പഴയങ്ങാടി: കണ്ണപുരം പഞ്ചായത്തിന്റെ 15 വാർഡുകൾ, 14 വാർഡുകളുള്ള ചെറുകുന്ന് പഞ്ചായത്തിലെ 12 വാർഡുകൾ, ഏഴോം പഞ്ചായത്തിന്റെ 15 വാർഡുകളിൽ ഒമ്പത് എണ്ണം, പട്ടുവം പഞ്ചായത്തിന്റെ മുഴുവൻ വാർഡുകൾ എന്നിവയുൾപ്പെടുന്നതാണ് കണ്ണൂർ ജില്ല പഞ്ചായത്ത് ചെറുകുന്ന് ഡിവിഷൻ. പുനർ നിർണയത്തോടെ ചെറുകുന്ന് ഡിവിഷനിൽ ഉൾപ്പെട്ട എല്ലാ ഗ്രാമപഞ്ചായത്തുകളും ഇടതു പഞ്ചായത്തുകളാണ്.
50 വാർഡുകളിൽ പട്ടുവം പഞ്ചായത്തിലെ അഞ്ചും ചെറുകുന്ന് പഞ്ചായത്തിലെ ഒന്നുമുൾപ്പെടെ ആറ് വാർഡുകളിലാണ് യു.ഡി.എഫിന് ആധിപത്യമുള്ളത്. പട്ടുവം ഗ്രാമപഞ്ചായത്തിൽ ഒരു വാർഡ് ബി.ജെ.പിയാണ് വിജയിച്ചതാണ്. ബാക്കി വരുന്ന 43 വാർഡുകളും ഇടതു ശക്തികേന്ദ്രങ്ങളാണ്. 51,960 വോട്ടർമാരാണ് ഇപ്പോൾ ചെറുകുന്ന് ഡിവിഷനിലുള്ളത്. എൽ.ഡി.എഫ് സ്ഥാനാർഥിയായി സി.പി.എമ്മിന്റെ എം.വി. ഷിമയാണ് മത്സരിക്കുന്നത്.
അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ മാടായി ഏരിയ സെക്രട്ടറിയും സി.പി.എം ഏഴോം വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവുമാണ്. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം, കണ്ണൂർ സർവകലാശാല യൂനിയൻ വൈസ് ചെയർപേഴ്സൻ എന്നീ നിലകളിലും പ്രവർത്തിച്ചു.
കോൺഗ്രസിലെ ടി. ഷിജിമോളാണ് യു.ഡി.എഫ് സ്ഥാനാർഥി. മടക്കരയിലെ മഹിള കോൺഗ്രസ് യൂനിറ്റ് പ്രസിഡന്റാണ്. മാട്ടൂൽ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് അംഗമായ ഷിജിമോൾ ആദ്യമായാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. മയ്യിൽ സ്വദേശിനി സാവിത്രിയമ്മ കേശവൻ ബി.ജെ.പി സ്ഥാനാർഥി. ബി.ജെ.പി കണ്ണൂർ നോർത്ത് ജില്ല വൈസ് പ്രസിഡന്റാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.