ആറളം ഫാമിൽ തുരുമ്പെടുത്ത് നശിക്കുന്ന ബസുകൾ
ബസുകൾ നന്നാക്കി ആറളം ഫാം ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളുടെ യാത്രക്കായി നൽകണമെന്ന് ആവശ്യം
കേളകം: ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം പട്ടികവർഗ വികസന വകുപ്പിന്റെ ഉടമസ്ഥതയിലുള്ള രണ്ട് ബസുകൾ കട്ടപ്പുറത്ത് തുരുമ്പെടുത്ത് നശിക്കുന്നു. ആറളം ആദിവാസി മേഖലയിലെ ജനങ്ങൾക്ക് പുറംലോകവുമായി ബന്ധപ്പെടാൻ ടി.ആർ.ഡി.എം സൗജന്യമായി ഏർപ്പെടുത്തിയിരുന്ന ബസുകളാണ് വർഷങ്ങളായി ആറളം ഫാമിന്റെ വർക് ഷോപ് പരിസരത്ത് മഴയും വെയിലും കൊണ്ട് തുരുമ്പെടുത്ത് നശിക്കുന്നത്.
ഏക്കറുകൾ പരന്നുകിടക്കുന്ന ആറളം ഫാമിലെ വിവിധ ബ്ലോക്കുകളിൽ പണിയെടുക്കുന്ന തൊഴിലാളികളെ തൊഴിൽ സ്ഥലങ്ങളിൽ എത്തിക്കുന്നതിന് ഈ ബസുകൾ ഉപയോഗിച്ചിരുന്നു. ഫാമിലെ വിവിധ ബ്ലോക്കുകളിൽ നിന്നും വളയഞ്ചാൽ, കീഴ്പ്പള്ളി, കാക്കയങ്ങാട് തുടങ്ങിയ സ്ഥലങ്ങളിലേക്കും തിരിച്ചും ആളുകളെ കൊണ്ടുപോകാനും ഉപയോഗിച്ചിരുന്ന ഈ ബസുകൾ വർക്ഷോപ്പിൽ കിടന്ന് നശിക്കുകയാണ്. ടി.ആർ.ഡി.എം ഉദ്യോഗസ്ഥരുടെ അനാസ്ഥ അവസാനിപ്പിച്ച് ബസുകൾ നശിക്കുന്നത് തടയണമെന്ന ആവശ്യം ശക്തമാണ്.
ഈ ബസുകൾ നന്നാക്കി ആറളം ഫാം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പുനരധിവാസ മേഖലയിൽ താമസിക്കുന്ന പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികളുടെ യാത്രക്കായി നൽകണമെന്ന് പി.ടി.എ പ്രസിഡന്റ് കെ.ബി. ഉത്തമൻ ആവശ്യപ്പെട്ടു. നിലവിൽ ഒന്നുമുതൽ 10 വരെ ക്ലാസുകളിലെ കുട്ടികൾക്കു മാത്രമാണ് ഗോത്രസാരഥി പദ്ധതിയുടെ ഗുണം കിട്ടുന്നത്. കട്ടപ്പുറത്തായ ബസുകൾ നന്നാക്കി സ്കൂളിന് നൽകിയാൽ ഹയർ സെക്കൻഡറി വിഭാഗത്തിലെ വിദ്യാർഥികൾക്ക് ആനഭയം ഇല്ലാതെ സ്കൂളിൽ വരുകയും തിരിച്ചുപോവുകയും ചെയ്യാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.