കണ്ണൂർ: റേഷൻ വാതിൽപടി വിതരണ കരാറുകാരുടെ സമരം മൂന്നാഴ്ച പിന്നിട്ടതോടെ ജില്ലയിലെ റേഷൻ കടകൾ കാലിയാവുന്നു. 50 ശതമാനം കാർഡ് ഉടമകൾക്കും ജനുവരിയിലെ റേഷൻ വിതരണം ചെയ്യാൻ ബാക്കിയുള്ളപ്പോൾ 90 ശതമാനത്തിലേറെ കടകളിലും ഭക്ഷ്യവസ്തുക്കളുടെ സ്റ്റോക്ക് ബാക്കിയില്ല.
872 റേഷൻ കടകളാണ് ജില്ലയിൽ ഉള്ളത്. വേതന പരിഷ്കരണം ആവശ്യപ്പെട്ട് 27 മുതൽ റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല പണിമുടക്ക് കൂടിയാവുന്നതോടെ മുൻഗണന കാർഡ് ഉടമകൾക്ക് അടക്കം അരിയും ഗോതമ്പുമെല്ലാം കിട്ടാക്കനിയാവും.
റേഷൻ സാധനങ്ങൾ സ്റ്റോക്ക് ഇല്ലാത്തതിനാൽ കാർഡ് ഉടമകൾ കടകളിലെത്തി മടങ്ങുകയാണ്. ഈ മാസം പൂർത്തിയാവാൻ ഒരാഴ്ച മാത്രമാണ് ബാക്കിയുള്ളത്. കരാറുകാരുടെയും വ്യാപാരികളുടെയും സമരം മുൻനിർത്തി ഈ മാസത്തെ റേഷൻ വിതരണം നീട്ടണമെന്ന ആവശ്യം ശക്തമാണ്.
എഫ്.സി.ഐ ഗോഡൗണുകളിൽനിന്ന് സപ്ലൈകോ സംഭരണ ശാലകളിലേക്കും റേഷന്‍ കടകളിലേക്കും സാധനങ്ങൾ എത്തിക്കുന്നവരുടെ സമരംമൂലം ജനുവരിയിലെ റേഷന്‍ വിഹിതം മിക്കയിടത്തും എത്തിയിരുന്നില്ല. ഡിസംബർ വിഹിതത്തില്‍ ബാക്കിയുള്ളതാണ് ഈ മാസം കുറച്ചുപേർക്കെങ്കിലും വിതരണം ചെയ്തത്.
അതിദരിദ്ര വിഭാഗമായ എ.എ.വൈ (മഞ്ഞ) കാർഡ് ഉടമകൾക്ക് 30 കിലോ അരി, മൂന്ന് കിലോ ഗോതമ്പ് എന്നിവ സൗജന്യം, ഏഴ് രൂപ നിരക്കിൽ രണ്ട് പാക്കറ്റ് ആട്ട എന്നിവയാണ് നൽകുന്നത്. പൊതുവിപണിയിൽ അരി വില വർധിച്ച സാഹചര്യത്തിൽ റേഷൻ സമരം കൂടിയാകുമ്പോൾ മുൻഗണന വിഭാഗങ്ങൾ കടുത്ത പ്രതിസന്ധിയിലാണ്. മാവേലി സ്റ്റോറുകളിലും ആവശ്യത്തിന് സാധനങ്ങളില്ലെന്ന് പരാതിയുണ്ട്. പച്ചക്കറിക്കും വെളിച്ചെണ്ണക്കുമെല്ലാം വില വർധിച്ചതോടെ സാധാരണക്കാരുടെ അവസ്ഥ ദുരിതത്തിലാണ്.
നേരത്തെയും വാതിൽപടി വിതരണക്കാർ സമരം നടത്തിയിരുന്നു. അന്ന് നാലുമാസത്തെ കുടിശ്ശികയാണ് ഉണ്ടായിരുന്നത്. രണ്ടുമാസത്തെ തുക കൈമാറിയെങ്കിലും വീണ്ടും കുടിശ്ശിക നാലു മാസമായതോടെയാണ് സമരം തുടങ്ങിയത്.
സമരത്തെ തുടർന്ന് ഭക്ഷ്യ-പൊതുവിതരണ സംവിധാനം താളംതെറ്റിയ അവസ്ഥയാണ്. വാതിൽപടി വിതരണക്കാരുടെ സമരത്തെ തുടർന്ന് ലോറി, ചുമട്ടു തൊഴിലാളികളും പ്രതിസന്ധിയിലായി. മുഴപ്പിലങ്ങാട്, പയ്യന്നൂര്‍ എഫ്.സി.ഐ ഗോഡൗണുകളുമായി ബന്ധപ്പെട്ട് നൂറോളം ലോറികള്‍ ഓടുന്നുണ്ട്.റേഷൻ കടകൾ കാലിയാവുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.