഞവിലയിൽ 150 രൂപയാണ് നൽകുന്നത്. പലയിടങ്ങളിലും വിലക്കുറവുമൂലം വൃക്ഷങ്ങളിൽനിന്ന് ശേഖരിക്കാതെ റംബൂട്ടാൻ പഴങ്ങൾ നശിക്കുന്നതായും അനുഭവസ്ഥർ പറയുന്നു. നിലവിൽ 150 രൂപക്കുപോലും വാങ്ങാനാളിലാത്ത പരിതാപകരമായ അവസ്ഥയാണ് കർഷകർ നേരിടുന്നതെന്ന് വിദേശ പഴവർഗങ്ങൾ കൃഷി ചെയ്യുന്ന അടക്കാത്തോട്ടിലെ കുന്നത്ത് ബേബി പറയുന്നു. റംബൂട്ടാന് പുറമെ മാങ്കോസ്റ്റിൻ, ലാൻ സെറ്റ്, സാൻറോൾ, കോഗം, ബറോബ, കെപൽ, റൊളീനിയ തുടങ്ങി പഴവർഗങ്ങളും കുന്നത്ത് ബേബിയുടെ കൃഷിയിടത്തിലുണ്ട്. മറ്റ് കൃഷികളേക്കാൾ ആദായകരമാകുമെന്ന് കരുതി മോഹ കൃഷി നടത്തിയിരുന്ന വിദേശ പഴവർഗകർഷകരാണ് ഇപ്പോൾ വിലയിടിവിന്റെ വിഷമവൃത്തത്തിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.