കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിന് വഴിയൊരുക്കി കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ യാത്രയയപ്പ് യോഗത്തിൽ നടത്തിയ പ്രസംഗം യാദൃച്ഛികമല്ലെന്ന് പൊലീസ് റിപ്പോർട്ട്. പൊതുവേദിയിൽ എ.ഡി.എമ്മിനെതിരെ സംസാരിക്കാൻ ലക്ഷ്യമിട്ട് തന്നെയാണ് ക്ഷണിക്കാതെ ചടങ്ങിന് എത്തിയതെന്നും ഇതിൽ മനംമടുത്താണ് നവീൻ ബാബു ജീവനൊടുക്കിയതെന്നും റിപ്പോർട്ടിലുണ്ടെന്നാണ് സൂചന.
കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിന്റെ ഇടക്കാല റിപ്പോർട്ട് തലശ്ശേരി സെഷൻസ് കോടതിയിൽ ഇന്ന് സമർപ്പിക്കും. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുന്നോടിയായി കേസ് ഡയറി ഹാജരാക്കണമെന്ന കോടതി നിർദേശം കണക്കിലെടുത്താണ് പൊലീസ് ഇടക്കാല റിപ്പോർട്ട് തയാറാക്കിയത്.
ഒക്ടോബർ 14ന് ഉച്ചക്കുശേഷം എ.ഡി.എമ്മിന് നൽകിയ യാത്രയപ്പ് സ്വകാര്യ ചടങ്ങാണ്. പുറമെനിന്ന് ആരെയും ക്ഷണിച്ചിട്ടില്ലെന്നാണ് ചടങ്ങിൽ പങ്കെടുത്ത കലക്ടറും രണ്ട് ഡെപ്യൂട്ടി കലക്ടർമാരും ഹുസൂർ ശിരസ്താദാറും ഉൾപ്പെടെയുള്ളവർ നൽകിയ മൊഴി. സംഘാടകരായ റവന്യൂ സ്റ്റാഫ് കൗൺസിൽ ഭാരവാഹികളും ഇതുതന്നെയാണ് അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. പരിപാടി തുടങ്ങുന്നതിന് മുമ്പ് ദിവ്യ കലക്ടറുമായി ഫോണിൽ സംസാരിച്ചുവെന്നല്ലാതെ ക്ഷണിച്ചതിന് തെളിവില്ല.
കലക്ടർ ക്ഷണിച്ചിട്ട് പോയെന്ന വാദം കലക്ടറും ജീവനക്കാരും ഒന്നടങ്കം എതിർക്കുന്നു. ദിവ്യയുടെ പ്രസംഗം ചിത്രീകരിക്കാൻ ഏർപ്പാടാക്കിയത്, എല്ലാം നേരത്തേ നിശ്ചയിച്ചുറപ്പിച്ചതിന് തെളിവാണെന്നും റിപ്പോർട്ടിലുണ്ടെന്നാണ് വിവരം. വ്യാഴാഴ്ച രാവിലെ 11ഓടെയാണ് ജാമ്യ ഹരജി പരിഗണിക്കുന്നത്. ജാമ്യം എതിർത്ത് നവീന്റെ കുടുംബവും കേസിൽ കക്ഷി ചേർന്നിട്ടുണ്ട്.
കണ്ണൂർ: മുൻ എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിന് കാരണമായ സംഭവങ്ങളിൽ കലക്ടർ അരുൺ കെ. വിജയനെതിരെ അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ റവന്യൂ മന്ത്രി കെ. രാജന്റെ കണ്ണൂരിലെ ഏതാനും പരിപാടികൾ റദ്ദാക്കി. ആരോപണ വിധേയനായ കലക്ടർക്കെതിരെ റവന്യൂ വകുപ്പുതന്നെ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ വേദി പങ്കിടുന്നതിലെ ധാർമികത മുൻനിർത്തിയാണ് പരിപാടികൾ മാറ്റിയത്.
കലക്ടറേറ്റിൽ വ്യാഴാഴ്ച നിശ്ചയിച്ചിരുന്ന ഭൂമി തരംമാറ്റൽ അദാലത്ത്, ഇരിട്ടി, കൂത്തുപറമ്പ് എന്നിവിടങ്ങളിലെ പട്ടയമേള, ചിറക്കൽ സ്മാർട്ട് വില്ലേജ് ഉദ്ഘാടനം എന്നീ പരിപാടികളാണ് റദ്ദാക്കിയത്. ഈ ചടങ്ങുകളിൽ കലക്ടറും പങ്കെടുക്കേണ്ടതിനാലാണ് ഒഴിവാക്കിയത്. പുതിയ തീയതി നിശ്ചയിട്ടില്ല. അതേസമയം, ഉച്ചക്ക് 2.30ന് മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഡിജിറ്റലൈസേഷൻ പഠന സന്ദർശനത്തിൽ മന്ത്രി പങ്കെടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.