പാപ്പിനിശ്ശേരി-വളപട്ടണം റോഡിലെ ചുങ്കം മുത്തപ്പൻ ക്ഷേത്രത്തിനു സമീപത്തെ ഗതാഗതക്കുരുക്ക്
പാപ്പിനിശ്ശേരി: പുതിയതെരു ദേശീയപാതയിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ അധികൃതർ നടപ്പാക്കിയ ഗതാഗത പരിഷ്കാരങ്ങൾ ഫലം കാണുന്നില്ല. ഏതാനും ആഴ്ചകളായി പാതയിൽ രൂക്ഷമായ വാഹനക്കുരുക്കാണ്. പാപ്പിനിശ്ശേരി മുതൽ വളപട്ടണം ടോൾ പ്ലാസ വരെ കടന്നുകിട്ടാൻ ചില സമയങ്ങളിൽ മണിക്കൂറുകളോളം സമയമെടുക്കും. ഗതാഗത സംവിധാനത്തിലെ പാളിച്ചകൾ ഗതാഗതക്കുരുക്ക് ഏറ്റവും രൂക്ഷമാകുന്നത് ചുങ്കം മുത്തപ്പൻ ക്ഷേത്രത്തിന് സമീപമാണ്.
കണ്ണൂരിൽനിന്ന് തളിപ്പറമ്പ് ഭാഗത്തേക്ക് പോകുന്ന ബസുകളും മറ്റ് വാഹനങ്ങളും പഴയങ്ങാടി ഭാഗത്തുനിന്ന് എത്തുന്ന വാഹനങ്ങളും ഇരുവശത്തേക്കുമായി തിരക്കേറിയ പാപ്പിനിശ്ശേരി-വളപട്ടണം ദേശീയപാതയിലൂടെയാണ് സഞ്ചരിക്കുന്നത്. ഇതാണ് പലപ്പോഴും ഗതാഗതക്കുരുക്കിനാടയാക്കുന്നത്. അപകടങ്ങൾക്കും കുരുക്കിനും കാരണമാകുന്ന കവലകൾ കെ.എസ്.ടി.പി റോഡിൽനിന്ന് കോട്ടൺസ് റോഡ് വഴി ചുങ്കം മുത്തപ്പൻ ക്ഷേത്ര കവലയിലെത്തി ദേശീയപാതയിൽ പ്രവേശിക്കുന്ന ഭാഗത്താണ് കുരുക്കും അപകടങ്ങളും പതിവാകുന്നത്.
പാപ്പിനിശ്ശേരി മുതൽ പുതിയതെരു വരെയുള്ള ഭാഗത്തെ പൊട്ടിപ്പൊളിഞ്ഞ റോഡിന്റെ ദയനീയാവസ്ഥ പരിഹരിക്കുന്നതിൽ ബന്ധപ്പെട്ട വകുപ്പുകൾ കാണിക്കുന്ന അനാസ്ഥയും ജനങ്ങളുടെ പ്രതിഷേധം ക്ഷണിച്ചുവരുത്തുകയാണ്. ഈ ഭാഗത്ത് വാഹനങ്ങൾ നിയന്ത്രിക്കാൻ സ്ഥിരമായ പൊലീസ് സഹായമോ ട്രാഫിക് സിഗ്നൽ സംവിധാനമോ ഇല്ല.
പാപ്പിനിശ്ശേരി ചുങ്കം മുതൽ പുതിയതെരു വരെ പതിറ്റാണ്ടുകളായുള്ള ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ജനപ്രതിനിധിയായ കെ.വി. സുമേഷ് എം.എൽ.എയുടെ നേതൃത്വത്തിൽ മോട്ടോർ വാഹന വകുപ്പും വളപട്ടണം പൊലീസും ചേർന്ന് പരിഷ്കാരങ്ങൾ നടപ്പാക്കിയിരുന്നു. ഫെബ്രുവരി മാസം മുതൽ ഘട്ടംഘട്ടമായാണ് മാറ്റങ്ങൾ പ്രാബല്യത്തിൽ വന്നത്. ആദ്യഘട്ടത്തിൽ പാപ്പിനിശ്ശേരി ദേശീയപാതയിലും കെ.എസ്.ടി.പി. റോഡിലും നടപ്പാക്കിയ പരിഷ്കാരങ്ങൾക്ക് നല്ല സ്വീകാര്യത ലഭിച്ചതിനെ തുടർന്നാണ് പുതിയതെരു ഭാഗത്തും സമാന നടപടികൾ സ്വീകരിച്ചത്. ഇതോടെ ഒരുകാലത്ത് ദേശീയപാതയിൽ സുഖയാത്രാ സൗകര്യം ഉറപ്പാക്കിയതായും ബന്ധപ്പെട്ട അധികൃതർക്ക് പ്രശംസ ലഭിച്ചതായും വിലയിരുത്തലുണ്ടായി. എന്നാൽ, ആ നേട്ടങ്ങൾ ഇപ്പോൾ നഷ്ടമായിരിക്കുകയാണ്.
എവിടെ പോയി ട്രാഫിക് സർക്കിൾ?
ദേശീയപാത 66ലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ദേശീയപാതയിൽനിന്ന് പഴയങ്ങാടിയിലേക്കും തിരിച്ചുമുള്ള പ്രവേശന ഭാഗത്ത് ട്രാഫിക് സർക്കിൾ സ്ഥാപിക്കണമെന്ന നിർദേശം ഉയരുന്നുണ്ട്. ഇതുസംബന്ധിച്ച് നിരവധി പഠനങ്ങളും ശുപാർശകളും ഉണ്ടായിട്ടുണ്ടെങ്കിലും അവയെല്ലാം കടലാസിലൊതുങ്ങി. പുതിയ ദേശീയപാത നവീകരണം പൂര്ത്തിയാകുന്നതോടെ പഴയങ്ങാടി റോഡ് കവലയിൽ വൻ ഗതാഗതക്കുരുക്കുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന ആശങ്കയും ശക്തമാണ്.
സമഗ്ര പരിഷ്കാരം അനിവാര്യം
നിലവിൽ നടപ്പാക്കിയ ഗതാഗത പരിഷ്കാരങ്ങൾ പരാജയപ്പെട്ട സാഹചര്യത്തിൽ, ഭാഗിക പരിഹാരങ്ങൾക്കുപകരം സമഗ്രമായ ഗതാഗത പുനഃസംഘടന അനിവാര്യമാണ്. വാഹനങ്ങളുടെ എണ്ണം ദിനംപ്രതി വർധിക്കുമ്പോൾ അതിനനുസരിച്ച് അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കണം. പുതിയ ദേശീയപാത നിലവിൽ വന്നാലും പാപ്പിനിശ്ശേരി-വളപട്ടണം മേഖലയിലെ കുരുക്ക് സ്വയം ഒഴിവാകില്ല. ദേശീയപാത പുതിയതെരു, കണ്ണൂർ പട്ടണം, തലശ്ശേരി പട്ടണം തുടങ്ങിയ നഗരമേഖലകൾ ഒഴിവാക്കിയാണ് കടന്നുപോകുന്നത്.
അതിനാൽ യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് ബസുകൾ കണ്ണൂർ, തലശ്ശേരി ബസ് സ്റ്റാൻഡുകൾ വഴിയാണ് സഞ്ചരിക്കേണ്ടിവരിക. ഇത്തരം പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ ഭരണാധികാരികളുടെ ഭാഗത്തുനിന്ന് തുറന്ന സമീപനവും ദീർഘദർശിയായ തീരുമാനങ്ങളും ആവശ്യമാണ്. പാപ്പിനിശ്ശേരിക്കും വളപട്ടണത്തിനുമിടയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പഴയങ്ങാടി റോഡ് കവലയിൽ ട്രാഫിക് സർക്കിൾ സ്ഥാപിക്കലും, വളപട്ടണം പാലത്തിന് ബദൽ പാലം നിർമിക്കലും അനിവാര്യമാണ്. വിഷയങ്ങളിൽ അടിയന്തരമായി തീരുമാനമുണ്ടാകുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.