കണ്ണൂർ: കോവിഡ് മരണങ്ങളുടെ കണക്കുകളിലെ അവ്യക്തത പുന:പരിശോധിക്കുന്ന സാഹചര്യത്തിൽ വീണ്ടും ചർച്ചയായി മാഹി സ്വദേശി മഹ്റൂഫിെൻറ മരണം. മാഹി ചെറുകല്ലായി അൽമനാറിൽ മഹ്റൂഫ് കോവിഡ് ബാധിച്ച് മരിച്ച വിവരം കേരളത്തിലെയോ പുതുച്ചേരിയിലെയോ കണക്കുകളിൽ ഉൾപ്പെട്ടിരുന്നില്ല. കോവിഡ് ബാധിച്ച് കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ 2020 ഏപ്രിൽ 11നാണ് മഹ്റൂഫ് മരിച്ചത്. കേന്ദ്രനിർദേശ പ്രകാരം, കോവിഡ് ബാധിച്ച് മരിച്ചയാൾ ചികിത്സയിൽ കഴിഞ്ഞിരുന്ന സ്ഥാപനം ഉൾപ്പെട്ട സ്ഥലത്താണ് മരണം റിപ്പോർട്ട് ചെയ്യേണ്ടത്. അപ്രകാരം കേരളത്തിലായിരുന്നു മഹ്റൂഫിെൻറ മരണവും ഉൾപ്പെേടണ്ടിയിരുന്നത്.
എന്നാൽ, കേരളത്തിെൻറ കണക്കിൽ ഈ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. മാഹി സ്വദേശിയാണെങ്കിലും മരിച്ചത് കേരളത്തിലാണെന്ന കാരണത്താൽ പുതുച്ചേരി സർക്കാറിെൻറ കണക്കിൽനിന്നും മഹ്റൂഫ് പുറത്തായി. ഇതേത്തുടർന്ന് ഇദ്ദേഹത്തിെൻറ ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അന്നത്തെ ആരോഗ്യ മന്ത്രി കെ.കെ. ശൈലജക്കും മുഖ്യമന്ത്രിക്കുമടക്കം നിവേദനവും നൽകിയിരുന്നു. കേരളത്തിൽ നടന്ന മൂന്നാമത്തെ മരണമായിരുന്നു മഹ്റൂഫിേൻറത്. കോവിഡ് മരണക്കണക്ക് കുറച്ചുകാണിക്കുന്നതിെൻറ ഭാഗമായാണ് കണക്കിൽ ഉൾപ്പെടുത്താത്തതെന്ന ആരോപണവും ഉയർന്നിരുന്നു. പുതുച്ചേരിയിൽ അതുവരെ കോവിഡ് മരണമൊന്നും റിപ്പോർട്ട് ചെയ്യാത്തതിനാലാണ് മാഹിയുടെ കണക്കിൽനിന്നും മഹ്റൂഫ് ഒഴിവാക്കപ്പെട്ടതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇരു സർക്കാറുകളുടെയും ഒളിച്ചുകളിയിൽ കോവിഡ് മരണക്കണക്കിൽനിന്ന് മഹ്റൂഫ് പുറത്തായി.
കഴിഞ്ഞവർഷം മാർച്ച് 26നാണ് പനിയെ തുടർന്ന് മഹ്റൂഫിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക്. അവിടെനിന്നാണ് കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഒരാഴ്ച വെൻറിലേറ്ററിൽ കഴിഞ്ഞശേഷമാണ് മരണത്തിന് കീഴടങ്ങിയത്. മൃതദേഹം മാഹിയിലേക്ക് കൊണ്ടുവരാതെ പരിയാരത്ത് തന്നെയാണ് ഖബറടക്കിയത്. മഹ്റൂഫിെൻറ മരണശേഷം മാനസികമായ പല പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നതായി മരുമകനും ആശുപത്രിയിൽ കൂട്ടിരിപ്പുകാരനുമായ നജീബ് വേലിക്കോത്ത് പറഞ്ഞു.
കുറ്റവാളികളോടെന്നപോലെയാണ് അധികൃതരടക്കം പെരുമാറിയത്. 52 ദിവസമാണ് പുറത്തിറങ്ങാനാവാതെ വീട്ടിലിരുന്നത്. ഫയർഫോഴ്സിെൻറ അണുനശീകരണത്തിെൻറ ഭാഗമായി വീട്ടിലെ ഫർണിച്ചറുകളും ഗൃഹോപകരണങ്ങളും നശിച്ചു.
മഹ്റൂഫിെൻറ കോവിഡ് മരണവിവരം കേരളത്തിലും പുതുച്ചേരിയിലും ഉൾപ്പെടുത്താത്തതിനാൽ നിരന്തരം സർക്കാർ ഓഫിസുകൾ കയറിയിറങ്ങിയതായും നജീബ് പറഞ്ഞു. ഒരുതവണ മാഹി റീജനൽ അഡ്മിനിസ്ട്രേറ്ററുടെ ഓഫിസിലേക്ക് ഫോൺവിളിച്ചപ്പോൾ മരണം അവിടെ ഉൾപ്പെടുത്തിയതായി പറഞ്ഞെങ്കിലും ഔദ്യോഗികമായ അറിയിപ്പൊന്നും ലഭിച്ചില്ലെന്നും നജീബ് കൂട്ടിച്ചേർത്തു. കോവിഡ് മരണത്തിെൻറ ഔദ്യോഗിക പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവരുടെ വിവരങ്ങൾ ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന സർക്കാർ നിർദേശം ആശ്വാസത്തോടെയാണ് കുടുംബം കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.