മലയോരത്ത് വികസനത്തിന് 'നോ പെർമിറ്റ്'; പ്രഖ്യാപിച്ചതിൽ മിക്കതും യാഥാർഥ്യമായില്ല

ശ്രീകണ്ഠപുരം: മലയോരത്തിനായി സർക്കാർ വർഷങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ച പദ്ധതികൾ ഇപ്പോഴും നിരാശ പട്ടികയിൽത്തന്നെ. നാലു പ്രധാന പദ്ധതികളാണ് കടലാസിലൊതുങ്ങിയത്. കിഴക്കൻ മലയോര മേഖലയുടെ മുഖ്യസിരാകേന്ദ്രമായ ശ്രീകണ്ഠപുരം നഗരസഭയായി മാറിയിട്ടും വലിയ വികസനങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇരിക്കൂർ മണ്ഡലത്തിന്‍റെ കേന്ദ്രം കൂടിയാണിത്.

ക്ഷീര വികസന പരിശീലന കേന്ദ്രവും വന്നില്ല

കെ.സി. ജോസഫ് ക്ഷീര വികസന മന്ത്രിയായിരുന്നപ്പോഴാണ് കർഷക പ്രാധാന്യം പരിഗണിച്ച് ശ്രീകണ്ഠപുരത്ത് ക്ഷീര വികസന പരിശീലന കേന്ദ്രം അനുവദിച്ചത്.കൊട്ടൂർ വയലിൽ നഗരസഭയുടെ കീഴിലുള്ള അരയേക്കർ ഭൂമി വിട്ടുനൽകാമെന്ന് അന്ന് നഗരസഭ അറിയിക്കുകയും ചെയ്തു. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ക്ഷീര വകുപ്പ് ജീവനക്കാർക്കും കർഷകർക്കും പരിശീലനം നൽകാനുള്ള കേന്ദ്രമാണ് അനുവദിച്ചിരുന്നത്. എന്നാൽ പ്രസ്തുത സ്ഥലം മുമ്പ് മാലിന്യ സംസ്കരണ യൂനിറ്റിന് വേണ്ടി വിലയ്ക്കെടുത്തതാണെന്നും ഒരു ഉദ്ദേശത്തിന് വാങ്ങിയ സ്ഥലം മറ്റൊരു ആവശ്യത്തിന് നൽകുന്നതിന് തടസമുണ്ടെന്നുമുള്ള

സാങ്കേതിക പ്രശ്നം ഇതിന് തിരിച്ചടിയായി. സർക്കാറിന്റെ പ്രത്യേക ഉത്തരവ് പ്രകാരം കുരുക്കഴിക്കാൻ കഴിയുമെങ്കിലും അതിന് നീക്കമുണ്ടായിട്ടില്ല.

കോടതികളും കാണാമറയത്തേക്ക്

ശ്രീകണ്ഠപുരത്ത് മുൻസിഫ് - മജിസ്‌ട്രേറ്റ് കോടതികൾ അനുവദിച്ചത് 1981 ലാണ്‌. മുൻഗണനാക്രമം അനുസരിച്ച് കോടതി ആരംഭിക്കുമെന്നാണ് സർക്കാർ പറഞ്ഞിരുന്നത്. 81 ൽ പട്ടികയിൽ 21ാം സ്ഥാനത്തായിരുന്നു ശ്രീകണ്ഠപുരം . 41 വർഷമായിട്ടും ഇപ്പോഴും 13ാം സ്ഥാനത്ത് നിന്ന് താഴേക്ക് നീങ്ങിയിട്ടില്ലെന്നാണറിയുന്നത്. മുൻഗണനാ പട്ടിക മറികടന്ന് ദേവികുളത്തും കരുനാഗപ്പള്ളിയിലും കോടതികൾ ആരംഭിച്ചിട്ടും ശ്രീകണ്ഠപുരം തഴയപ്പെട്ടു.

പിന്നീട് സംസ്ഥാനത്ത് 15 താലൂക്കുകൾ പുതുതായി വന്നതിനാൽ കോടതികൾ അവിടങ്ങളിലാണ് മുൻഗണനയോടെ അനുവദിക്കുകയെന്ന തീരുമാനവും വന്നു.നഗരസഭയാകും മുമ്പ് ഇവിടെ അനുവദിക്കപ്പെട്ട ഗ്രാമീണ ന്യായാലയം ഇരിക്കൂർ പഞ്ചായത്തിലേക്കും പോയി. കേസുകൾ വർധിച്ചിട്ടും മാറി വരുന്ന സർക്കാരുകൾ മലയോര പ്രാധാന്യമറിഞ്ഞ് കോടതി യാഥാർത്ഥ്യമാക്കാൻ താൽപര്യം കാട്ടാത്ത സ്ഥിതിയാണ്. ശ്രീകണ്ഠപുരം കോടതി യാഥാർത്ഥ്യമായാൽ മലയോര മേഖലയിലുള്ളവർക്ക് തളിപ്പറമ്പിലും കണ്ണൂരിലും കേസുകൾക്കായി പോകേണ്ടി വരില്ല.

അഗ്നിരക്ഷ നിലയം എവിടെ?

യു.ഡി.എഫ് ഭരണകാലത്താണ് ശ്രീകണ്ഠപുരത്ത് അഗ്നിരക്ഷ നിലയം അനുവദിച്ചത്. ബജറ്റിൽ പ്രഖ്യാപിച്ചെങ്കിലും വന്നില്ല. ഇടതുസർക്കാർ വന്നപ്പോഴും ബജറ്റിൽ പരിഗണന പദ്ധതിയിൽ െവച്ചു. ശ്രീകണ്ഠപുരത്തും മലമടക്കുഗ്രാമങ്ങളിലും ദുരന്തങ്ങളുണ്ടായാൽ ഏറെക്കാലമായി കിലോമീറ്റർ അകലെയുള്ള തളിപ്പറമ്പിൽനിന്നോ മട്ടന്നൂർ, കണ്ണൂർ ഭാഗങ്ങളിൽനിന്നോ അഗ്നിരക്ഷ സേന വരേണ്ട ഗതികേടാണ്. ഇത്തവണ നിടിയേങ്ങ കലാഗ്രാമത്തിനടുത്ത് തുടർച്ചയായി മൂന്നു ദിവസം തീപിടിച്ചപ്പോഴും അഗ്നിരക്ഷ നിലയമില്ലാത്തതിന്‍റെ ദുരിതം വീണ്ടും കണ്ടതാണ്. എന്നിട്ടും അധികൃതർ കണ്ണു തുറന്നിട്ടില്ല.

വേണം, സിവിൽ സ്റ്റേഷനും

നിലവിൽ ടൗണിൽനിന്ന് ഏറെ മാറി ദാഹജലം പോലും കിട്ടാത്ത, യാത്ര ദുരിതമുള്ളിടത്താണ് സബ് രജിസ്ട്രാർ ഓഫിസ്. സബ്ട്രഷറി ഓഫിസാണെങ്കിൽ വെള്ളം കയറുന്ന കോട്ടൂർ തുമ്പേനിയിലാണ് സ്ഥാപിക്കാൻ പോകുന്നത്. പ്രളയം വന്നാൽ സബ്ട്രഷറിയിലെ രേഖകളും പണവും ഒലിച്ചു പോകും. വയോജനങ്ങൾക്ക് എത്തിപ്പെടാനും ഏറെ ദുരിതം സഹിക്കണം.ശ്രീകണ്ഠപുരം എക്സൈസ് ഓഫിസിനും സ്വന്തം കെട്ടിടമില്ല. ബസ്സ്റ്റാൻഡിനു സമീപം തന്നെ വലിയ സിവിൽ സറ്റേഷൻ കെട്ടിടമൊരുക്കിയാൽ കൃഷിഭവനും വില്ലേജാഫിസുമടക്കം മുഴുവൻ സർക്കാരാഫിസുകളും ഒരിടത്തു തന്നെ പ്രവർത്തിപ്പിക്കാനും ജനങ്ങളുടെ ദുരിതം കുറയ്ക്കാനും കഴിയും.കൂട്ടുംമുഖത്ത് ഒരു സി.എച്ച് .സി യുണ്ടെങ്കിലും നഗരത്തിൽ നിന്നും ഏറെ മാറി ഉൾപ്രദേശത്തായതിനാൽ ജനങ്ങൾക്ക് ഗുണം ലഭിക്കുന്നില്ല.

ശ്രീകണ്ഠപുരം ടൗൺ പരിസരത്തു തന്നെ കിടത്തി ചികിത്സയുള്ള താലൂക്ക് നിലവാരമുള്ള മികച്ച സർക്കാർ ആശുപത്രി വേണമെന്ന ആവശ്യവും ശക്തമാണ്. അതും എന്ന് യാഥാർത്ഥ്യമാവുമെന്ന് കണ്ടറിയണം. നിരവധി കായിക താരങ്ങളെ സംഭാവന ചെയ്തിട്ടും മലയോര മണ്ണിൽ മികച്ച ഒരു കളിക്കളം പോലും ഒരുക്കിയിട്ടില്ല.

ടൗൺ സ്ക്വയറിന് ഉടക്ക് വച്ചത് പൊതുമരാമത്ത് വകുപ്പ്

പൊതു പരിപാടികൾ നടത്താൻ സ്ഥലപരിമിതി നേരിടുന്ന നഗരമാണ് ശ്രീകണ്ഠപുരം. രാഷ്ട്രീയ പാർട്ടികളുടെയും മറ്റും വൻ പൊതുയോഗങ്ങൾ നടത്താൻ പോലും ബസ് സ്റ്റാന്റ് മാത്രമാണ് ആശ്രയം.ഇതിന് പരിഹാരമായാണ് കോട്ടൂർ പുഴയ്ക്കരയ്ക്കും ബസ് സ്റ്റാന്റിനും ഇടയിലുള്ള സ്ഥലത്ത് ടൗൺ സ്ക്വയർ നിർമ്മിക്കാൻ അന്നത്തെ എം.എൽ.എ കെ.സി.ജോസഫിൻ്റെ എം.എൽ.എ ഫണ്ടിൽനിന്ന് 50 ലക്ഷം രൂപ അനുവദിച്ചത്. ഡി.ടി.പി.സി.യുടെ ടെയ്ക്ക് എ ബ്രേയ്ക്ക് വഴിയോര വിശ്രമകേന്ദ്രം നിർമ്മിച്ച സ്ഥലത്തിന്റെ ബാക്കി സ്ഥലത്താണ് ടൗൺ സ്ക്വയർ സ്ഥാപിക്കാൻ നഗരസഭ സ്ഥലം കണ്ടെത്തിയത്.

എന്നാൽ, സ്ഥലം വിട്ടുകൊടുക്കാൻ പൊതുമരാമത്ത് വകുപ്പ് തയ്യാറായില്ല. തങ്ങളുടെ കൈവശമുള്ള പുറമ്പോക്ക് ഭൂമിയാണ് ഇതെന്നാണ് വകുപ്പിന്റെ വാദം. അപേക്ഷ നിരസിച്ചു നഗരസഭയ്ക്ക് കത്ത് നൽകിയതോടെ ആ പ്രതീക്ഷ അസ്തമിച്ചു.

ഈ സ്ഥലം നിലവിൽ ഓട്ടോ ടാക്സി - പിക്കപ്പ് സ്റ്റാൻഡായി ഉപയോഗിക്കുന്നുണ്ട് . ടൗണിൽ മറ്റൊരു സ്ഥലം ലഭിക്കാത്തതിനാൽ ഇനി ടൗൺ സ്‌ക്വയർ നടപ്പിലാകാൻ ഏറെ പ്രയാസമുണ്ട്. ഇവിടെ നിർമ്മിച്ച ടേക്ക് എ ബ്രേക്ക് പദ്ധതിയാണെങ്കിൽ പിറവിയിലേ ചരമമടയുകയും ചെയ്തു. വൻ അഴിമതി ഉയർന്നതോടെ വിജിലൻസ് പരിശോധനയും ഉണ്ടായി.

Tags:    
News Summary - No permit for development in hillside

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.