കണ്ണൂർ: സി.ബി.ഐ, ട്രായ് ഉദ്യോഗസ്ഥരെന്ന വ്യാജേന ഫോൺ വിളിച്ച് ഡോക്ടർ ദമ്പതികളെ കുടുക്കാൻ ശ്രമിച്ച തട്ടിപ്പിനെ കണ്ണൂർ സിറ്റി സൈബർ ക്രൈം പൊലീസിന്റെ ഇടപെടലിലൂടെ പരാജയപ്പെട്ടു. ഡോക്ടർ ദമ്പതികളുടെ പേരിലുള്ള സിം കാർഡ് ഉപയോഗിച്ച് സൈബർ കുറ്റകൃത്യം നടന്നിട്ടുണ്ടെന്നും തുടർന്ന് നടപടികളുടെ ഭാഗമായി ലൈവ് വാട്സ്ആപ് വിഡിയോ കാളിലേക്ക് പ്രവേശിക്കണമെന്നുമായിരുന്നു സന്ദേശം.
വിഡിയോ കാളിലേക്ക് എത്തിയപ്പോൾ എതിർവശത്തുണ്ടായിരുന്ന വ്യക്തി സ്വയം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെന്നാണ് പരിചയപ്പെടുത്തിയത്. തുടർന്ന്, മറ്റൊരാൾ സി.ബി.ഐ ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി സംഭവത്തിൽ നിയമപരമായ അന്വേഷണം നേരിടുകയാണെന്നും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ നൽകണമെന്നും അറിയിച്ചു.
അക്കൗണ്ടിലുള്ള പണം മുഴുവൻ സുപ്രീംകോടതിയുടെ നിരീക്ഷണത്തിലുള്ള പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റിവെക്കണമെന്നും ആവശ്യപ്പെട്ടു. ഭീഷണിയോടെയും മാനസിക സമ്മർദം ചെലുത്തിയുമായിരുന്നു സംഘം സംസാരിച്ചത്. സംശയം തോന്നിയതിനെ തുടർന്ന് ദമ്പതികൾ കണ്ണൂർ സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുകയും ഉദ്യോഗസ്ഥരുടെ നിർദേശങ്ങളനുസരിച്ച് ഇടപെടൽ നടത്തുകയും ചെയ്തു. പണം കൈമാറുന്നതിനു മുമ്പ് തട്ടിപ്പുശ്രമം തടയാനായത് ആശ്വാസകരമായി.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഇത്തരം വ്യാജ ഫോൺ, വിഡിയോ കാളുകളോട് അതിവ ജാഗ്രത പാലിക്കണമെന്ന് സൈബർ പൊലീസ് അറിയിച്ചു. സർക്കാർ ഏജൻസികൾ ഒരിക്കലും വിഡിയോ കാളിലൂടെ ബാങ്ക് വിവരങ്ങളോ ഒ.ടി.പിയോ ആവശ്യപ്പെടില്ല. ഇത്തരം ആവശ്യങ്ങൾ വന്നാൽ ഉടൻ 1930 എന്ന സൈബർ ഹെൽപ്‌ലൈൻ നമ്പറിലോ സമീപത്തെ സ്റ്റേഷനിലോ വിവരം അറിയിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.