പെരിങ്ങോം പെരിന്തട്ടയിലെ തോട്ടുവഴിയില് നിര്‍മലയുടെ വീട് മരം വീണ് തകര്‍ന്ന നിലയില്‍
കണ്ണൂർ: ജില്ലയിൽ തുടരുന്ന അതിശക്തമായ കാറ്റിലും മഴയിലും 81 വീടുകൾകൂടി ഭാഗികമായി തകർന്നു. ഇതോടെ, മഴ തുടങ്ങിയശേഷം ഭാഗികമായി തകർന്ന വീടുകളുടെ എണ്ണം 144 ആയി. കഴിഞ്ഞ 24 മണിക്കൂറിനകമാണ് 81 വീടുകൾക്ക് നാശനഷ്ടമുണ്ടായത്.ആറ് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. 12 പേര്‍ക്ക് പരിക്കേറ്റു. 184 കുടുംബങ്ങളെയാണ് മഴക്കെടുതി ബാധിച്ചത്.
മേയ് 20 മുതല്‍ ഇതുവരെ 107 വില്ലേജുകളിലാണ് നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുള്ളത്. പരിയാരം ഗ്രാമപഞ്ചായത്തിലെ കുപ്പം കപ്പണത്തട്ട്, തളിപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ പുളിമ്പറമ്പ് എന്നിവിടങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി. മരങ്ങള്‍ വീണും മേല്‍ക്കൂര തകര്‍ന്നും മറ്റുമാണ് വീടുകള്‍ക്ക് കേടുപാട് സംഭവിച്ചത്. പലയിടത്തും ശക്തമായ കാറ്റില്‍ മരങ്ങള്‍ വീണ് ഗതാഗത തടസ്സമുണ്ടായി.
കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. പലയിടത്തും വൈദ്യുതി ബന്ധം താറുമാറായി. റെഡ് അലർട്ട് പ്രഖ്യാപിച്ച തിങ്കളാഴ്ച രാവിലെ മുതൽ കനത്ത മഴയാണ് ജില്ലയിൽ വ്യാപകമായി പെയ്തത്. മലയോര മേഖലയിൽ വൈദ്യുതി ബന്ധം നിലച്ചു. പലയിടത്തും മരങ്ങൾ വീണ് വൈദ്യുതി വകുപ്പിനും വ്യാപക നാശമാണുണ്ടായത്. റെഡ് അലർട്ട് തുടരുന്നതിനാൽ ജില്ലയിൽ ഇന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിട്ടുണ്ട്. ദേശീയപാത കുപ്പത്ത് ഇന്നലെയും മണ്ണിടിച്ചിലുണ്ടായി.
തളിപ്പറമ്പ്: ദേശീയപാത വികസനത്തിന്റെ ഭാഗമായി പുതിയ പാലം നിർമിക്കാൻ കുപ്പം പുഴയിൽ തള്ളിയ മണ്ണ് നീക്കിത്തുടങ്ങി. പുതിയ പാലത്തിനായി നിർമിച്ച തൂണുകളിൽ കോൺക്രീറ്റ് ബീമുകൾ സ്ഥാപിക്കാനാണ് പുഴയുടെ 80 ശതമാനത്തോളം ഭാഗം മണ്ണിട്ട് മൂടിയത്. മഴക്കാലത്ത് സ്ഥിരമായി വെള്ളം കയറുന്ന പ്രദേശത്ത് ഒഴുക്ക് തടസ്സപ്പെടുന്നതോടെ വലിയ രീതിയിൽ വെള്ളം ഉയർന്ന് നാശനഷ്ടമുണ്ടാകുമെന്ന ആശങ്കയിലായിരുന്നു പ്രദേശവാസികൾ.
മണ്ണ് നീക്കാതിരുന്നാൽ കുതിച്ചെത്തുന്ന മഴവെള്ളം വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും ആരാധനാലയങ്ങളിലും ഉൾപ്പെടെ കയറി കനത്ത നാശനഷ്ടമുണ്ടാകുമെന്ന അവസ്ഥയുണ്ടായിരുന്നു. കഴിഞ്ഞ കാലവർഷവും ഇതേ അവസ്ഥയായിരുന്നു.
അന്ന് നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് വന്നതിനെ തുടർന്ന് മൺകൂനയുടെ മുകളിൽനിന്ന് മാത്രം മണ്ണ് നീക്കുകയാണ് ഉണ്ടായത്. പിന്നീട് കനത്ത മഴയിൽ ഒഴുക്ക് തടസ്സപ്പെട്ട് പുഴയിൽ ജലനിരപ്പ് ഉയരുകയും പുഴയുടെ ഇരുകരകളിലെയും കടകളിലും വീടുകളിലും വെള്ളം കയറിയിരുന്നു. മദ്റസ, അംഗൻവാടി, സ്കൂൾ എന്നിവിടങ്ങളിലും വെള്ളം കയറി നാശനഷ്ടമുണ്ടായി.
പടവിൽ മുത്തപ്പൻ ക്ഷേത്രത്തിലുള്ള റോഡിലേക്ക് വെള്ളം കുത്തിയൊഴുകി രൂക്ഷമായ കരയിടിച്ചിലുണ്ടായി. ഇത്തവണയും സമാനസ്ഥിതി ഉണ്ടാകുമെന്ന ആശങ്കയിലായിരുന്നു ജനങ്ങൾ. ഇതിനിടെയാണ് തിങ്കളാഴ്ച നാല് യന്ത്രങ്ങൾ എത്തിച്ച് മണ്ണ് നീക്കം ചെയ്ത് തുടങ്ങിയത്. പുഴയുടെ സ്വാഭാവിക ഒഴുക്ക് വീണ്ടെടുക്കുന്ന രീതിയിൽ മണ്ണ് പൂർണമായി നീക്കാനാണ് തീരുമാനം.
പേരാവൂർ: നിടുംപൊയിൽ ചെക്കേരിയിൽ വീടിനു മുകളിൽ കൂറ്റൻ മരം കടപുഴകി മൂന്നുപേർക്ക് പരിക്കേറ്റു. മണ്ണ് പുരയിടത്തിൽ ഷിബു (45), ഭാര്യ സുധ, മകൾ സ്നേഹ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 10ഓടെയായിരുന്നു അപകടം.
കൊട്ടിയൂർ: കൊട്ടിയൂരിൽ മരം കടപുഴകി വീടിന് മുകളിൽ വീണ് രണ്ടുപേർക്ക് പരിക്കേറ്റു. കൊട്ടിയൂർ പഞ്ചായത്തിലെ പൊയ്യമലയിൽ വീടിനു സമീപത്തെ മരം കടപുഴകി രണ്ടുപേർക്ക് പരിക്കേറ്റു. പൊയ്യമല സ്വദേശി താന്നിക്കൽ റോബിൻ, മകൻ ബെനറ്റ് എന്നിവർക്കാണ് പരിക്കേറ്റത്.
കണ്ണൂർ: പാളത്തിൽ വൈദ്യുതി ലൈനിന് മുകളിൽ മരം പൊട്ടി വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. തിങ്കളാഴ്ച രാവിലെ 6.45ഓടെയാണ് സംഭവം. എടക്കാടിനും കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷനും ഇടയിലായിരുന്നു മരം പാളത്തിലേക്ക് വീണത്. രാവിലെ കാസർകോട് ഭാഗത്തേക്കുള്ള മലബാർ എക്സ്പ്രസ് കടന്നുപോയ ഉടനെയായിരുന്നു സംഭവം. റെയിൽവേയുടെ പ്രത്യേക സംഘം മരം മുറിച്ചുമാറ്റി ഒരു മണിക്കൂറിനകം ഗതാഗതം പുനഃസ്ഥാപിച്ചു. രണ്ട് ട്രെയിനുകൾ വൈകിയാണ് ഓടിയത്.
ചെറുകുന്ന്: ശക്തമായ മഴയിലും കാറ്റിലും കണ്ണപുരം, ചെറുകുന്ന് മേഖലയിൽ പലസ്ഥലങ്ങളിലും തെങ്ങുകളും മരങ്ങളും വൈദ്യുതി തൂണുകളും കടപുഴകി വീണു. രണ്ടുദിവസമായി പലയിടങ്ങളിലും വൈദ്യുതിയില്ല.
താഴ്ന്ന സ്ഥലങ്ങൾ മുഴുവൻ വെള്ളത്തിനടിയിലായി. ചെറുകുന്ന് കനോസ നഴ്സിങ് കോളജ് വളപ്പിലെ മതിൽ ഇടിഞ്ഞു. മതിലിന് സമീപത്തെ കെട്ടിടത്തിന്റെ അടിഭാഗം അപകടത്തിലാണ്. ഗ്രാമീണ റോഡുകൾ മുഴുവൻ വെള്ളക്കെട്ടിൽപ്പെട്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.