പാട്യം കുടുംബാരോഗ്യ കേന്ദ്രത്തിന് വീണ്ടും എൻ.ക്യു.എ.എസ് അംഗീകാരം
കണ്ണൂർ: ദേശീയ ഗുണനിലവാര പരിശോധനയിൽ വീണ്ടും മികവ് തെളിയിച്ച് പാട്യം കുടുംബാരോഗ്യ കേന്ദ്രം. 97 ശതമാനം മാർക്കോടെ എൻ.ക്യു.എ.എസ് (നാഷനൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ്) പുനരംഗീകാരം. ഇതോടെ എൻ.ക്യു.എ.എസ് ലഭിച്ച ജില്ലയിലെ സ്ഥാപനങ്ങളുടെ എണ്ണം 27 ആയി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സ്ഥാപനങ്ങൾക്ക് എൻ.ക്യു.എ.എസ് ലഭിച്ച ജില്ലയും കണ്ണൂരാണ്.
അംഗീകാരം ലഭിച്ചതോടെ പാട്യം കുടുംബാരോഗ്യ കേന്ദ്രത്തിന് രണ്ട് ലക്ഷം രൂപ വാർഷിക ഇൻസെന്റീവ് ലഭിക്കും. ആശുപത്രി വികസനത്തിന് ഇത് കൂടുതൽ സഹായിക്കും. എൻ.ക്യു.എ.എസ് അംഗീകാരത്തിന് മൂന്നു വർഷ കാലാവധിയാണുള്ളത്. ഇതിനുശേഷം ദേശീയതല സംഘത്തിന്റെ പുനഃപരിശോധന ഉണ്ടാകും. കൂടാതെ വർഷാവർഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും.
ദേശീയ ആരോഗ്യ പരിപാടി, ജനറൽ അഡ്മിനിസ്ട്രേഷൻ, ഒ.പി, ലാബ് എന്നിങ്ങനെ എട്ട് വിഭാഗങ്ങളിലാണ് പരിശോധന നടന്നത്. ഇതിൽ രോഗികൾക്കുള്ള മികച്ച സേവനങ്ങൾ, ഭൗതിക സാഹചര്യം, ജീവനക്കാരുടെ കാര്യക്ഷമത, മരുന്നുകളുടെ ലഭ്യതയും, വിതരണവും, ക്ലിനിക്കൽ സേവനങ്ങൾ, പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ, മാതൃ -ശിശു ആരോഗ്യം, ജീവിത ശൈലി രോഗ നിയന്ത്രണം, പ്രതിരോധ കുത്തിവെപ്പ് സേവനങ്ങൾ തുടങ്ങിയ വിഭാഗങ്ങളെ അടിസ്ഥാനമാക്കി 6,500 ഓളം ചെക്ക് പോയന്റുകൾ വിലയിരുത്തിയാണ് ദേശീയ ഗുണമേന്മ അംഗീകാരം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.