കരിവെള്ളൂരിൽ വീണ്ടും തെരുവുനായ് വിളയാട്ടം; 16 പേർക്ക് കടിയേറ്റു

പയ്യന്നൂർ: കരിവെള്ളൂർ-പെരളം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ വീണ്ടും തെരുവുനായ്ക്കളുടെ വിളയാട്ടം. കരിവെള്ളൂർ, ഓണക്കുന്ന്, തെക്കേ മണക്കാട്, വടക്കേ മണക്കാട് ഭാഗങ്ങളിലായി ബുധനാഴ്ച രാത്രിയിലും വ്യാഴാഴ്ചയുമായി 16 പേർക്ക് കടിയേറ്റു. കടിയേറ്റവരെ കരിവെള്ളൂർ ഗവ. ആശുപത്രി, ജില്ല ആശുപത്രി, ഗവ. മെഡിക്കൽ കോളജ് ആശുപത്രി, കാഞ്ഞങ്ങാട് ജില്ല ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു.

തെക്കേ മണക്കാട് നാരായണന്റെ ഭാര്യ എം.സി. പത്മിനിക്ക് (63) രാവിലെ പാത്രം കഴുകുന്നതിനിടെ കഴുത്തിനാണ് കടിയേറ്റത്. തുടർന്ന് മനോജ്, വടക്കേ മണക്കാട്ടെ 12 വയസ്സുകാരി അവന്തിക സജിത്ത്, തെക്കേ മണക്കാട്ടെ കൃഷ്ണൻ ഉണിത്തിരി, ടി.വി. തമ്പായി, ലേഖ, ലേഖയുടെ സമീപത്തുള്ള കുട്ടി, പലിയേരി കൊവ്വലിലെ ടി.വി. ജാനകി എന്നിവർക്കും കടിയേറ്റു.

ബുധനാഴ്ച വൈകീട്ട് നായുടെ ആക്രമണത്തിൽ പൊട്ടിച്ചാൽ ഇടയിൽ റിട്ട.അധ്യാപിക എം.ടി. വത്സല, എ.വി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി കുണിയനിലെ പി.കെ. ആദിത്യ, മതിരകോട്ടെ കെ. ഇന്ദിര, ഓണക്കുന്നിലെ എം.വി. ലക്ഷ്മി, കരിവെള്ളൂർ തെരുവിലെ എ.പി. പത്മനാഭൻ, മണക്കാട്ടെ ശ്രീനിവാസൻ, എ. സനീഷ്, റിട്ട.ഹെൽത്ത് ഇൻസ്പെക്ടർ ടി.കെ. സതീശൻ എന്നിവർക്ക് കടിയേറ്റിരുന്നു.

ഒരു മാസം മുമ്പും പ്രദേശങ്ങളിൽ തെരുവുനായ് വിളയാട്ടമുണ്ടായിരുന്നു. അന്ന് ഒമ്പതോളം പേരെ കടിച്ചു. തുടർന്ന് പയ്യന്നൂരിലും നായ് വിളയാട്ടമുണ്ടായി. തെരുവുനായ്ക്കളുടെ തുടരെയുള്ള ആക്രമണത്തിൽ ജനങ്ങൾ ഭീതിയിലാണ്. വളർത്തു മൃഗങ്ങൾക്കു കൂടി കടിയേൽക്കാനുള്ള സാധ്യതയാണ് കൂടുതൽ ഭീതി പരത്തുന്നത്. പയ്യന്നൂരിൽ പരാക്രമം നടത്തിയ നായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചിരുന്നു.

Tags:    
News Summary - stray dog menace again in karivelloor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.