പഴയങ്ങാടി എരിപുരത്ത് പിക്കപ്പ് വാനും കാറുമായി കൂട്ടിയിടിച്ച് തകർന്ന ആംബുലൻസ്
പഴയങ്ങാടി (കണ്ണൂർ): ഷാർജയിൽ മരിച്ച കാസർകോട് ഉദുമ സ്വദേശി സുധീഷിന്‍റെ മൃതദേഹവുമായി കണ്ണൂർ വിമാനത്താവളത്തിൽനിന്ന് പോയ ആംബുലൻസ് അപകടത്തിൽപെട്ടു. പിലാത്തറ - പാപ്പിനിശ്ശേരി റോഡിൽ എരിപുരത്ത് പിക്കപ്പ് വാനും കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ആറുപേർക്ക് പരിക്കേറ്റു.
ഗുരുതര പരിക്കേറ്റ ആംബുലൻസ് ഡ്രൈവർ ശ്രീജിത്തി(35)നെയും പരിക്കേറ്റ പിക്കപ്പ് വാൻ ഡ്രൈവർ ഷെയ്ക്ക് അലി(50), അബ്ദുൽ ഖാദർ(28), രവീന്ദ്രൻ (40), നാരായണൻ(45), ബാബുരാജൻ (46) എന്നിവരെയും പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പഴയങ്ങാടി താലൂക്ക് ആശുപത്രിക്ക് സമീപം വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം.
ഷാർജയിൽ മരിച്ച ഉദുമ സ്വദേശി സുധീഷിന്‍റെ മൃതദേഹം ഇന്ന് പുലർച്ചെ 3.40നാണ് അവിടെനിന്ന് കണ്ണൂരിലേക്ക് കൊണ്ടുവന്നത്. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടം. എതിരെ വരികയായിരുന്ന പിക്കപ്പ് വാനും കാറുമായി കൂട്ടിയിടിച്ച് ആംബുലൻസ് കീഴ്മേൽ മറിഞ്ഞു.
അപകടമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരും പഴയങ്ങാടിയിലെ ചുമട്ട് തൊഴിലാളികളുമാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. ആംബുലൻസ് വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. അപകടത്തിൽപ്പെട്ട ആബുലൻസിലുണ്ടായിരുന്ന മൃതദേഹം മറ്റൊരു ആംബുലൻസിൽ ഉദുമയിലേക്ക് കൊണ്ട് പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.